Sorry, you need to enable JavaScript to visit this website.

വിനോദയാത്രക്കെന്ന് പറഞ്ഞുവീട്ടിൽനിന്നിറങ്ങി; അഫ്ഗാനിൽ കൊല്ലപ്പെട്ടു

എടപ്പാൾ- ഭീകര സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റിൽ (ഐ.എസ്) ചേർന്നതായി സംശയിക്കുന്ന മലയാളി യുവാവ് അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി വീട്ടുകാർക്ക് സന്ദേശം ലഭിച്ചു. മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത വട്ടംകുളം മുണ്ടേങ്കാട്ടിൽ മുഹമ്മദ് മുഹസിൻ (23) കൊല്ലപ്പെട്ടതായാണ് വിവരം ലഭിച്ചത്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിൽ നിന്നുള്ള വാട്‌സ്ആപ് നമ്പരിൽ നിന്നാണ് മുഹസിന്റെ സഹോദരിയുടെ ഫോണിലേക്ക് സന്ദേശമെത്തിയത്. ഈ മാസം 18 ന് യു.എസ് ഡ്രോൺ ആക്രമണത്തിൽ നിങ്ങളുടെ സഹോദരൻ കൊല്ലപ്പെട്ടെന്നാണ് അറിയിച്ചത്. താങ്കളുടെ സഹോദരൻ വീരമൃത്യു വരിച്ചു. ഇക്കാര്യം പോലീസിനെയോ മറ്റ് അന്വേഷണ ഏജൻസികളെയോ അറിയിച്ചാൽ നിങ്ങളുടെ കുടുംബത്തിന് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്നും സന്ദേശത്തിൽ പറയുന്നു. 
തൃശൂരിലെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ നാലാം വർഷ വിദ്യാർഥിയായിരുന്ന മുഹ്‌സിനെ ഒരു വർഷമായി കാണാനില്ലായിരുന്നു. കോളേജിൽ നിന്നും വിനോദയാത്രക്കെന്ന് പറഞ്ഞ് പോയ ഇയാൾ തിരിച്ചെത്തിയിട്ടില്ല. പിന്നീട് മുഹസിനെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും വീട്ടുകാർ പറയുന്നു. 

DOWNLOAD MALAYALAM NEWS APP

 

വാട്‌സ്ആപ് സന്ദേശം ലഭിച്ചതിനെ തുടർന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ ഇതുസംബന്ധിച്ച് കുറച്ചു ദിവസം മുമ്പ് അന്വേഷണം നടത്തിയിരുന്നു. സന്ദേശം വന്ന അഫ്ഗാനിസ്ഥാനിലെ ഫോൺ നമ്പരിനെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. വീട്ടിൽ നിന്ന് പോയതിന് ശേഷം മുഹസിൻ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നോ എന്നും അന്വേഷിച്ചു വരുന്നുണ്ട്. 
ബിടെക് വിദ്യാർഥിയായിരുന്ന മകൻ ദൽഹിയിലേക്ക് വിനോദയാത്ര പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. രണ്ടു വർഷത്തിന് ശേഷം മകൻ അഫ്ഗാനിസ്ഥാനിൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന വിവരം അറിഞ്ഞ് കണ്ണീർ വാർക്കുകയാണ് വട്ടംകുളം നെലിശ്ശേരിയിലെ മുണ്ടേങ്കാട്ടിൽ കുടുംബം. മുണ്ടേങ്കാട്ടിൽ മുഹമ്മദ് കുട്ടിയുടെ മൂന്ന് മക്കളിൽ മൂത്തയാളാണ് ഐ.എസ്സിൽ ചേർന്ന് ജീവൻ നഷ്ട്ടപ്പെട്ട മുഹമ്മദ് മുഹ്‌സിൻ. രണ്ട് വർഷം മുമ്പ് തൃശൂരിലെ കോളേജിൽ നിന്ന് വിനോദയാത്ര പോയി പിന്നീട് വിവരങ്ങൾ ഒന്നും ഉണ്ടാകാതിരുന്നതിനെ തുടർന്ന് പിതാവ് മുഹമ്മദ് കുട്ടി ചങ്ങരംകുളം പോലീസിൽ പരാതി നൽകിയിരുന്നു. മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും കണ്ടെത്താനായിരുന്നില്ല. മകൻ ഐ.എസിൽ ചേർന്നതായി ഒരു വർഷം മുമ്പ് സൂചന ലഭിച്ചിരുന്നുവെങ്കിലും സ്ഥിരീകരണമുണ്ടാകാതിരന്നതിനാൽ വീട്ടുകാർക്ക് വിശ്വാസമില്ലായിരുന്നു. ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ടി.വി.ചാനലുകളിൽ വന്നപ്പോഴാണ് ഫോട്ടോ കണ്ട് മകനെന്ന് വീട്ടുകാർ ഉറപ്പിച്ചത്. അഫ്ഗാനിസ്ഥാനിലെ മൊബൈലിൽ നിന്നും വീട്ടുകാർക്ക് വന്ന സന്ദേശം ആദ്യം വിശ്വാസത്തിലെടുത്തില്ല. ഐ.എസിലേക്ക് ഈ യുവാവ് എങ്ങിനെയാണ് റിക്രൂട്ട് ചെയ്തതെന്ന് വീട്ടുകാർക്കും നാട്ടുകാർക്കും ഇപ്പോഴും അറിയാത്ത കാര്യമാണ്. വട്ടംകുളം അങ്ങാടിയിലെ പിതാവിന്റെ റൈസ് മില്ലിൽ കുറച്ചു കാലം സഹായിയായി നിന്നിരുന്ന മുഹ്‌സിനിൽ പെട്ടന്ന് ഭാവമാറ്റം സംഭവിച്ചിരുന്നതായി വീട്ടുകാർ പറയുന്നു. വീട്ടുകാരോടും നാട്ടുകാരോടും ഒട്ടും സംസാരിക്കാതെ മൗനിയായി മാറിയതോടെയാണ് പല തരത്തിലുള്ള മാറ്റങ്ങളും ഉണ്ടായിരുന്നത്. വട്ടംകുളം നെല്ലിശ്ശേരി യു.പി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ ഹയർ സെക്കണ്ടറി സ്‌കൂളിലായിരുന്നു തുടർപഠനം. പഠനകാലത്ത് സഹപാഠികളോടെല്ലാം നല്ല നിലയിലായിരുന്നു പെരുമാറ്റമെന്ന് പറയുന്നു. എന്നാൽ തൃശൂരിലെ കോളേജിൽ ബി.ടെക് പഠനം തുടങ്ങിയതോടെ ചിന്തകളുടെയും സൈബർ ലോകത്തിന്റെയും പിടിയിലായിരുന്നു മുഹ്‌സിൻ. മൂന്നു മക്കളിൽ ഏക മകനിൽ വീട്ടുകാർക്ക് കുറെ പ്രതീക്ഷകളുണ്ടായിരുന്നു. അതെല്ലാം ഐ.എസിന്റെ ചാവേറായതോടെ പൂർണമായും ഇല്ലാതായി. ആക്രമണത്തിൽ കൊല്ലപ്പെട്ട വിവരമറിഞ്ഞ പിതാവ് ആദ്യം പ്രതികരിക്കാൻ വിസമ്മതിച്ചെങ്കിലും മകൻ തന്നെയാണ് മരിച്ചതെന്ന് ഉറപ്പിച്ചിരിക്കുന്നു എന്ന ഒറ്റ വാക്കിൽ പ്രതികരണം ഒതുക്കി.

Latest News