കണ്ണൂർ- ചെഗുവേരയുടെ മകൾ ഡോ.അലൈഡ ചെഗുവേരയെ സന്ദർശിച്ച് ഉപഹാരം നൽകി ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം സി.കെ. പത്മനാഭൻ രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചു. കണ്ണൂരിൽ നടന്ന ക്യൂബൻ ഐക്യദാർഢ്യ ദിനാചരണ ഭാഗമായി സി.പി.എം പോഷക സംഘടനകൾ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ അലൈഡയെ കഴിഞ്ഞ ദിവസം കണ്ണൂർ ഗസ്റ്റ് ഹൗസിൽ ചെന്നാണ് സി.കെ.പി സന്ദർശിച്ചതും ഉപഹാരം കൈമാറിയതും. ഇത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി.
സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ഗസ്റ്റ് ഹൗസിലെത്തിയ സി.കെ.പിയെ എം.എ. ബേബി, അലൈഡയ്ക്കു പരിചയപ്പെടുത്തി. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ മുൻ സംസ്ഥാന പ്രസിഡന്റും ഇപ്പോൾ ദേശീയ നിർവാഹക സമിതി അംഗവുമാണ് സി.കെ. പത്മനാഭൻ എന്നായിരുന്നു ബേബിയുടെ പരിചയപ്പെടുത്തൽ. ഇത് കേട്ടപ്പോൾ അലൈഡ എഴുന്നേറ്റ് നിന്ന് ഹസ്തദാനം നൽകി സി.കെ.പിയെ സ്വീകരിച്ചു.
പിന്നീട് അൽപ സമയത്തെ സംഭാഷണങ്ങൾക്കു ശേഷം ഒരു ചെറിയ ഉപഹാരം സ്വീകരിക്കണമെന്ന് സി.കെ.പി അഭ്യർഥിച്ചു. തുടർന്നാണ് ഒപ്പമുണ്ടായിരുന്ന ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം സുധീർ ബാബുവിന്റെ കൈയിൽനിന്നും ഗീതോപദേശത്തിന്റെ പിത്തളയിൽ കൊത്തിയ ശിൽപ്പം വാങ്ങി അലൈഡയ്ക്കു സമ്മാനിച്ചത്. ഇത് ഭാരത സംസ്‌കാരത്തിന്റെ പ്രതീകമാണെന്നും സി.കെ.പി പറഞ്ഞു.
ഇക്കാര്യം എം.എ. ബേബിയും വിശദീകരിച്ചു.
ഉപഹാരം സ്വീകരിച്ച് നന്ദി പറഞ്ഞ അലൈഡ, ഇത് അമൂല്യമായ ഉപഹാരമാണെന്നും പ്രത്യേകം പായ്ക്കു ചെയ്ത് ക്യൂബയിലേക്കു കൊണ്ടുപോകാനുള്ള ബാഗിൽ വെയ്ക്കണമെന്ന് ഒപ്പമുണ്ടായിരുന്ന ചിന്താ ജെറോമിനോട് പറഞ്ഞു. താൻ എപ്പോഴും ആദരവോടെ കണ്ടിരുന്ന വിപ്ലവ നായകൻ ചെഗുവേരയുടെ മകളെ സന്ദർശിക്കാനും സംസാരിക്കാനും സാധിച്ചത് തന്റെ ഭാഗ്യമാണെന്നാണ് പിരിയും മുമ്പ് സി.കെ.പി പറഞ്ഞത്.
മുമ്പ് ചെഗുവേരയെ വിമർശിച്ച ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.എൻ. രാധാകൃഷ്ണനെതിരെ സി.കെ.പി പരസ്യമായി രംഗത്തു വന്നിരുന്നു. ചെഗുവേരയെക്കുറിച്ച് മനസ്സിലാക്കാത്തവരാണ് ഇത്തരത്തിൽ അഭിപ്രായ പ്രകടനം നടത്തുന്നതെന്നും അദ്ദേഹത്തിന്റെ ജീവചരിത്രം വായിച്ചവർക്കു ചെഗുവേര ആരെന്നു മനസ്സിലാവുമെന്നും സി.കെ.പി തുറന്നടിച്ചിരുന്നു.
മുമ്പ് സി.പി.എം സഹയാത്രികനായിരുന്ന സി.കെ.പി പിന്നീടാണ് ബി.ജെ.പിയിലെത്തുന്നത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോഴും സി.പി.എം നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇദ്ദേഹം, പലപ്പോഴും വിവാദ പ്രസ്താവനകൾ നടത്തിയിരുന്നു.






