ജക്കാർത്ത- പ്രായ പൂർത്തിയാക്കാത്ത പെൺകുട്ടിയെ പീഡിപിച്ച കേസിൽ പത്തൊൻപത്കാരനെയും ഔദ്യോഗിക വിവാഹ ജീവിതത്തിലേക്ക് കടക്കാതെ ലൈംഗീക ബന്ധത്തിലേർപ്പെട്ട പ്രണയിനികളെയും ഉൾപ്പെടെ ഇന്തോനേഷ്യയിൽ മൂന്നു പേർക്ക് പരസ്യ ചാട്ടയടി നടപ്പാക്കി. ആച്ചെ പ്രവിശ്യയിലെ പരസ്യ ശിക്ഷാ കേന്ദ്രത്തിൽ വെച്ചാണ് ഇവർക്ക് വിധിച്ച നൂറ് ചാട്ടയടി നടപ്പാക്കിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 19 കാരനായ യുവാവാണ് പരസ്യ ചാട്ടയടിക്ക് വിധേയനാക്കി ഒരാൾ. 22 കാരിയായ യുവതിയും അവരുടെ കാമുകൻ 22 കാരനായ യുവാവുമാണ് ശിക്ഷ ഏറ്റുവാങ്ങിയവരിൽ മറ്റു രണ്ടുപേർ. പ്രണയത്തിലായ ഇരുവരും വിവാഹത്തിനു മുമ്പ് ലൈംഗീക ബന്ധത്തിലേർപ്പെട്ടതിനെ തുടർന്ന് ശരീഅത്ത് കോടതിയാണ് ഓരോരുത്തർക്കും 100 ചാട്ടയടി വിധിച്ചത്. കാമുകീ കാമുകന്മാരെ പിന്നീട് വിട്ടയക്കുമെങ്കിലും പത്തൊൻപത് കാരന് അഞ്ചു വർഷ ജയിൽ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. ശിക്ഷ നടപ്പാക്കുന്നത് കുട്ടികൾ കാണുന്നത് ഒഴിവാക്കുന്നതിനായി സ്‌റ്റേഡിയത്തിലെ പ്രത്യേകം സജ്ജമാക്കിയ കേന്ദ്രത്തിൽവെച്ചാണ് പരസ്യ ചാട്ടയടി നടപ്പാക്കിയതെന്ന് പ്രാദേശിക പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.