Sorry, you need to enable JavaScript to visit this website.

പുതിയ കിസ്‌വ  ഇന്ന് കൈമാറും

മക്ക - വിശുദ്ധ കഅ്ബാലയത്തെ അണിയിക്കുന്നതിനുള്ള പുതിയ കിസ്‌വ ഇന്ന് കൈമാറും. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരനാണ് കഅ്ബാലയത്തിന്റെ താക്കോൽ സൂക്ഷിപ്പ് ചുമതലയുള്ള അൽശൈബി കുടുംബത്തിലെ കാരണവർ ഡോ. സ്വാലിഹ് അൽശൈബിക്ക് പുതിയ കിസ്‌വ കൈമാറുക. നിർമാണം പൂർത്തിയായ കിസ്‌വ ദിവസങ്ങൾക്കു മുമ്പ് ഹറംകാര്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്തിയിരുന്നു. 
തീർഥാടക ലക്ഷങ്ങൾ അറഫയിൽ സംഗമിക്കുന്ന ദുൽഹജ് ഒമ്പതിന് കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കും. പ്രകൃതിദത്തമായ പട്ടിൽ നിർമിക്കുന്ന കിസ്‌വക്ക് രണ്ട് കോടിയിലേറെ റിയാലാണ് ചെലവ്. കിസ്‌വയുടെ ഉയരം 14 മീറ്ററാണ്. മുകളിൽനിന്നുള്ള മൂന്നിലൊന്ന് ഭാഗത്ത് 95 സെന്റിമീറ്റർ വീതിയുള്ള ബെൽറ്റുണ്ട്. ചതുരാകൃതിയിലുള്ള 16 ഇസ്‌ലാമിക് കാലിഗ്രഫി കഷ്ണങ്ങൾ അടങ്ങിയ ബെൽറ്റിന്റെ ആകെ നീളം 47 മീറ്ററാണ്. കിസ്‌വയുടെ ഉൾവശത്ത് വെളുത്ത കട്ടി കൂടിയ കോട്ടൻ തുണിയുണ്ടാകും. 
ആകെ അഞ്ചു കഷ്ണങ്ങൾ അടങ്ങിയതാണ് കിസ്‌വ. കഅ്ബാലയത്തിന്റെ ഓരോ ഭാഗത്തുമായി ഓരോ കഷ്ണങ്ങൾ തൂക്കും. അഞ്ചാമത്തെ കഷ്ണം വാതിലിനു മുന്നിൽ തൂക്കുന്ന കർട്ടനാണ്. ഇവ പിന്നീട് പരസ്പരം തുന്നിച്ചേർക്കുകയാണ് ചെയ്യുക. 700 കിലോ പട്ടും 120 കിലോ വെള്ളി, സ്വർണ നൂലുകളും ഉപയോഗിച്ചാണ് കിസ്‌വ നിർമിക്കുന്നത്. ഒരു കിസ്‌വ നിർമിക്കുന്നതിന് എട്ടു മുതൽ ഒമ്പതു മാസം വരെ എടുക്കും. ഹജ് തീർഥാടകരുടെ തിരക്ക് ആരംഭിച്ചതോടെ കിസ്‌വ ഉയർത്തിക്കെട്ടിയിട്ടുണ്ട്. കിസ്‌വ ഫാക്ടറിയിലെ വിവിധ വിഭാഗങ്ങളിലായി 200 ലേറെ സൗദികൾ ജോലി ചെയ്യുന്നുണ്ട്. 

 

Latest News