Sorry, you need to enable JavaScript to visit this website.

ശ്രീറാം വെങ്കട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

-മരിച്ചത് സിറാജ് യൂനിറ്റ് മേധാവി കെ.എം. ബഷീര്‍
-ശ്രീറാം മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനാ റിപ്പോര്‍ട്ട്


തിരുവനന്തപുരം- സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവിയും ബ്യൂറോ ചീഫുമായ കെ.എം ബഷീര്‍ (35) വാഹനാപകടത്തില്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നില്‍ വെച്ചാണ് അപകടം. റോഡരികില്‍ നിര്‍ത്തിയിട്ട ബഷീറിന്റെ ബൈക്കിന് പിറകില്‍ സര്‍വേ ഡയറക്ടര്‍  ശ്രീറാം  വെങ്കിട്ടരാമന്‍ ഐ.എ.എസിന്റെ കാര്‍ ഇടിക്കുകയായിരുന്നു.  ശ്രീറാം വെങ്കിട്ട രാമന്‍ മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം കാറില്‍ ഉണ്ടായിരുന്ന സ്ത്രീയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ആദ്യം പോലീസ് വിട്ടയച്ചെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ ഇടപെട്ടതോടെ വിളിച്ചുവരുത്തി വൈദ്യ പരിശോധനക്ക് കൊണ്ടുപോയി. താനല്ല, സുഹൃത്താണ് കാറോടിച്ചതെന്നാണ് ശ്രീറാമിന്റെ മൊഴി. അപകടത്തില്‍ പരിക്കേറ്റ ശ്രീറാമിനെ ആദ്യം മെഡിക്കല്‍ കോളജിലും പിന്നീട് കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ കൈ ഒടിഞ്ഞതായി അറിയുന്നു. ഒപ്പമുണ്ടായിരുന്ന വഫ ഫിറോസ് എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണ് കാറെന്ന് സൂചനയുണ്ട്.
കൊല്ലത്ത് സിറാജ് പ്രമോഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബഷീര്‍.
2004ല്‍ തിരൂര്‍ പ്രാദേശിക റിപ്പോര്‍ട്ടറായി സിറാജില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ച കെ എം ബഷീര്‍ പിന്നീട് സിറാജ് മലപ്പുറം ബ്യൂറോയില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായി ചേര്‍ന്നു. 2006 ല്‍ തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറി. തുടര്‍ന്ന് തിരുവനന്തപുരം ബ്യൂറോ ചീഫായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് യൂണിറ്റ് മേധാവിയായി നിയമിതനാവുകയായിരുന്നു.
നിയമസഭാ റിപ്പോര്‍ട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാഡമി കഴിഞ്ഞയാഴ്ച ബഷീറിനെ ആദരിച്ചിരുന്നു.
പ്രമുഖ സൂഫിവര്യന്‍ ആയിരുന്ന വടകര മുഹമ്മദാജി തങ്ങളുടെ മകനായ ബഷീര്‍ തിരൂര്‍ വാണിയന്നൂര്‍ സ്വദേശിയാണ്. മാതാവ്: തിത്താച്ചുമ്മ. ഭാര്യ: ജസീല. മക്കള്‍: ജന്ന, അസ്മി.

 

 

Latest News