Sorry, you need to enable JavaScript to visit this website.

റിയാദിൽ ഫാർമസികൾക്ക് 21 ലക്ഷം റിയാൽ പിഴ

റിയാദ് - തലസ്ഥാന നഗരിയിൽ പ്രവർത്തിക്കുന്ന ഒമ്പതു ഫാർമസികൾക്കും മരുന്ന് മൊത്ത വിതരണ സ്ഥാപനങ്ങൾക്കും റിയാദ് ആരോഗ്യ വകുപ്പ് 21,20,000 റിയാൽ പിഴ ചുമത്തി. ശവ്വാൽ മാസത്തിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനകൾക്കിടെയാണ് ഈ സ്ഥാപനങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തിയത്. ആരോഗ്യ മേഖലാ സ്ഥാപനങ്ങളിൽ പരിശോധനകൾ തുടരുമെന്നും രോഗികൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണമേന്മയെ ബാധിക്കുന്ന നിയമ ലംഘനങ്ങളിൽ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും റിയാദ് ആരോഗ്യ വകുപ്പ് പറഞ്ഞു. 
ആരോഗ്യ സ്ഥാപനങ്ങൾക്കെതിരെ ഉപയോക്താക്കളിൽനിന്ന് ലഭിക്കുന്ന പരാതികളിൽ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കുന്നുണ്ട്. ആരോഗ്യ സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകളിലും അന്വേഷണം നടത്തുന്നുണ്ട്. പരാതികളിലും റിപ്പോർട്ടുകളിലും അന്വേഷണങ്ങൾ നടത്തുന്നതിന് പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കുന്നുണ്ട്. അന്വേഷണ റിപ്പോർട്ടുകൾ സുതാര്യമായി പരസ്യപ്പെടുത്തും. ആരോഗ്യ സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെക്കുറിച്ച് വിവരം നൽകി എല്ലാവരും സഹകരിക്കണമെന്നും റിയാദ് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. 

 

Latest News