Sorry, you need to enable JavaScript to visit this website.

ജലീൽ മന്ത്രിയും ലീഗും പിന്നെ മലപ്പുറം ജില്ലയും  

ചിലരങ്ങനെയാണ്... അപ്രതീക്ഷിതമായി സ്ഥാനമാനങ്ങൾ കിട്ടുകയോ തിരിച്ചടികൾ നേരിടുകയോ ചെയ്താൽ സ്ഥലകാല ബോധം നഷ്ടപ്പെടും. മണ്ടത്തരങ്ങളും വിഡ്ഢിത്തങ്ങളും പറഞ്ഞു കൊണ്ടേയിരിക്കും. അത്തരമൊരു അവസ്ഥയിലാണിപ്പോൾ കെ.ടി. ജലീൽ എന്ന കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി. പി.എസ്.എം.ഒ കോളേജിലെ ചരിത്ര അധ്യാപകനായ ഡോ. കെ.ടി. ജലീലിന് ചരിത്ര ബോധം പോയിട്ട് സാമാന്യ ബോധം പോലുമില്ലെന്ന് അടിക്കടി തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
കുട്ടികളെ ചരിത്രം പഠിപ്പിക്കുന്ന, ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ ജൽപനങ്ങളെ ഇ.പി. ജയരാജൻ വിളമ്പുന്ന മണ്ടത്തരങ്ങളെ പോലെ ലഘുവായി കാണാനാവില്ല.
ഏതെങ്കിലുമൊരു നേതാവിനോടുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ പാർട്ടി മാറുന്നതോടൊപ്പം താൻ പറഞ്ഞുകൊണ്ടിരുന്ന വസ്തുതാപരമായ കാര്യങ്ങൾ മാറ്റിപ്പറയുകയോ വക്രീകരിക്കുകയോ ചെയ്യുമ്പോൾ  നഷ്ടപ്പെടുന്നത് അയാളുടെ ക്രഡിബിലിറ്റിയല്ലേ? എതിർ പാർട്ടിയെ തോൽപിക്കുന്നതിനോ യജമാന ഭക്തി കാണിക്കുന്നതിനോ വേണ്ടി താൻ പുലർത്തേണ്ട വിശ്വാസപരമായ കാര്യങ്ങളെ പോലും സംശയത്തിന്റെ ചേരുവ ചേർത്ത് പൊതുജന സമക്ഷം അവതരിപ്പിക്കുമ്പോൾ ചോർന്നുപോകുന്നത് അയാളുടെ ആദർശ ശുദ്ധിയും വ്യക്തിത്വവുമാണ്.
രാഷ്ട്രീയ വൈരം വസ്തുതകളെ വിസ്മരിക്കുന്നതിലേക്കും അസത്യം പ്രചരിപ്പിക്കുന്നതിലേക്കും അദ്ദേഹത്തെ നയിക്കുന്നവെന്നതിന്റെ അവസാനത്തെ തെളിവാണ് ഈയിടെ നിയമസഭയിൽ നടത്തിയ പ്രസംഗം. ചരിത്രപരവും വസ്തുതാപരവുമായ പിശകുകൾ നിറഞ്ഞതാണത്. മലപ്പുറം ജില്ലയുടെ രൂപീകരണവും അവിടത്തെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ അടിസ്ഥാനമായ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുമായും ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞത് യാഥാർത്ഥ്യങ്ങൾ തമസ്‌കരിച്ചുകൊണ്ടാണ്. മുസ്‌ലിം ലീഗ് ഉൾപ്പെട്ട രണ്ടാം ഇ.എം.എസ് സർക്കാരാണ് മലപ്പുറം ജില്ല രൂപീകരിച്ചതും കാലിക്കറ്റ് സർവകലാശാല കൊണ്ടുവന്നതുമെന്നതിനപ്പുറമുള്ള പച്ചയായ യാഥാർത്ഥ്യങ്ങളെ മറച്ചുവെച്ചുകൊണ്ട് നടത്തിയ പ്രസംഗം മന്ത്രിക്കസേരയുടെ ഇളകിയ കാലുകൾ പിടിച്ചു നിർത്തുന്ന പിണറായി വിജയനുള്ള ഉപകാര സ്മരണയാകാനേ തരമുള്ളൂ.
ന്യൂനപക്ഷ പ്രേമം മൂത്ത് ഇ.എം.എസും കൂട്ടരും വെള്ളിത്തളികയിൽ സമർപ്പിച്ചതല്ല മലപ്പുറം ജില്ലയും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുമെന്ന് മറ്റാരേക്കാളും നല്ല ബോധ്യമുള്ള ആളാണ് കെ.ടി. ജലീൽ. 'ഇസ്തിരിയിട്ട' പദങ്ങൾ കൊണ്ട് കനമുള്ള ശബ്ദത്തിലും ആകർഷണീയ ശൈലിയിലുമുള്ള ജലീലിന്റെ പഴയകാല പ്രഭാഷണങ്ങൾ തന്നെ അത് സാക്ഷ്യപ്പെടുത്തും.

വിവാദങ്ങളിൽനിന്ന് വിവാദങ്ങളിലേക്ക്

മന്ത്രിക്കസേരക്ക് എത്രമേൽ മധുരമുണ്ടെന്ന് പറയാതെ പറയുന്നതാണ് അദ്ദേഹത്തിന്റെ പല പ്രസ്താവനകളും പ്രകടനങ്ങളും. മത ചിന്തകളും നിയമങ്ങളും ഇതര മതസ്ഥർക്കിടയിൽ അവമതിപ്പുണ്ടാക്കുന്ന തരത്തിൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹം ആനന്ദ നിർവൃതി കൊള്ളുന്നു. മന്ത്രിക്കസേരക്ക് ഇളക്കം തട്ടാതിരിക്കാൻ കമ്യൂണിസം സമം ചേർത്ത പ്രഭാഷണമാണിപ്പോൾ ജലീലിന് പഥ്യം!
നാക്ക് പിഴ അഥവാ ആകസ്മികം എന്ന ലേബൽ പതിച്ചു നൽകി ജലീൽ സൃഷ്ടിച്ച താടി വിവാദം എഴുതിത്തള്ളുകയായിരുന്നു കേരളീയ മുസ്‌ലിം സമൂഹം. താടി വളർത്തുന്നതുമായി ബന്ധപ്പെട്ട ഒരു പോലീസുകാരന്റെ പരാതിയിൽ ടി.വി. ഇബ്രാഹിം എം.എൽ.എ ഗവൺമെന്റിന്റെ നിലപാട് ആരാഞ്ഞപ്പോൾ ലീഗ് എം.എൽ.എമാർക്ക് താടിയുണ്ടോ എന്ന മറുചോദ്യമുന്നയിച്ച് ഒരു വിശുദ്ധ നിയമത്തെ പരിഹസിക്കാൻ ജലീൽ കാണിച്ച ആവേശം പക്ഷേ, തീർത്തും മനഃപൂർവമായിരുന്നുവെന്ന് പിന്നീട് പല കാര്യങ്ങളിൽനിന്ന് ബോധ്യമായി. ബാബ്‌രി മസ്ജിദ് തകർത്ത കർസേവകരിൽ ഒരാളും സംഘപരിവാർ രാഷ്ട്രീയത്തോട് ഇന്നും ചേർന്ന് നിൽക്കുകയും ചെയ്യുന്ന സി.പി. സുഗതനെ ഖലീഫ ഉമറി (റ) നോട് ഉപമിച്ചതും കേരളത്തിലെ സമുന്നതരായ മുസ്‌ലിം പണ്ഡിതരെ അവമതിച്ച് സംസാരിച്ചതും മുസ്‌ലിം മനസ്സുകളെ വ്രണപ്പെടുത്തിയിട്ടുണ്ട്.
വ്യക്തി വിദ്വേഷം മൂലം പാർട്ടി മാറി അധികാരത്തിലേറിയ ജലീൽ ഇന്ന് ചിത്തഭ്രമം ബാധിച്ചത് പോലെയാണ് സംസാരിക്കുന്നതും പെരുമാറുന്നതും. തന്റെ സിരകളിൽ കമ്യൂണിസ്റ്റ് രക്തം ഓടിത്തുടങ്ങിയെന്ന് സഖാക്കളെ ബോധിപ്പിക്കാൻ അദ്ദേഹത്തിന്റെ നാക്കിൽ നിന്നും ഇസ്‌ലാമിക തത്വസംഹിതക്ക് നിരക്കാത്ത വചനങ്ങൾ ധാരാളം പ്രവഹിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ.
അമുസ്‌ലിംകളായ ചില രാഷ്ട്രീയ നേതാക്കളുടെ പേര് പറഞ്ഞ് അവർ സ്വർഗ പ്രവേശനത്തിന് അർഹരാണെന്ന് വിശ്വസിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും ഈ വിഷയത്തിൽ ലീഗ് നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്നും ജലീൽ പറഞ്ഞത് എത്രമേൽ പരിഹാസ്യമാണ്. ഈ വിഷയത്തിൽ ജലീൽ മന്ത്രിയുടെ മനഃസാക്ഷി എന്ത് മറുപടിയാണ് പറയുന്നതെന്ന് കേൾക്കാനാണ് കേരളീയ മുസ്‌ലിംകൾക്ക് താൽപര്യം.
നന്മയും തിന്മയും ഓരോ മതങ്ങളും കൃത്യമായി നിർവചിച്ചിട്ടുണ്ട്. ഓരോ മതത്തിന്റെയും നിലപാടുകൾക്ക് അതിന്റേതായ ന്യായാന്യായങ്ങളുമുണ്ട്. ഹിന്ദുമത വിശ്വാസികളുടെ മരണാനന്തര സങ്കൽപമല്ല മുസ്‌ലിം വിശ്വാസത്തിലുള്ളത്. 
രാഷ്ട്രീയ എതിരാളികളെ പൊതു സമൂഹത്തിൽ താറടിച്ചു കാണിക്കാൻ താൻ വിശ്വസിക്കേണ്ട അടിസ്ഥാനപരമായ മതനിയമങ്ങളെ പോലും ബലി കൊടുക്കാൻ മാത്രം അധഃപതിക്കുന്ന അവസ്ഥയിലേക്ക് ജലീൽ മാറുന്നുവെന്നത് അദ്ഭുതാവഹമാണ്.

മലപ്പുറം ജില്ല രൂപീകരണം, കാലിക്കറ്റ് സർവകലാശാല

ലീഗ് നേതൃത്വം ശേഷിയും ശേമുഷിയും ഉപയോഗിച്ച് നേടിയെടുത്തത് തന്നെയാണ് മലപ്പുറം ജില്ലയും കാലിക്കറ്റ് സർവകലാശാലയും. മലപ്പുറം ജില്ലയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് ചിന്ത വാരികയിലെ ഒരു ചോദ്യത്തിന് 1969 ഒക്ടോബറിൽ ഇ.എം.എസ് കൊടുത്ത മറുപടി മാത്രം മതി ആ വിഷയത്തിൽ ലീഗിന്റെ പങ്കും സി.പി.എമ്മിന്റെ താൽപര്യമില്ലായ്മയും ബോധ്യപ്പെടാൻ. 'ജില്ലാ രൂപീകരണത്തിന് സി.പി.എം എതിരായിരുന്നെങ്കിലും രണ്ട് ലീഗ് മന്ത്രിമാരുടെ തന്ത്രങ്ങൾക്ക് മറുതന്ത്രം മെനയുന്നതിൽ പാർട്ടി പരാജയപ്പെട്ടു'വെന്നാണ് ഇ.എം.എസ് അന്ന് എഴുതിയത്.
മലപ്പുറം ജില്ല രൂപീകരിക്കണമെന്ന ആവശ്യം കേരള നിയമസഭയിൽ ആദ്യമായി ഉയരുന്നത് 1960 ലാണ്. ലീഗ് എം.എൽ.എ പി. അബ്ദുൽ മജീദാണ് അന്നതുന്നയിച്ചത്. പിന്നീട്, 1967 ലെ ഇ.എം.എസിന്റെ നേതൃത്വത്തിലെ സപ്തകക്ഷി മുന്നണിയിൽ ചേരാനുള്ള ചർച്ച ബാഫഖി തങ്ങൾക്കും ഇ.എം.എസിനുമിടയിൽ നടന്നപ്പോൾ ലീഗ് ചില ഉപാധികൾ മുന്നോട്ടുവെച്ചു. പുതിയൊരു ജില്ല രൂപീകരിക്കണമെന്നും അതിന്റെ ആസ്ഥാനം മലപ്പുറമോ മഞ്ചേരിയോ ആകണമെന്നതായിരുന്നു ഒരു ആവശ്യം. മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങളിൽ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരു യൂനിവേഴ്‌സിറ്റിയും സ്ഥാപിക്കണമെന്നതായിരുന്നു മറ്റൊരു ഉപാധി. ഈ ഉപാധികൾ അംഗീകരിക്കപ്പെടുകയും സപ്തകക്ഷി മുന്നണി അധികാരത്തിലേറിയാൽ വിദ്യാഭ്യാസ വകുപ്പ് തന്നെ ലീഗിന് നൽകാമെന്ന് ധാരണയുമായ ശേഷമാണ് മുന്നണി പ്രവേശം നടന്നത്.
തുടർന്ന് ഇ.എം.എസിന്റെ നേതൃത്വത്തിൽ അധികാരത്തിലേറിയ സി.പി.എം, സി.പി.ഐ, ആർ.എസ്.പി തുടങ്ങിയ പാർട്ടികൾ ഉൾക്കൊള്ളുന്ന സപ്തകക്ഷി മുന്നണി സർക്കാരിൽ സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസ വകുപ്പിന്റെയും ബാപ്പു കുരിക്കൾ പഞ്ചായത്ത്, ഫിഷറീസ് വകുപ്പിന്റെയും ചുമതല വഹിക്കുന്ന മന്ത്രിമാരായി. ചരിത്രത്തിലാദ്യമായി രാജ്യത്ത് ലീഗിന് അധികാരത്തിലേറാനുള്ള അവസരം.
1968 ൽ കോഴിക്കോട്ട് നടന്ന സംസ്ഥാന സമ്മേളനത്തിൽ പാലക്കാട്, കോഴിക്കോട് ജില്ലകളെ വിഭജിച്ച് മലപ്പുറം ജില്ല രൂപീകരിക്കണമെന്ന പ്രമേയം സി.എച്ച്. മുഹമ്മദ് കോയ അവതരിപ്പിച്ചു. ഇതോടെ ഈ ആവശ്യത്തിനെതിരെ കേരളത്തിൽ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയർന്നു. ജനസംഘവും അർ.എസ്.എസും കോൺഗ്രസും ഇതിനെതിരെ പരസ്യമായി രംഗത്തു വന്നു. റവന്യൂ മന്ത്രിയായിരുന്ന കെ.ആർ. ഗൗരിയമ്മയടക്കമുള്ള സി.പി.എം നേതാക്കളും പല എം.എൽ.എമാരും പുതിയ ജില്ലയ്‌ക്കെതിരെ നിലപാടെടുത്തു. ലീഗ് നേതാക്കൾക്ക് നൽകിയ ഉറപ്പ് ഇ.എം.എസ് തന്ത്രപരമായി നിഷേധിച്ചു. എന്നാൽ ആവശ്യത്തിൽനിന്ന് പിന്നോക്കം പോകാൻ ലീഗും തയാറായില്ല. മുന്നണി പ്രക്ഷുബ്ധമായി.
ഒടുവിൽ മുന്നണി യോഗം തിരുവനന്തപുരത്ത് ചേർന്നു. പതിവിന് വിപരീതമായി ബാഫഖി തങ്ങൾ ലീഗിനെ പ്രതിനിധീകരിച്ച് മുന്നണി യോഗത്തിൽ പങ്കെടുത്ത് മലപ്പുറം ജില്ലക്കെതിരെയുള്ള വാദങ്ങളെ ഖണ്ഡിക്കുകയും മുന്നണി രൂപീകരണ സമയത്ത് ലീഗിന് നൽകിയ ഉറപ്പ് ബോധ്യപ്പെടുത്തുകയും ചെയ്തതോടെ ഇ.എം.എസിന് മുട്ടുമടക്കേണ്ടി വന്നു. അങ്ങനെയാണ് 1969 ജൂൺ 16 ന് മലപ്പുറം ജില്ല രൂപം കൊള്ളുന്നത്.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ചരിത്രവും വ്യത്യസ്തമല്ല. സി.എച്ചെന്ന വിദ്യാഭ്യാസ മന്ത്രിയുടെ സ്വപ്രയത്‌നം തന്നെയാണത്. വിദ്യാഭ്യാസമാണ് പുരോഗതിക്കുള്ള പ്രഥമവും പ്രധാനവുമായ പാതയെന്ന് സമുദായത്തെ ഓർമിപ്പിച്ചു കൊണ്ടിരുന്ന ഈ ധിഷണാശാലിയായ നേതാവിന്റെ ഇഛാശക്തിക്ക് മുമ്പിലാണ് പ്രതിബന്ധങ്ങൾ വഴിമാറിയത്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ തറക്കല്ലിടൽ ചടങ്ങിൽ മലപ്പുറത്തുകാരായ മുഖ്യമന്ത്രി ഇ.എം.എസും ട്രാൻസ്‌പോർട്ട് മന്ത്രി ഇമ്പിച്ചി ബാവയുമുൾപ്പെടെ സി.പി.എം മന്ത്രിമാർ ആരും പങ്കെടുക്കാത്തതു തന്നെ ഇക്കാര്യത്തിൽ ഇവരുടെ താൽപര്യമില്ലായ്മയുടെ ഉദാഹരണമാണ്.
സംസ്ഥാന മുഖ്യമന്ത്രിയുടെയും സഹ മന്ത്രിമാരുടെയും പ്രൗഢമായ വേദിയിൽ രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ചെയ്യേണ്ട ഒരു മഹത്തായ കർമം നിർവഹിച്ചത് വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ് കോയ. 
ഒരുപക്ഷേ, സംസ്ഥാന വിദ്യാഭ്യാസ മന്ത്രി തറക്കല്ലിട്ട ഇന്ത്യയിലെ ഏക യൂനിവേഴ്‌സിറ്റി കാലിക്കറ്റ് സർവകലാശാലയായിരിക്കും. തറക്കലിടൽ ചടങ്ങിന്റെ ഫോട്ടോയിൽ സി.എച്ചിനൊപ്പം ബാഫഖി തങ്ങളുൾപ്പെടെയുള്ള ലീഗ് നേതാക്കളെയും മലപ്പുറത്തെ ചില 'മിതീൻകുട്ടിമാരെ'യും (ജലീലിന്റെ ഭാഷയിൽ) മാത്രമേ കാണാനാവൂ. മലപ്പുറം ജില്ലയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് കലക്ടർ ഭാസ്‌കരൻ നായർ ഐ.എ.എസ് ആണെന്നതും ഇതോട് ചേർത്ത് വായിക്കണം.

DOWNLOAD MALAYALAM NEWS APP

 

Latest News