ജിദ്ദ- വ്യാജ പരാതികളുടെ പേരിൽ ഒരു വർഷത്തിലധികമായി ഈജിപ്തിലെ ജയിലിൽ കഴിഞ്ഞുവന്ന സൗദി വ്യവസായി മുബാറക് അൽഗാംദി സ്വദേശത്ത് തിരിച്ചെത്തി.
തെളിയിക്കാൻ കഴിയാത്ത പരാതികൾ മുഴുവൻ അധികൃതർ റദ്ദാക്കിയതോടെയാണ് മുബാറക് അൽഗാംദിയുടെ മോചനം സാധ്യമായത്. കയ്‌റോയിലെ വാദി തുറയിൽ സ്വന്തം ഉടമസ്ഥതയിലുള്ള മിനറൽ വാട്ടർ ഫാക്ടറിയിലെ ഏതാനും ജീവനക്കാരുടെ തട്ടിപ്പിന് മുബാറക് അൽഗാംദി ഇരയാവുകയായിരുന്നു. ഫാക്ടറി മാനേജറും ഏതാനും മുൻ ജീവനക്കാരും ചേർന്ന് നിക്ഷേപകനെന്ന് സ്വയം വാദിച്ച തട്ടിപ്പുകാരനുമായി സഹകരിച്ച് സൗദി വ്യവസായിയിൽ നിന്ന് ഫാക്ടറി വാടകക്കെടുക്കുകയായിരുന്നു. ഫാക്ടറി വാടകക്ക് നൽകുന്ന കരാർ 2016 ജനുവരിയിലാണ് ഒപ്പുവെച്ചത്. ഇതുപ്രകാരം ഫാക്ടറി നടത്തിപ്പ് 2016 ഏപ്രിൽ ആദ്യം മുതൽ സൗദി വ്യവസായി കൈമാറി. താൻ കബളിപ്പിക്കപ്പെടുകയായിരുന്നെന്നും ഫാക്ടറി തട്ടിയെടുക്കുന്നതിനാണ് വ്യാജ നിക്ഷേപകൻ ആഗ്രഹിക്കുന്നതെന്നും അതേവർഷം ഒക്‌ടോബർ അവസാനത്തിൽ മുബാറക് അൽഗാംദിക്ക് ബോധ്യപ്പെട്ടു. ഫാക്ടറി താൻ വിൽപന നടത്തിയതിനുള്ള കരാർ എതിരാളിയുടെ പക്കലുണ്ടെന്നും ഈ കരാർ ഔദ്യോഗിക വകുപ്പുകളിൽ രജിസ്റ്റർ ചെയ്യുന്നതിനാണ് ഇയാൾ ശ്രമിക്കുന്നതെന്നും സൗദി വ്യവസായിക്ക് മനസ്സിലായി. ഇതോടെ ഇരു വിഭാഗവും നിയമ പോരാട്ടം ആരംഭിച്ചു. കരാർ റദ്ദാക്കാൻ മുബാറക് അൽഗാംദി പരാതി നൽകിയെങ്കിലും തട്ടിപ്പുകാരന്റെ സ്വാധീനം മൂലം കേസുകൾ പരാജയപ്പെടുകയായിരുന്നു. ഇതിനിടെ ഈജിപ്തിലെ വിവിധ പ്രവിശ്യകളിലെ കോടതികളിൽ സൗദി വ്യവസായിക്കെതിരെ തട്ടിപ്പുകാരൻ പരാതികൾ നൽകി. വിവിധ കോടതികളിൽ 13 വ്യാജ പരാതികളാണ് ഇദ്ദേഹത്തിനെതിരെ ഉയർന്നുവന്നത്.
വ്യാജ ചെക്ക് കേസിൽ കോം ഹമാദയിൽ വെച്ച് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്ത മുബാറക് അൽഗാംദിയെ ജയിലിൽ അടച്ചു. കയ്‌റോയിലെ സൗദി എംബസി ഇടപെട്ടതിനെ തുടർന്നാണ് വ്യാജ കേസുകളിൽ മുബാറക് അൽഗാംദിയെ അവസാനം കുറ്റവിമുക്തനാക്കിയത്.