ന്യൂദൽഹി- ടെലിവിഷനിലെ മുസ്ലിം അവതാരകനെ കാണാതിരിക്കാൻ കണ്ണുപൊത്തി ഹം ഹിന്ദു സ്ഥാപകൻ. ന്യൂസ് 24ന്റെ ചർച്ചക്കിടെയാണ് സംഭവം. ഹം ഹിന്ദു നേതാവും സ്ഥാപകനുമായ അജയ് ഗൗതമാണ് ടി.വി അവതാരകനെ കാണാതിരിക്കാൻ കണ്ണുപൊത്തിയത്. ചർച്ച നയിക്കുന്നത് മുസ്ലിമാണെന്ന് അറിഞ്ഞതോടെയാണ് ഇയാൾ രണ്ടു കയ്യും പൊത്തി മുഖം മറച്ചത്. രണ്ടുദിവസം മുമ്പ് അഹിന്ദുവായ ഡെലിവറി ബോയിയിൽ നിന്ന് ഓർഡർ സ്വീകരിക്കില്ലെന്ന് സൊമാറ്റോ ഉപഭോക്താവ് പറഞ്ഞത് വിവാദമായതിന് പിന്നാലെയാണ് മുസ്ലിം അവതാരകനെ കാണാതിരിക്കാൻ കണ്ണുപൊത്തിയത്. സൊമാറ്റോ വിഷയമായിരുന്നു ചാനലിലെ ചർച്ച. പൂർണ്ണ സ്വരാജ് എന്നാൽ സമ്പൂർണ്ണ ഹിന്ദു രാഷ്ടമാണെന്നാണ് അജയ് ഗൗതമിന്റെ സ്ഥാപനമായ ഹം ഹിന്ദുവിന്റെ വെബ്‌സൈറ്റിൽ പറഞ്ഞിരിക്കുന്നത്. ഇനി അജയ് ഗൗതമിനെ ചർച്ചയ്ക്ക് വിളിക്കില്ലെന്ന് ചാനൽ തീരുമാനിച്ചിട്ടുണ്ട്.






