Sorry, you need to enable JavaScript to visit this website.

സമൂഹത്തിനു വെല്ലുവിളിയായി സെക്‌സ് റോബോട്ടുകള്‍

ലണ്ടന്‍-കുറ്റവാളികളെ കണ്ടെത്താന്‍ റോബോട്ടുകളെ ഉപയോഗിക്കുന്നതില്‍ പുതുമയില്ല. എന്നാല്‍ അവിടെനിന്ന് മുന്നേറിയ കൃത്രിമ ബുദ്ധിയും റോബോട്ടിക്‌സ് വിദ്യയും വഴി കുറ്റവാസനകള്‍ ഇല്ലാതാക്കാനും കുറ്റകൃത്യങ്ങള്‍ തടയാനും സാധിക്കുമെന്ന് സാങ്കേതിക ലോകം അവകാശപ്പെടുന്നു.
മനുഷ്യന്റെ വികാരങ്ങളെ ശമിപ്പിക്കാനും അങ്ങനെ സമൂഹഭദ്രത സംരക്ഷിക്കാനും കഴിയുമെന്ന് അവകാശപ്പെട്ട് പുറത്തിറക്കുന്ന ആന്‍ഡ്രോയിഡ് പാവകള്‍ സമൂഹത്തില്‍ വലിയ ചര്‍ച്ചക്ക് തുടക്കം കുറിക്കുകയാണ്.
കൃത്രിമ ബുദ്ധി (ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അടിസ്ഥാനമാക്കിയുള്ള സെക്‌സ് റോബോട്ടുകള്‍ക്ക് സമൂഹത്തില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ സാധിക്കുമെന്നാണ് ഒരു വിഭാഗം വിദഗ്ധര്‍ അവകാശപ്പെടുന്നത്. അതേസമയം, ഇത് സമൂഹത്തിന്റെ ഭദ്രത സംരക്ഷിക്കുകയല്ല, മറിച്ച് സമൂഹത്തിന്റെ കെട്ടുറപ്പ് തന്നെ നശിപ്പിക്കുമെന്നാണ് എതിര്‍വാദം.
സഹജീവികളോട് അതിക്രമം കാണിക്കാനുള്ള അക്രമികളുടെ ആസക്തി ഇല്ലാതാക്കാന്‍  മനുഷ്യന്റെ കരസ്പര്‍ശത്തിനു സമാനമായ അനുഭവം സമ്മാനിക്കുന്നതും ആവശ്യാനുസൃതം തലമുടിയുടെ നിറമടക്കം മാറ്റാവുന്നതുമായ റോബോട്ടുകള്‍ക്ക് കഴിയുമെന്ന് അവകാശപ്പെട്ടുകൊണ്ടാണ്  ഈ ഉല്‍പന്നങ്ങള്‍ വിപണി പിടിക്കാന്‍ ശ്രമിക്കുന്നത്.
മനുഷ്യസ്പര്‍ശത്തിനു സമാനമായ ലൈംഗിക സംതൃപ്തി സമ്മാനിക്കാന്‍ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ കഴിയുമെന്നത് വലിയ വിപ്ലവമാണെന്ന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ആന്‍ഡ്രോയിഡ് ലവ് ഡോള്‍സ്് വിപണിയിലെ സാങ്കേതിക മുന്നേറ്റം അതിവേഗത്തിലാണെന്ന് ഫൗണ്ടേഷന്‍ ഫോര്‍ റസ്‌പോണ്‍സിബിള്‍ റോബോട്ടിക്‌സ് പറയുന്നു.
ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ സാധിക്കാത്തവര്‍ക്കും ഏകാന്ത ജീവതം നയിക്കുന്നവര്‍ക്കും സഹായകമാകുമെന്നും സെക്‌സ് റോബോട്ടുകള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ അവകാശപ്പെടുന്നു.
എന്നാല്‍ ഇത് സമൂഹത്തില്‍ ഏതു തരത്തിലുള്ള ചലനമാണ് വരുംവര്‍ഷങ്ങളില്‍ ഉണ്ടാക്കാന്‍ പോകുന്നതെന്ന് പ്രവചിക്കാനാവില്ലെന്ന് ബ്രിട്ടീഷ് യൂനിവേഴ്‌സിറ്റിയായ ഷെഫീല്‍ഡിലെ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് റോബോട്ടിക്‌സ് പ്രൊഫസര്‍  നോയല്‍ ഷാര്‍ക്കി അഭിപ്രായപ്പെടുന്നു.
മനുഷ്യര്‍ തമ്മിലുള്ള യഥാര്‍ഥ ബന്ധത്തെ ഒരു റോബോട്ടുമായുള്ള സമ്പര്‍ക്കവുമായി എങ്ങനെ താരതമ്യപ്പെടുത്താനാകുമെന്ന ചോദ്യം അദ്ദേഹം ഉന്നയിക്കുകയും ചെയ്യുന്നു. റോബോട്ടിക്‌സ് സാങ്കേതിക വിദ്യയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റത്തെ സമൂഹത്തിനു ഹാനികരമാകും വിധം  ഉപയോഗിക്കാമോ എന്നത് പ്രസക്തമായ ചോദ്യമാണ്.
ബ്രിട്ടനില്‍ സെക്‌സ് റോബോട്ടുകള്‍ അടുത്ത പത്ത് വര്‍ഷത്തിനകം സാമൂഹിക, സാങ്കേതിക വിപ്ലവം കൊണ്ടുവരുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. ശാസ്ത്രകഥകളെ യാഥാര്‍ഥ്യ ലോകത്തേക്ക് കൊണ്ടുവരുന്ന ഈ യന്ത്രങ്ങള്‍ ബന്ധങ്ങള്‍ക്കും ധാര്‍മിക മൂല്യങ്ങള്‍ക്കും നേരെ ഉയര്‍ത്തുന്ന വെല്ലുവിളിക്കെതിരെ രാഷ്ട്രീയ നേതൃത്വവും സമൂഹവും എങ്ങനെ നേരിടുമെന്നത് കണ്ടറിയണം.

Latest News