Sorry, you need to enable JavaScript to visit this website.

അതിരുകളില്ലാത്ത സ്‌നേഹം... 

ഫാറൂഖ് ലുഖ്മാൻ

അതിരുകളില്ലാത്ത സ്‌നേഹംഫാറൂഖ് ലുഖ്മാൻസ്‌നേഹം വറ്റിവരണ്ടുകൊണ്ടിരിക്കുന്ന കലുഷിത ലോകത്ത് അതിരുകളില്ലാത്ത ലോകവും അതിരുകളില്ലാത്ത സ്‌നേഹവും സ്വപ്‌നം കാണാത്തവരായി ആരുമുണ്ടാവില്ല. മനുഷ്യനെ മനുഷ്യനായി കാണാനുള്ള വിശാല മനസ്സിനുടമകൾക്കു മാത്രമേ അതിർവരമ്പുകളില്ലാത്ത സ്‌നേഹം പ്രകടിപ്പിക്കാനും ആ സ്വപ്‌നം യാഥാർഥ്യമാകുന്നതിനായി പ്രയ്തനിക്കാനുമാവൂ. അത്തരത്തിൽ പെട്ടൊരാളായിരുന്നു കഴിഞ്ഞ ദിവസം കാലയവനികക്കുള്ളിൽ മറഞ്ഞ മലയാളം ന്യൂസ് സ്ഥാപക മുഖ്യ പത്രാധിപർ ഫാറൂഖ് ലുഖ്മാൻ. 
സംഘർഷഭരിതമായ സമകാലിക സാഹചര്യത്തിൽ മനുഷ്യർ ഏറെ കൊതിക്കുന്ന ഒന്നാണ് അതിരുകളില്ലാത്ത ലോകം. എന്നാൽ അര നൂറ്റാണ്ടുകൾക്കു മുമ്പേ ആ മോഹം ഉള്ളിലൊളിപ്പിച്ച് അതിനായി തന്റെ തൂലിക ചലിപ്പിച്ച മഹത് വ്യക്തിയാണ് ഫാറൂഖ് ലുഖ്മാൻ. പത്രപ്രവർത്തനം ജീവവായുവായി കൊണ്ടുനടന്ന ഫാറൂഖ് ലുഖ്മാൻ തന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനായി പതിറ്റാണ്ടുകൾക്കു മുമ്പ് തുടങ്ങിയ കോളത്തിന് അതിരുകളില്ലാത്ത ലോകമെന്ന് പേരു കൊടുത്തതിലൂടെ തന്നെ അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വ്യക്തമാണ്. പിന്നീട് അതേ പേരിൽ ഒരു പുസ്തകവും അദ്ദേഹം രചിച്ചു. അതിരുകളില്ലാത്ത ലോകത്തിലൂടെ അതിരുകളില്ലാത്ത സ്‌നേഹമാണ് അദ്ദേഹം എന്നും കൊതിച്ചതും മറ്റുള്ളവർക്ക് പകർന്നു നൽകിയതും. 


അദ്ദേഹത്തിന്റെ സ്‌നേഹത്തിന് രാജ്യം, ജാതി, മത, ലിംഗ ഭേദമോ വലിപ്പ ചെറുപ്പമോ ഉണ്ടായിരുന്നില്ല. ലോകമൊട്ടുക്കുമുള്ള ഭരണകർത്താക്കളുമായും ബിസിനസ് പ്രമുഖരുമായൊക്കെ സൗഹൃദം ഉണ്ടായിരുന്നപ്പോഴും ഏറ്റവും താഴെക്കിടയിലുള്ളവരോടും അതേ രീതിയിൽ സൗഹൃദവും അടുപ്പവും കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത് ആ സ്‌നേഹത്തിന് അതിരുകളില്ലാത്തതുകൊണ്ടായിരുന്നു. ഒരു വാർത്ത പോലും ചോർന്നു പോകാതെ ലോക ജാലകത്തിൽ വലവിരിച്ച് സസൂക്ഷ്മം വീക്ഷിക്കുകയും വായനയിലും എഴുത്തിലും മുഴുകുമ്പോഴും സഹപ്രവർത്തകരോടും താഴെക്കിടയിലുള്ള ജീവനക്കാരോടും അവരുടെ വീട്ടുകാര്യങ്ങളും വ്യക്തി വിശേഷങ്ങളുമെല്ലാം ചോദിച്ചറിയാനും ഇടക്ക് അവരെ വിരുന്നൂട്ടാനുമൊക്കെയുള്ള അദ്ദേഹത്തിന്റെ താൽപര്യവും ഇഷ്ടവുമെല്ലാം കാണിക്കുന്നതും അതിരുകളില്ലാത്ത സ്‌നേഹം തന്നെ. ഒന്നര പതിറ്റാണ്ടു കാലത്തോളം അദ്ദേഹവുമായി ഇടപഴകാനും അദ്ദേഹത്തിനു കീഴിൽ ജോലി ചെയ്യാനുമുള്ള അവസരം ലഭിച്ചത് സൗഭാഗ്യമായല്ലാതെ മറ്റൊന്നുമല്ല. ഈ കാലത്തിനിടക്ക് എപ്പോഴെങ്കിലും ഏതെങ്കിലും വിധത്തിലുള്ള ജാതിക്കൂറോ, വംശീയതയോ അദ്ദേഹത്തിൽനിന്നു കാണുവാനോ കേൾക്കുവാനോ കഴിഞ്ഞിട്ടില്ല. മനുഷ്യൻ എന്ന ഒറ്റ കാഴ്ചപ്പാടിനപ്പുറം ഒരു തരത്തിലുമുള്ള വിവേചനം കാണിക്കാനോ സംസാരിക്കാനോ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. മലയാളികൾക്കിടയിൽ മാത്രമല്ല, പരിചയപ്പെട്ടിട്ടുള്ള എല്ലാവരുടെയും മനസ്സിൽ അദ്ദേഹത്തിന് സ്ഥാനം നേടാൻ കഴിഞ്ഞത് ഈ കാഴ്ചപ്പാടു കൊണ്ടാണ്. ഭാഷാ, ദേശ വ്യത്യാസമില്ലാതെ ആരെയും ആകർഷിക്കാനും അവരുമായി നിമിഷനേരം കൊണ്ട് ചങ്ങാത്തം കൂടാനുള്ള കരിഷ്മ അദ്ദേഹത്തിനുണ്ടായിരുന്നു. ഏത് അപരിചിതനോടൂം ചിരപരിചിതനെപ്പോലെ സംസാരിക്കാനുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം ഒന്നു വേറെ തന്നെയായിരുന്നു. അതെത്ര വലിയവനായാലും ചെറിയവനായാലും ശരി, നർമം കലർന്ന സംസാര ശൈലികൊണ്ട്, സ്‌നേഹമസൃണമായ പെരുമാറ്റം കൊണ്ട് അവരെ വശത്താക്കാനുള്ള സാമർത്ഥ്യത്തിനുടമയായിരുന്നു അദ്ദേഹം. ഒരിക്കൽ പരിചയപ്പെട്ടിട്ടുള്ളവർ പിന്നെ ഒരിക്കലും അദ്ദേഹത്തെ മറക്കില്ല. സ്‌നേഹം ഉള്ളിലൊളിപ്പിക്കാനുള്ളതല്ല, മറ്റുള്ളവർക്കു പങ്കുവെക്കുവാനുള്ളതാണെന്നത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടായിരുന്നു.  
പല ഭാഷകളും അറിയാമായിരുന്നുവെങ്കിലും ഒരിക്കലും വഴങ്ങാത്ത ഭാഷയായ മലയാളത്തെ അദ്ദേഹം പ്രണയിച്ചിരുന്നുവെന്നു പറഞ്ഞാൽ അതിൽനിന്നു തന്നെ മനസ്സിലാക്കാനാവും കേരളത്തോടും മലയാളികളോടുമുള്ള അദ്ദേഹത്തിന്റെ സ്‌നേഹത്തെ. 
ലോകത്തിന്റെ മുക്കിലും മൂലയിലുമെത്തി ജീവിതോപാധി കണ്ടെത്താനുള്ള മലയാളികളുടെ കഴിവിനെ തിരിച്ചറിയാനും മലയാണ്മയുടെ സ്പന്ദനം മനസ്സിലാക്കാനും ഭാഷാ അതിർവരമ്പുകൾ അദ്ദേഹത്തിനു തടസ്സമായിരുന്നില്ല. കേരളത്തിന്റെ ഓരോ സ്പന്ദനവും മലയാളികളുടെ മനസ്സും ഇത്രയേറെ അടുത്തറിഞ്ഞ അന്യ രാജ്യക്കാരനായ മറ്റൊരാൾ ഉണ്ടാവാനിടയില്ല. ഏതൊരു വികസിത നാടുപോലെ കേരളവും വികസിക്കണമെന്ന കാഴ്ചപ്പാട് പുലർത്തുകയും അതിനായി ശബ്ദിക്കുകയും അഭിപ്രായങ്ങൾ അറിയിക്കേണ്ടിടങ്ങളിൽ അറിയിക്കുകയും വിമർശിക്കേണ്ടിടങ്ങളിൽ വിമർശിക്കുകയും ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നത് കേരളത്തോടുള്ള അതിരില്ലാത്ത സ്‌നേഹമായിരുന്നു. 
ഗൾഫ് രാജ്യങ്ങളിൽ, പ്രത്യേകിച്ച് സൗദിയിലുള്ള മലയാളികൾ അദ്ദേഹത്തിന്റെ സ്‌നേഹവായ്പ് അടുത്തറിഞ്ഞവരാണ്. മലയാളി സംഘടനകൾ അവരുടെ പരിപാടികളിലേക്ക് ഇടതടവില്ലാതെ അദ്ദേഹത്തെ ക്ഷണിച്ചിരുന്നത് അതുകൊണ്ടാണ്. യാതൊരു മടിയും കൂടാതെ അദ്ദേഹം ക്ഷണമത്രയും സ്വീകരിക്കുകയും ദീർഘ യാത്രകൾ ചെയ്തുപോലും അവിടങ്ങളിൽ എത്തിപ്പെടാറുള്ളതും സ്‌നേഹം ആവോളം പകരാനും നുകരാനുമുള്ള ആഗ്രഹം കൊണ്ടായിരുന്നു. കേരളത്തിലെ ഭരണകർത്താക്കളുടെ ഇടയിലും രാഷ്ട്രീയ നേതാക്കളുടെ അടുത്തുമെല്ലാം സുപരിചിതനാവാൻ അദ്ദേഹത്തിനു കഴിഞ്ഞതും കേരളത്തോടുള്ള ഈ അടുപ്പവും മലയാളികളോടുള്ള താൽപര്യവുമാണ്. 
കേരളത്തിന് വിദേശികളുമായി നൂറ്റാണ്ടുകളുടെ ബന്ധമുണ്ട്. നമ്മുടെ സംസ്‌കാരത്തെയും ഭാഷയെയും അടുത്തറിയുകയും അതു പഠിക്കുകയും ചെയ്തവരുണ്ട്. അങ്ങനെ മലയാളികളായവരുമുണ്ട്. അതിപ്പോഴും തുടരുകയും ചെയ്യുന്നു. എന്നാൽ മലയാള ഭാഷ അറിയാത്ത, മലയാളിയല്ലാത്ത എന്നാൽ മലയാളക്കരയെ ഇത്രയേറെ സ്‌നേഹിച്ച ഫാറൂഖ് ലുഖ്മാനെ പോലുള്ള ഒരു വിദേശി വേറെ ഉണ്ടായെന്നു വരില്ല. അവിടെയാണ് അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നതും. 
മനുഷ്യരുടെ വികാരങ്ങൾക്കും വിചാരങ്ങൾക്കും, പ്രശ്‌നങ്ങൾക്കും പ്രതിസന്ധികൾക്കും, കഷ്ടതകൾക്കും രോദനങ്ങൾക്കുമെല്ലാം ഒരേ നിറമാണ്. എത്ര വലിയ പ്രതാപശാലിയായാലും ദുരിതക്കയത്തിൽ മുങ്ങിത്താഴ്ന്നവനായാലും എല്ലാവരും ചെന്നൊടുങ്ങത് ഒരേയിടത്താണ്. അതുകൊണ്ടു തന്നെ എന്തിന്റെ പേരിൽ തീർത്ത അതിർവരമ്പുകളായാലും അതെല്ലാം തേയ്ച്ചു മായ്ച്ചു കളയപ്പെടുക തന്നെ ചെയ്യും. അവിടെ അവശേഷിക്കുക സ്‌നേഹം മാത്രമായിരിക്കും... അതിരുകളില്ലാത്ത സ്‌നേഹം. ഫാറൂഖ് ലുഖ്മാൻ നമ്മോട് പറയാതെ പറഞ്ഞതും കാണിച്ചുതന്നതും അതൊന്നു മാത്രമാണ്... 

Latest News