വാഷിംഗ്ടണ്‍- കശ്മിര് പ്രശ്നത്തില്‍ സഹായിക്കാന്‍ തയാറാണെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും. കശ്മീര്‍ പ്രശ്നം പരിഹരിക്കേണ്ടത് ഇന്ത്യയും പിക്കിസ്ഥാനുമാണെങ്കിലും അവര്‍ ആവശ്യപ്പെട്ടാല്‍ സഹായിക്കാന്‍ താന്‍ തയാറാണെന്ന് ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കശ്മീരില്‍ അമേരിക്കയുടേയും ട്രംപിന്റേയും മാധ്യസ്ഥത്തെ ഇന്ത്യ നിരസിച്ചല്ലോ എന്ന ചോദ്യത്തിന് അത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ആശ്രയിച്ചിരിക്കുന്നുവെന്ന് ട്രംപ് മറുപടി നല്കി.
കശ്മിര് ആഭ്യന്തര പ്രശ്നമാണെന്നും മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്. കശ്മീര്‍ പ്രശനത്തില്‍ മാധ്യസ്ഥം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടുവെന്ന് ട്രംപ് നടത്തിയ വെളിപ്പെടുത്തല്‍ ഈയിടെ വിവാദം സൃഷ്ടിച്ചിരുന്നു. പാക്കിസ്ഥാന് പ്രധാനമന്ത്രി ഇംറാന്‍ ഖാനുമായുള്ള ചര്‍ച്ചയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞിരുന്നത്.
ഇംറാന്‍ ഖാനും മോഡിയും ഒന്നാന്തരം നേതാക്കളാണെന്നും കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിന് ആരെങ്കിലും ഇടപെടണമെന്നോ സഹായിക്കണമെന്നോ അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ താന്‍ തയാറാണെന്ന് ട്രംപ് ആവര്‍ത്തിച്ചു.