Sorry, you need to enable JavaScript to visit this website.

അപകടകരമായ ലാൻഡിങ്; രണ്ടു സ്‌പൈസ് ജെറ്റ് വൈമാനികരുടെ ലൈസൻസ് കൂടി സസ്‌പെൻഡ് ചെയ്‌തു

ന്യൂദൽഹി- അപകടരമായ ലാൻഡിങ് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് സ്‌പൈസ് ജെറ്റ് വിമാന കമ്പനിയുടെ രണ്ടു പൈലറ്റുമാർക്ക് കൂടി അധികൃതർ വിലക്കേർപ്പെടുത്തി. ഭോപ്പാലിൽ നിന്നെത്തിയ Q400 വിമാനത്തിലെ പൈലറ്റുമാർക്കാണ് ഒരു വർഷത്തെ വിലക്കേർപ്പെടുത്തിയത്. കഴിഞ്ഞ മാസം മുപ്പതിന് വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് അപകടകരമായി വിമാനം റൺവേ മറികടന്നതായാണ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) കണ്ടെത്തൽ. ഇതേ തുടർന്നാണ് ഒരു വർഷത്തേക്ക് പൈലറ്റുമാരുടെ ലൈസൻസ് റദ്ദ് ചെയ്‌തത്‌. ഈയാഴ്ച്ച ഇത് രണ്ടാം തവണയാണ് സ്‌പൈസ് ജെറ്റ് വിമാന പൈലറ്റുമാർക്കെതിരെ തുടർച്ചയായി നടപടിയെടുക്കുന്നത്. റോഹൻ ശ്രീമൂല നാഥൻ, കൺവാൾ ജിത് സിങ് ഡിഹോട്ട് എന്നിവരുടെ ലൈസൻസാണ് ഒരു വർഷത്തേക്ക് മരവിപ്പിച്ചത്. വിമാനം ലാൻഡ് ചെയുന്ന സമയത്ത് ആവശ്യമുള്ളതിലും കൂടുതൽ അതിവേഗത്തിൽ പറന്നിറങ്ങിയതായാണ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിമാനം നിലത്ത് തൊടേണ്ട നിശ്ചിത സ്ഥലം പിന്നിട്ട് അറുന്നൂറ് മീറ്റർ അപ്പുറത്താണ് വിമാനം റൺവേയിൽ തൊട്ടതെന്നും കണ്ടെത്തി. എന്നാൽ സ്‌പൈസ് ജെറ്റ് അധികൃതർ ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല.

          സമാനമായ സംഭവത്തിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച സ്‌പൈസ് ജെറ്റിന്റെ മറ്റു രണ്ടു പൈലറ്റുമാരെ കൂടി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഒരു വർഷത്തേക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്‌തു വിലക്കേർപ്പെടുത്തിയിരുന്നു. ജൂലൈ ഒന്നിന് മുംബൈ എയർ പോർട്ടിൽ വിമാനം അമിത വേഗതയിൽ ഇറങ്ങിയത് മൂലം വിമാനം തെന്നിമാറി വൻ അപകടം ഒഴിവായ സംഭവത്തിലാണ് തിങ്കളാഴ്ച പൈലറ്റുമാരുടെ ലൈസൻസ് ഒരു വർഷത്തേക്ക് മരവിപ്പിച്ചത്. ജയ്‌പൂരിലെ നിന്നെത്തിയ ബോയിങ് 737 വിമാനം റൺവെ വിട്ടു കടന്ന അപകടത്തെ തുടർന്ന് മൂന്ന് ദിവസത്തിലധികം മുംബൈ വിമാനത്താവളത്തിലെ പ്രധാന റൺവേ അടച്ചിടേണ്ടി വന്നിരുന്നു. പിന്നീട് വിമാനം നീക്കിയ ശേഷമാണു റൺവേ തുറന്നത്.

Latest News