Sorry, you need to enable JavaScript to visit this website.

കോടതി ഉത്തരവ്; നിയമനടപടി തുടരുമെന്ന് ജോസ് കെ.മാണി

കോട്ടയം- തന്നെ കേരള കോൺഗ്രസ് ചെയർമാനായി തെരഞ്ഞെടുത്തത് തടഞ്ഞുകൊണ്ടുള്ള തൊടുപുഴ മുൻസിഫ് കോടതി പുറപ്പെടുവിച്ച വിധിയുടെ വിശദാംശങ്ങൾ ലഭ്യമായാൽ ഉടൻ നിയമവിദഗ്ദരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് ജോസ് കെ.മാണി. അതേ സമയം പ്രതിച്ഛായ വാരികയിൽ ജോസഫിനെ പരിഹസിച്ചു വന്ന ലേഖനത്തെചൊല്ലി കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങളും തമ്മിലുളള വാക്‌പോര് രൂക്ഷമായി.
പ്രതിച്ഛായയിൽ പി.ജെ.ജോസഫിനെതിരെ വിമർശനമുയർത്തിയ ലേഖനത്തെയും എഡിറ്റോറിയൽ ബോർഡിനെയും രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് ജോസഫ് വിഭാഗം രംഗത്ത് എത്തിയത്. പി.ജെ.ജോസഫ് പാർട്ടി വളർത്താൻ ശ്രമിച്ചിട്ടില്ലെന്നും കൂടെ നിൽക്കുന്നവരെ കൈവിടുന്നതാണ് ശീലമെന്നും പ്രതിച്ഛായ ലേഖനം പശുവളർത്തലും കൃഷിയുമാണ് ഗ്രൂപ്പ് യോഗങ്ങളിലെ പ്രധാന അജണ്ടയെന്ന് പരിഹസിച്ചിരുന്നു. പാർട്ടി യോഗങ്ങളിലും കാർഷിക വികസനത്തെപ്പറ്റിയും ക്ഷീര വികസനത്തെപ്പറ്റിയും പ്രസംഗിക്കുന്നതെങ്കിൽ പി.ജെ.ജോസഫ് കർഷക ലക്ഷങ്ങളുടെ അഭിമാനമാണന്ന് ജോസഫ് വിഭാഗം തിരിച്ചടിച്ചു. എൽ.ഡി.എഫുമായി ചേർന്ന് യു.ഡി.എഫിനെ പിളർത്താൻ ശ്രമിച്ച പത്രമാണ് പ്രതിച്ഛായയെന്നും ജോസഫ് വിഭാഗം കോട്ടയം ജില്ലാ സെക്രട്ടറി സജി മഞ്ഞക്കടമ്പൻ ആരോപിക്കുന്നു.

പ്രതിച്ഛായ വാരികയിൽ വന്ന ലേഖനത്തെ ചൊല്ലി  കേരള കോൺഗ്രസ് എം പാർട്ടിയെ ആക്ഷേപിക്കുന്ന സജി മഞ്ഞക്കടമ്പൻ കഥയറിയാതെ ആട്ടം കാണുന്ന പ്രസ്താവന തൊഴിലാളിയായി അധപ്പതിച്ചതിൽ ദുഃഖമുണ്ടെന്ന് കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ജോസഫ് ചാമക്കാല പറഞ്ഞു. ജോസഫ് എന്ന രാഷ്ട്രീയ നേതാവിന്റെ  യഥാർത്ഥ മുഖം വെളിവാക്കുന്നതാണ് പ്രതിച്ഛായയിലെ ലേഖനം. സ്ഥാനത്തും അസ്ഥാനത്തും കർഷക സ്‌നേഹിയാണെന്ന നാട്യം പറയുന്ന ജോസഫിന്റെ കാപട്യം തുറന്നു കാണിച്ചതിന് അസഹിഷ്ണുത കൊണ്ടിട്ട് കാര്യമില്ല. അതിനു ഉത്തമ ഉദാഹരണമാണ് ഏറ്റവും വലിയ കർഷക പാർട്ടിയായ കേരള കോൺഗ്രസ് പാർട്ടിയെ ദുർബലപ്പെടുത്താനുള്ള ജോസഫിന്റെ നീക്കം. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന സർക്കാരുകളുടെ കർഷകവിരുദ്ധ ജനദ്രോഹ നയങ്ങൾക്കെതിരെ യോജിച്ച ജനമുന്നേറ്റത്തിന് ഒരുമിച്ച് പ്രവർത്തിക്കേണ്ട സാഹചര്യത്തിൽ കർഷകജനതയുടെ സമരപോരാട്ടങ്ങളെ ദുർബലപ്പെടുത്താൻ കേരള കോൺഗ്രസിലും യു.ഡി.എഫിലും അന്തചിദ്രം ഉണ്ടാക്കി കർഷകരുടെ പ്രതിഷേധ സ്വരം അവഗണിക്കാനാണ് ജോസഫ് പരിശ്രമിക്കുന്നത്. അതിന് ഓശാന പാടുന്ന നയമാണ് മാണി ഗ്രൂപ്പിന്റെ ചെല്ലും ചെലവിലും വളർന്ന സജി മഞ്ഞക്കടമ്പൻ ചെയ്യുന്നതെന്നും ജോസഫ് ചാമക്കാല പറഞ്ഞു. ജോസഫിന് സ്തുതി പാടുന്ന സജി മഞ്ഞക്കടമ്പിൽ തന്റെ രാഷ്ട്രീയ ജീവിതം കേരള കോൺഗ്രസിന്റെയും കെ.എം.മാണിയുടെയും ഔദാര്യം ആണെന്ന സത്യം ബോധപൂർവം മറക്കുകയാണെന്നും ചാമക്കാല പറഞ്ഞു.
ചെയർമാൻ എന്ന നിലയിൽ തന്നിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങളുടെ വിനിയോഗത്തിൽ ചിലത് മാത്രം പരിമിതപ്പെടുത്തുന്നതാണ് തൊടുപുഴ കോടതിയുടെ ഉത്തരവെന്ന് ജോസ് കെ.മാണി പറഞ്ഞു. പാർട്ടി പ്രവർത്തകരുടെ മേൽ അച്ചടക്ക നടപടി സ്വീകരിക്കുന്നത് പോലെയുള്ള ചില പ്രത്യേക കാര്യങ്ങളിൽ മാത്രമാണ് ഇത് ബാധകമാകുന്നത് എന്നതുകൊണ്ടു തന്നെ ചെയർമാൻ എന്ന നിലയിലുള്ള പ്രവർത്തനങ്ങളെ ഇത് ബാധിക്കില്ല. കേരളാ കോൺഗ്രസ് (എം) ന്റെ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ചേർന്ന് പാർട്ടി ഭരണഘടന അനുസരിച്ച് നടത്തിയ ചെയർമാൻ തെരെഞ്ഞെടുപ്പിനെ ഒരു തരത്തിലും ബാധിക്കുന്നതല്ല കോടതിയുടെ വിധി. സാധാരണഗതിയിൽ രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ടുള്ള ഇത്തരം കാര്യങ്ങളിൽ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളാണ് ആദ്യന്തികമായി ബാധകമാകുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണ് ഈ വിഷയങ്ങൾ എന്നതുകൊണ്ട് തന്നെ കമ്മീഷന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ജോസ് കെ.മാണി പറഞ്ഞു.  


 

Latest News