വാഷിംഗ്ടണ്‍- സിറിയയിലും ഇറാഖിലുമുണ്ടായിരുന്ന വിശാല ഭൂപ്രദേശം നഷ്ടപ്പെട്ടെങ്കിലും ഇസ്ലാമിക് സ്റ്റേറ്റ് ആഗോള ഭീഷണിയായി തുടരുകയാണെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ഐ.എസ് രഹസ്യ സെല്ലുകള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
തീവ്രവാദ സംഘടനയുടെ ആയിരക്കണക്കിന് അംഗങ്ങള്‍ സിറിയയിലും ഇറാഖിലും വ്യാപിച്ചിരിക്കയാണെന്നും ഇവരില്‍നിന്ന് ആക്രമണം പ്രതീക്ഷിക്കുന്നുണ്ടെന്നും ഐ.എസിനെതിരായ പോരാട്ടത്തിനു നേതൃത്വം നല്‍കുന്ന സഖ്യത്തിലെ അമേരിക്കന്‍ വിദേശ മന്ത്രാലയത്തിന്റെ പ്രതിനിധി അംബാസഡര്‍ ജെയിംസ് ജെഫ്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സിറിയയിലെ സ്വയം പ്രഖ്യാപിത ഖിലാഫത്ത് ഭൂമിയില്‍നിന്ന് ഈ വര്‍ഷം ആദ്യമാണ് അമേരിക്കയുടെ പിന്തുണയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് (എസ്.ഡി.എഫ്) ഐ.എസ് ഭീകരരെ തുരത്തിയത്. പക്ഷേ ഐ.എസുകാര്‍ ലോകത്തിന്റെ എല്ലാ ഭാഗത്തുമുണ്ടെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കുന്നു.
ഐ.എസ് ശാഖകളും നെറ്റ്‌വര്‍ക്കും ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ വ്യാപിച്ചെന്നും അവര്‍ മാരക പ്രഹരശേഷി കൈവരിച്ചെന്നും യു.എസ് താല്‍പര്യങ്ങള്‍ ലക്ഷ്യമിടുമെന്നും യു.എസ് വിദേശകാര്യ വകുപ്പിലെ ഭീകരവിരുദ്ധ നടപടികള്‍ ഏകോപിപ്പിക്കുന്ന നാഥന്‍ സാലെസ് പറഞ്ഞു.
കസ്റ്റഡിയിലുള്ള 2500 ഐ.എസ് പോരാളികളെ യൂറോപ്പ് തിരിച്ചെടുക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. യൂറോപ്പിലെ വിവിധ സര്‍ക്കാരുകള്‍ തടവുകാരെ ഏറ്റെടുക്കാന്‍ തയാറല്ലെങ്കില്‍ ഇവരെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിട്ടയക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു.