പൂനെ- ഹജ്ജിനു പോകുന്ന ബന്ധുക്കളെ സന്ദർശിക്കാനായി പുറപ്പെട്ട കുടുംബത്തിന്റെ വാഹനം അപകടത്തിൽ പെട്ട് ഏഴു പേർക്ക് ദാരുണാന്ത്യം. പൂനെ-ബാംഗ്ലൂർ ഹൈവേയിലെ സതാര ജില്ലയിൽ ഒരു മരത്തിലേക്ക് ഇവർ സഞ്ചരിച്ച എസ് യു വി കാർ ഇടിച്ച് കയറിയാണ് അപകടം. അപകടത്തിൽ മരിച്ചവരിൽ മൂന്നു പേർ കുട്ടികളാണ്. കർണ്ണാടകയിലെ ധർവാഡ് സ്വദേശികളായ കുടുംബം ഹജ്ജിനു പുറപ്പെടുന്ന മുംബൈയിലെ ബന്ധുക്കളെ സന്ദർശിക്കാനായി പോകുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. നിസാമുദ്ധീൻ സൗദാഗർ (69), അദ്ദേഹത്തിന്റെത് ഭാര്യ സഫൂറ (58), മകൻ മൻസൂഫ് (40), മൻസൂഫിന്റെ ഭാര്യ നഫീസ (35), ഇവരുടെ മക്കളായ ത്വയ്യിബ (6), അക്‌സ (5), അഹമ്മദ് റസ (2) എന്നിവരാണ് മരിച്ചത്. പൂനെ നഗരത്തിൽ നിന്നും 140 കിലോമീറ്റർ അകലെ കഷിൽ വില്ലേജിലാണ് അപകടമുണ്ടായത്. ധർവാഡ് നഗരത്തിൽ പൂ കയറ്റുമതി ബിസിനസ് ചെയ്‌തു വരികയായിരുന്നു കുടുംബം. ഗുരുതര പരിക്കേറ്റ വാഹനത്തിലെ ഡ്രൈവർ ഷാനവാസ് പെൻധാരി ആശുപത്രിയിൽ ചികിത്സയിലാണ്