ശ്രീനഗർ- കാശ്‌മീരിൽ 25000 സൈനികരെ കൂടി കേന്ദ്ര സർക്കാർ വിന്യസിച്ചു. കഴിഞ്ഞയാഴ്ച 1000 സൈനികരെ വിന്യസിച്ചതിനു പുറമെയാണ് സുരക്ഷയുടെ ഭാഗമായി കൂടുതൽ സൈനികരെ വിന്യസിച്ചതെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന സൂചന. കാശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ സൈനിക അർദ്ധ സൈനിക ഉദ്യോഗസ്ഥരെ വിന്യസിച്ചതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ തന്നെയാണ് വെളിപ്പെടുത്തിയത്. വ്യാഴാഴ്ച്ച രാവിലെ മുതലാണ് വിവിധ സൈനിക വിഭാഗങ്ങളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചത്. കഴിഞ്ഞയാഴ്ചയാണ് കേന്ദ്ര സർക്കാർ നൂറു കമ്പനി സൈനികരെ കാശ്‌മീരിൽ വിന്യസിച്ചത്. ദേശീയ സുരക്ഷാ ഉപദേശകൻ അജിത് ഡോവൽ കാശ്‌മീർ സന്ദർശനം നടത്തിയതിന്റെ തൊട്ടു പിന്നാലെയാണ് പുതിയ നീക്കങ്ങൾ നടന്നത്. രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ അജിത് ഡോവൽ വിവിധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. വടക്കൻ കാശ്‌മീരിൽ സൈനിക സാന്നിധ്യം തീരെ കുറവാണെന്നു ജമ്മുകാശ്‌മീർ പോലീസ് ഡയറക്‌ടർ ജനറൽ ദിബാഗ് സിങ് വ്യക്തമാക്കിയിരുന്നു. സൈന്യത്തെ കൂടുതലായി വിന്യസിച്ചത് സ്ഥിഗതികൾ കൂടുതൽ വഷളാക്കാൻ ഇടയാക്കുമെന്നാണ് കരുതുന്നത്.
അതിനിടെ, ഓഗസ്‌റ്റ് നാല് വരെയുള്ള അമർനാഥ് തീർത്ഥാടന യാത്ര റദ്ദാക്കി. മോശം കാലാവസ്ഥയെ തുടർന്നാണ് തീർത്ഥാടന യാത്ര നിർത്തി വെച്ചതെന്നാണ് വിശദീകരണം. എന്നാൽ, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടു യാതൊരു മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടില്ല. അതേസമയം, തീർത്ഥാടന സുരക്ഷക്ക് നിയോഗിക്കപ്പെട്ട സൈനികരെ കൂടി കാശ്‌മീരിലേക്ക് അയച്ചതാണ് തീർത്ഥാടന യാത്ര താത്‌കാലികമായി റദ്ദാക്കാൻ ഇടയാക്കിയതെന്നാണ് വിവരം.






