Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിലേക്ക് അനധികൃമായ ആളെ കൊണ്ടുവന്നാല്‍ കർശന നടപടി; അന്വേഷണത്തിന് മാത്രം 107 വകുപ്പുകൾ

*ദേശീയതലത്തിൽ തന്നെ സമഗ്ര പദ്ധതികളെന്ന്

റിയാദ്- മനുഷ്യക്കടത്ത് കേസുകൾ അതീവ ഗൗരവത്തോടെയാണ് സൗദി ഭരണകൂടം കൈകാര്യം ചെയ്യുന്നതെന്ന് സൗദി ഹ്യൂമൻ റൈറ്റ്‌സ് കമ്മീഷൻ വ്യക്തമാക്കി. മനുഷ്യക്കടത്തിന് തടയിടാൻ ദേശീയതലത്തിൽ തന്നെ സമഗ്രമായ പദ്ധതികൾ മനുഷ്യാവകാശ കമ്മീഷൻ ആവിഷ്‌കരിച്ചിട്ടുണ്ട്. ഏതൊരു വ്യക്തിക്കും മനുഷ്യക്കടത്തിൽ നിന്ന് സംരക്ഷണം നൽകുന്ന നിയമസംവിധാനങ്ങളാണ് സൗദിയിലേത്. 
കുറ്റവാളികൾ ആരായിരുന്നാലും മുഖം നോക്കാതെ നടപടിയെടുക്കുകയും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ വാങ്ങിച്ചു നൽകുമെന്നും കമ്മീഷൻ വ്യക്തമാക്കി. മനുഷ്യക്കടത്തിന് ഇരകളാകുന്നവർക്ക് ശാരീരിക മാനസിക ആരോഗ്യം വീണ്ടെടുക്കുന്നതിന് ചികിത്സ ലഭ്യമാക്കുമെന്നും നിയമനടപടികളുമായി മുന്നോട്ടുപോകാൻ സൗകര്യമൊരുക്കുമെന്നും കമ്മീഷൻ അറിയിച്ചു. 
സൗദി ഹ്യൂമൻ റൈറ്റ്‌സ് കമ്മീഷനിൽ ആഭ്യന്തര, വിദേശകാര്യ, നീതിന്യായ, തൊഴിൽ സാമൂഹിക വികസന, മീഡിയ എന്നീ മന്ത്രാലയങ്ങളിലെയും പബ്ലിക് പ്രോസിക്യൂഷനിലെയും രണ്ട് വീതം പ്രതിനിധികൾ അടങ്ങിയ പ്രത്യേക കമ്മിറ്റി തന്നെ മനുഷ്യക്കടത്ത് ഉന്മൂലനം ചെയ്യുന്നതിനായി പ്രവർത്തിക്കുന്നുണ്ട്.  
നിർബന്ധിതാവസ്ഥയിൽ സൗദിയിലെത്തിയെന്ന് സ്ഥിരീകരിക്കപ്പെടുന്ന കേസുകളിൽ ഇരകളെ യാതൊരുവിധേനയും ബുദ്ധിമുട്ടിക്കാതെ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കാൻ ഈ സമിതി ഊന്നൽ നൽകിവരുന്നു. വിദഗ്ധ പരിശീലനം നേടിയ ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് മനുഷ്യക്കടത്തിന്റെ ഇരകളെ കുറിച്ച് പഠിക്കുന്നത്. തുടർന്ന് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി സ്വന്തം നാടുകളിലേക്കോ അല്ലെങ്കിൽ താൽപര്യപ്പെടുന്നപക്ഷം നേരത്തെ താമസിച്ചിരുന്ന നാടുകളിലേക്കോ ഇവരെ മടക്കി അയക്കുകയാണ് ചെയ്യുന്നതെന്നും കമ്മീഷൻ അറിയിച്ചു. 
മനുഷ്യക്കടത്ത് കേസുകൾ മാത്രം അന്വേഷിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷനിലും അനുബന്ധ വകുപ്പുകളിലും 107 ഡിപ്പാർട്ട്‌മെന്റുകൾക്ക് രൂപം നൽകിയതായി കമ്മീഷൻ വ്യക്തമാക്കി. ഇതിന്റെ ഭാഗമായെന്നോണം രാജ്യത്തെ മുഴുവൻ തൊഴിലുടമകളോടും വേതന സുരക്ഷാപദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ നിഷ്‌കർഷിച്ചിട്ടുണ്ട്. തൊഴിലാളികൾക്ക് കരാർ പ്രകാരമുള്ള വേതനം കൃത്യമായി അവരുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നുണ്ടോയെന്നും ഇതര വകുപ്പുകളുമായി ചേർന്ന് നിരീക്ഷിച്ചുവരുന്നു. ഏഴ് രാജ്യങ്ങളിലെ തൊഴിലാളികൾക്കായി ഇതിനകം ലേബർ കൗൺസിലുകൾ രൂപീകരിക്കുകയും തൊഴിലാളികളുടെ അവകാശങ്ങൾക്ക് ഗ്യാരണ്ടി നൽകുന്ന പദ്ധതി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ഒരു ഗാർഹിക തൊഴിലാളി സൗദിയിലേക്ക് എത്തുന്നത് മുതൽ തിരിച്ച് സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങിപ്പോകുന്നത് വരെയുള്ള വിവരങ്ങൾ ലഭ്യമാക്കുന്ന മുസാനിദ് പോർട്ടൽ മനുഷ്യാവകാശസംരക്ഷണത്തിന് സൗദി അറേബ്യ നൽകുന്ന പ്രാധാന്യം വിളിച്ചോതുന്നുവെന്നും കമ്മീഷൻ വ്യക്തമാക്കി. 
മനുഷ്യന്റെ അവകാശത്തെ ഹനിക്കുന്ന, സ്വാതന്ത്ര്യം നിഷേധിക്കുന്ന, മാനവികമൂല്യങ്ങൾ അവമതിക്കുന്ന ഏറ്റവും നിന്ദ്യമായ കുറ്റകൃത്യമാണ് മനുഷ്യക്കടത്തെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ പ്രസ്താവനയിൽ സൗദി ഹ്യൂമൻ റൈറ്റ്‌സ് കമ്മീഷൻ വ്യക്തമാക്കി. ഏതു രൂപത്തിലുള്ള മനുഷ്യക്കടത്തിനെയും സൗദി അറേബ്യ ശക്തമായി നിരാകരിക്കുന്നു. ഇതിനെ ഫലപ്രദമായി ചെറുക്കുന്നതിന് ഐക്യരാഷ്ട്രസഭയുമായും അന്താരാഷ്ട്ര സമൂഹവുമായും ചേർന്ന് യോജിച്ച് പ്രവർത്തിക്കുന്നതിന് തങ്ങൾ അതീവ തൽപരരാണെന്നും കമ്മീഷൻ വെളിപ്പെടുത്തി. 
കഴിഞ്ഞവർഷം നവംബറിൽ അമേരിക്കൻ ആഭ്യന്തരമന്ത്രാലയത്തിലെ ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് വിഭാഗവുമായി തങ്ങൾ ധാരണാപത്രം ഒപ്പുവെച്ചത് ഈ നീക്കത്തിന്റെ ഭാഗമായാണ്. അഭയാർഥികളെ മനുഷ്യക്കടത്തിന് ഇരയാകുന്നതിൽനിന്ന് രക്ഷപ്പെടുത്തുന്നതിന് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനുമായും കരാറിലേർപ്പെട്ടതായി സൗദി മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു. 

Latest News