ന്യൂദൽഹി- മുത്വലാഖ് നിരോധന ബിൽ ലോക്‌സഭയും രാജ്യസഭയും കടക്കുകയും പ്രസിഡന്റ് ഒപ്പു വെച്ച് പ്രാബല്യത്തിൽ വരികയും ചെയ്‌തതിന് പിന്നാലെ രാജ്യത്ത് ഏകസിവിൽകോഡ് നടപ്പാക്കണമെന്നാവശ്യവുമായി ബി ജെ പി എം പി രംഗത്ത്. മൂന്നു തവണ എം പിയായി തിരഞ്ഞെടുക്കപ്പെട്ട നിഷികാന്ത് ദൂബൈ ആണ് പാർലമെന്റിൽ ശൂന്യ വേളയിൽ ഇക്കാര്യം ഉന്നയിച്ചത്. രാജ്യത്ത് ഏകസിവിൽ കോഡ് അത്യാവശ്യമാണ്. മതത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കാൻ ആരെയും അനുവദിക്കരുത്. ഇത് ഇന്ത്യയാണ്. എല്ലാവരെയും തുല്യമായി പരിഗണിക്കണം. ഏകസിവിൽകോഡ് ബിൽ കൊണ്ട് വരാൻ സർക്കാർ മുൻകൈ എടുക്കണം. ഏകസിവിൽകോഡ് പ്രാബല്യത്തിൽ വന്നാൽ മുത്വലാഖ് നിരോധന നിയമം പോലെയുള്ള നിയമങ്ങൾ പ്രത്യേകം കൊണ്ട് വരുന്നത് ഇല്ലാതാക്കാം. അദ്ദേഹം പറഞ്ഞു.
ബി ജെ പിയുടെ തിരഞ്ഞെടുപ്പു വാഗ്‌ദാനങ്ങളിൽ മുഖ്യമായതിൽ പെട്ടതായിരുന്നു ഏകസിവിൽകോഡ് നടപ്പാക്കുക എന്നത്. അതേസമയം, ദേശീയ ജനസംഖ്യാ നയം കൊണ്ട് വരണമെന്നാവശ്യപ്പെട്ടു ആസാമിൽ നിന്നുള്ള ബി ജെ പി എംപിയും രംഗത്തെത്തി. 2014-2019 വർഷങ്ങൾക്കിടയിൽ മൂന്നു ലക്ഷം ജനസംഖ്യാ വർധനവാണ് ഉണ്ടായതെന്നും ബംഗാൾ സംസാരിക്കുന്ന ഹിന്ദുക്കളോട് നാട് വിടാൻ ചില വിദേശികൾ ആവശ്യപ്പെടുന്നതായും ഇക്കാര്യം ഇന്ത്യയിൽ നടക്കാൻ പറ്റാത്തതാണെന്നും ഹിന്ദുക്കൾക്ക് ഇവിടെ ജീവിക്കാനുള്ള അവസരം ഒരുക്കണമെന്നും ആസാമിലെ മംഗൾഡോയ് എം പി ദിലീപ് സൈകിയ പറഞ്ഞു. മുത്വലാഖ് നിരോധന ബിൽ ഇരു സഭകളും വിജയിച്ചതോടെയാണ് ഏകസിവിൽകോഡ് അടക്കമുള്ള കാര്യങ്ങളിൽ ബി ജെ പി നേതാക്കൾ രംഗത്തെത്തുന്നത്.