Sorry, you need to enable JavaScript to visit this website.

പ്രവാസികൾക്ക് തിരിച്ചടി; വിമാന നിരക്കിൽ സർക്കാർ ഇടപെടില്ല

ന്യൂദൽഹി- അവധിക്കാലത്തും ഉത്സവ സീസണുകളിലും ഗൾഫിൽ നിന്നു വിമാന യാത്രക്കൂലി കുത്തനെ കൂട്ടുന്നതിനെ നേരിടാൻ കേരളത്തിലേക്കു കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി ഉറപ്പു നൽകി. ഫ്‌ലക്സി ഫെയർ സംവിധാനമായതിനാൽ നിരക്കിന്റെ കാര്യത്തിൽ സർക്കാരിന് ഇടപെടാൻ കഴിയില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സീസൺ കാലങ്ങളിൽ കൂടുതൽ എയർ ഇന്ത്യ വിമാന സർവീസുകൾ അനുവദിക്കാമെന്ന് സർക്കാർ വ്യക്തമാക്കി.
തിരുവനന്തപുരം വിമാനത്താവള സ്വകാര്യവലൽക്കരണ വിഷയം ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ പ്രത്യേക യോഗം വിളിക്കാമെന്ന് ഇന്നലെ ദൽഹിയിൽ കേരള എം.പിമാരുമായി നടത്തിയ ചർച്ചയിൽ മന്ത്രി പുരി വ്യക്തമാക്കി. 
കേരളത്തിൽനിന്നു യൂറോപ്പിലേക്ക് നേരിട്ടു വിമാന സർവീസ് തുടങ്ങണമെന്ന തോമസ് ചാഴിക്കാടന്റെ നിർദേശം ഗൗരവമായി പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നൽകി. ബെന്നി ബഹനാൻ അടക്കം മറ്റു എം.പിമാരും ഈയാവശ്യത്തെ പിന്തുണച്ചു. കണ്ണൂരിൽനിന്നു ദൽഹിയിലേക്ക് ആഴ്ചയിൽ എല്ലാ ദിവസവും സർവീസുകൾ നടത്താമെന്നും തീരുമാനമായി. അഞ്ചു ദിവസമാണ് ഇപ്പോൾ സർവീസുള്ളത്. ഗൾഫ് രാജ്യങ്ങളിൽനിന്നു മൃതദേഹം നാട്ടിലെത്തിക്കുന്നതിലെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കും. 
വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട് കേരളവും പ്രവാസികളും നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനാണ് വ്യോമയാന മന്ത്രി പുരി പ്രത്യേക യോഗം വിളിച്ചത്. വിദേശ, പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരനും കേരളത്തിൽനിന്നുള്ള എല്ലാ എം.പിമാരും പാർലമെന്റ് മന്ദിരത്തിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു. 
തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട തർക്കം കെ. മുരളീധരനാണ് യോഗത്തിൽ ശ്രദ്ധയിൽ പെടുത്തിയത്. പ്രത്യേക യോഗം വിളിക്കണമെന്ന ആവശ്യം മന്ത്രി അംഗീകരിച്ചു. തീയതി പിന്നീട് തീരുമാനിക്കും. ഗൾഫ് മേഖലയിലേക്കുള്ള ടിക്കറ്റ് നിരക്ക് സീസൺ കാലങ്ങളിൽ അതിഭീമമായി കൂട്ടി സാധാരണക്കാരായ യാത്രക്കാരെ ചൂഷണം ചെയ്യുന്നതിനെതിരേ കേരള എം.പിമാർ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. ഓണം, റമദാൻ, വിഷു, ക്രിസ്മസ്, ഈസ്റ്റർ പോലുള്ള വിശേഷ അവസരങ്ങളിലും വേനലവധിക്കാലത്തും വിമാന കമ്പനികൾ യാത്രാനിരക്കുകൾ കുത്തനെ കൂട്ടുകയാണെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി. 

Latest News