Sorry, you need to enable JavaScript to visit this website.

അനുമതിയില്ലാതെ ഹജിനെത്തുന്നവരെ പിടികൂടാന്‍ ഡിജിറ്റല്‍ സംവിധാനം

മിനായിൽ പൊതുസുരക്ഷാ വകുപ്പ് ആസ്ഥാനത്ത് വിളിച്ചുചേർത്ത  പത്രസമ്മേളനത്തിൽ സുരക്ഷാ വകുപ്പ് മേധാവികൾ 

മക്ക- ഹജ് തീർഥാടകരുടെ പേരുവിവരങ്ങൾ അറിയുന്നതിനും അവരുടെ നിയമ സാധുത ഉറപ്പുവരുത്തുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പക്കൽ ഇലക്‌ട്രോണിക് ഉപകരണങ്ങളുണ്ടാകുമെന്നും ഹജ് അനുമതി പത്രമില്ലാത്തവരാണെന്ന് കണ്ടെത്തുന്നവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും മേജർ ജനറൽ സഈദ് അൽഖർനി പറഞ്ഞു. മിനായിൽ പൊതുസുരക്ഷാ വകുപ്പ് ആസ്ഥാനത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഒരേസമയം പത്തു ലക്ഷത്തിലേറെ പേരെ ഉൾക്കൊള്ളുന്നതിന് വിശുദ്ധ ഹറമിനു ശേഷിയുണ്ടെന്ന് ഹജ് സുരക്ഷാ സേനാ ഡെപ്യൂട്ടി കമാണ്ടറും ഹറം സുരക്ഷാ സേനാ കമാണ്ടറുമായ മേജർ ജനറൽ മുഹമ്മദ് അൽഅഹ്മദി പറഞ്ഞു. പഴയ ഹറമിനകത്ത് ഒരേ സമയം നാലു ലക്ഷം പേർക്കും മൂന്നാമത് സൗദി വികസന ഭാഗത്ത് മൂന്നു ലക്ഷം പേർക്കും മുറ്റങ്ങളിൽ നാലു ലക്ഷം പേർക്കും ഒരേസമയം നമസ്‌കാരം നിർവഹിക്കുന്നതിന് സാധിക്കും. 
മതാഫിന്റെ അഞ്ചു നിലകളിലും കൂടി മണിക്കൂറിൽ 1,05,000 പേർക്ക് ത്വവാഫ് കർമം നിർവഹിക്കുന്നതിന് സാധിക്കും. വിശുദ്ധ കഅ്ബാലയത്തോട് ചേർന്ന പ്രധാന മതാഫിൽ മണിക്കൂറിൽ 30,000 പേർക്കും മതാഫ് കോംപ്ലക്‌സിലെ അടിയിലെ നിലയിൽ മണിക്കൂറിൽ 10,500 പേർക്കും രണ്ടാം നിലയിൽ 28,500 പേർക്കും ടെറസിൽ 36,500 പേർക്കും വീൽചെയറുകൾക്കും ഇലക്ട്രിക് വീൽചെയറുകൾക്കുമുള്ള നിലയിൽ രണ്ടായിരം പേർക്കും ത്വവാഫ് കർമം നിർവഹിക്കുന്നതിന് സാധിക്കും. മതാഫിലേതിന് സമാനമായ ശേഷിയാണ് മസ്അക്കുമുള്ളതെന്ന് മേജർ ജനറൽ മുഹമ്മദ് അൽഅഹ്മദി പറഞ്ഞു. ഷട്ടിൽ സർവീസിന് അറഫ പാലം ഈ വർഷം പുതുതായി പ്രയോജനപ്പെടുത്തുമെന്ന് ട്രാഫിക് കാര്യങ്ങൾക്കുള്ള ഹജ് സുരക്ഷാ സേനാ അസിസ്റ്റന്റ് കമാണ്ടർ മേജർ ജനറൽ മുഹമ്മദ് അൽബസ്സാമി പറഞ്ഞു. ബസ് ഷട്ടിൽ സർവീസുകൾ വഴി എട്ടു ലക്ഷം ഹാജിമാർക്ക് ഈ വർഷം യാത്രാ സൗകര്യം ലഭിക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി കൂടിയായ മേജർ ജനറൽ മുഹമ്മദ് അൽബസ്സാമി പറഞ്ഞു.
 

Latest News