Sorry, you need to enable JavaScript to visit this website.

എണ്ണക്കപ്പലുകള്‍ പരസ്പരം കൈമാറാമെന്ന ഇറാന്റെ നിര്‍ദേശം ബ്രിട്ടന്‍ തള്ളി

ലണ്ടന്‍- പിടികൂടിയ എണ്ണ ടാങ്കറുകള്‍ പരസ്പരം കൈമാറാമെന്ന ഇറാന്റെ നിര്‍ദേശം ബ്രിട്ടന്‍ തള്ളി. ഇത്തരമൊരു ഉപാധിയില്‍ ഇറാനുമായി ചര്‍ച്ച നടത്താന്‍ ആലോചിക്കുന്നില്ലെന്ന് യു.കെ വിദേശകാര്യ മന്ത്രി ഡൊമിനിക് റാബ് പറഞ്ഞു. യു.കെയുമായുള്ള ബന്ധം നന്നാക്കാന്‍ ഇറാന്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യു.കെ പതാകയുള്ള കപ്പലിലുള്ളവരെ നിയമവിരുദ്ധമായി പിടികൂടിയിട്ടുണ്ടെങ്കില്‍ അന്താരാഷ്ട്ര നിയമങ്ങളാണ് പാലിക്കേണ്ടത്. നിയമാനുസൃതമായി പിടിച്ചെടുത്ത ഒരു കപ്പല്‍ നിയമവിരുദ്ധമായി പിടിച്ചെടുത്ത കപ്പലിനു പകരം നല്‍കി ഒത്തുതീര്‍പ്പിലെത്താന്‍ സാധ്യമല്ല. ഇതല്ല വഴിയെന്ന് മനസ്സിലാക്കി ഇറാന്‍ മുന്നോട്ടു വരണം- ഡൊമിനിക് റാബ് പറഞ്ഞു.
കസ്റ്റഡിയിലെടുത്ത ടാങ്കറുകള്‍ പരസ്പരം കൈമാറി പ്രശ്‌നം പരിഹരിക്കണമെന്ന നിര്‍ദേശം കഴിഞ്ഞ ദിവസമാണ് ഉയര്‍ന്നുവന്നത്. ഇറാന്‍ ഓയില്‍ ടാങ്കര്‍ ബ്രിട്ടീഷ് പോലീസിന്റെ നേതൃത്വത്തല്‍ പിടിച്ചത് നിയമാനുസൃതമാണെന്നും എന്നാല്‍ ഇറാന്‍ ബ്രീട്ടീഷ് ടാങ്കര്‍ പിടിച്ചത് അങ്ങനെയല്ലെന്നും യു.കെ അധികൃതര്‍ അവകാശപ്പെടുന്നു.
ഇറാന്‍ എണ്ണയുമായി പോകുകയായിരുന്ന ഗ്രേസ് 1 ടാങ്കര്‍ ജീവനക്കാര്‍ സഹിതം ജൂലൈ നാലിന് ബ്രിട്ടീഷ് പോലീസ് പിടിച്ചതോടെയാണ് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളായത്. ക്രൂഡ് ഓയില്‍ സിറിയയിലേക്ക് കൊണ്ടു പോകുകയാണെന്നും ഇത് ഇറാനെതിരായ യൂറോപ്യന്‍ യൂനിയന്‍ ഉപരോധത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി അമേരിക്ക നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ടാങ്കര്‍ പിടിച്ചത്.
ആരോപണം നിഷേധിച്ച ഇറാന്‍ കപ്പല്‍ ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. നിയമവിരുദ്ധമായാണ് കപ്പല്‍ പിടിച്ചിരിക്കുന്നതെന്നും ഇത് ഇറാന്‍ ആണവകരാറിന്റെ ലംഘനമാണെന്നുമാണ് ഇറാന്‍ അവകാശപ്പട്ടത്. ബ്രട്ടീഷ് കപ്പല്‍ പകരം പിടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് പിന്നീട് യു.കെ. പതാകയുള്ള കപ്പലായ സ്റ്റെന ഇംപെറോ ഇറാന്‍ പിടിച്ചത്. ഇറാന്‍ മത്സ്യബന്ധന ബോട്ടുമായി ബ്രിട്ടീഷ് കപ്പല്‍ കൂട്ടിയിടിച്ചുവെന്നും കൂടുതല്‍ അന്വേഷണത്തിനുവേണ്ടിയാണ് കപ്പല്‍ പിടിച്ചുവെച്ചിരിക്കുന്നതെന്നും ഇറാന്‍ അവകാശപ്പെടുകയും ചെയ്തു.
സ്റ്റെന ഇംപെറോ പിടിച്ചത് പ്രതികാരമല്ലെന്നും കപ്പലുകള്‍ പരസ്പരം കൈമാറാമെന്നുമുള്ള നിലപാടാണ് ഇറാന്‍ ആവര്‍ത്തിക്കുന്നത്.

 

Latest News