Sorry, you need to enable JavaScript to visit this website.

വ്യാജ ബലി കൂപ്പൺ വിൽപന അവസാനിപ്പിക്കണമെന്ന് ഗവർണർ

റിയാദ് - വ്യാജ ബലി കൂപ്പൺ വിൽപന മേഖലയിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ഹജ് സുരക്ഷാ സേനാ കമാണ്ടർക്കും മക്ക പ്രവിശ്യ പോലീസ് മേധാവിക്കും മക്ക പ്രവിശ്യ ജനറൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് മേധാവിക്കും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി ചെയർമാനുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ നിർദേശം നൽകി. ബലി മാംസം പ്രയോജനപ്പെടുത്തുന്നതിനുള്ള സൗദി അറേബ്യയുടെ പദ്ധതിക്കു കീഴിലെ ബലി കൂപ്പണുകൾ ഒഴികെ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കീഴിലുള്ള ബലി കൂപ്പണുകൾ വിപണനം നടത്തുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. 
ബലി മാംസം പ്രയോജനപ്പെടുത്തുന്നതിനുള്ള സൗദി അറേബ്യയുടെ പദ്ധതി നടപ്പാക്കുന്ന ചുമതല ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് ഗ്രൂപ്പിനാണ്. മന്ത്രിസഭാ തീരുമാന പ്രകാരം ഈ പദ്ധതിക്കു കീഴിലെ ബലി കൂപ്പണുകൾ മാത്രം പുറത്തിറക്കുന്നതിനും വിൽപന നടത്തുന്നതിനുമാണ് അനുമതിയുള്ളത്. വ്യാജ ബലി കൂപ്പണുകൾ സൗദി അറേബ്യക്ക് അപകീർത്തിയുണ്ടാക്കുകയാണെന്ന് ഖാലിദ് അൽഫൈസൽ രാജകുമാരൻ പറഞ്ഞു. 
ബലി മാംസം പ്രയോജനപ്പെടുത്തുന്നതിനുള്ള സൗദി അറേബ്യയുടെ പദ്ധതിയുമായി സഹകരിക്കുന്നതിന് ആഭ്യന്തര, വിദേശ ഹജ് തീർഥാടകരെ പ്രേരിപ്പിക്കുന്നതിനും ഹാജിമാർക്കിടയിൽ വ്യാജ ബലി കൂപ്പൺ വിൽപന തടയുന്നതിനും ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുകളെ അറിയിക്കുന്നതിന് സുരക്ഷാ വകുപ്പുകൾക്ക് മക്ക ഗവർണർ നിർദേശം നൽകി. പ്രത്യേക തിരിച്ചറിയൽ കാർഡ് തൂക്കിയ, ബലി മാംസം പ്രയോജനപ്പെടുത്തുന്നതിനുള്ള സൗദി അറേബ്യയുടെ പദ്ധതിയുമായി കരാർ ഒപ്പുവെച്ച സ്ഥാപനങ്ങളിലെയും പദ്ധതിക്കു കീഴിലെയും പ്രതിനിധികളെ കൂപ്പൺ വിൽപനക്കായി തീർഥാടകരുടെ താമസസ്ഥലങ്ങളിലും തമ്പുകളിലും പ്രവേശിക്കുന്നതിന് അനുവദിക്കണമെന്നും നിർദേശമുണ്ട്. 
 

Latest News