Sorry, you need to enable JavaScript to visit this website.

സാമുദായിക കലാപങ്ങളിൽനിന്ന് ആൾക്കൂട്ട കൊലകളിലേക്ക്


രാജ്യത്ത് വർധിച്ചു വരുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്കും, ജയ് ശ്രീറാം വിളിക്കാൻ പറഞ്ഞ് ആളുകളെ മർദിക്കുകയും കൊല്ലുകയും ചെയ്യുന്നതിനും എതിരെയാണ് അടൂർ ഗോപാലകൃഷ്ണൻ അടക്കം 49 പ്രമുഖ കലാ സാംസ്‌കാരിക പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് തുറന്ന കത്തെഴുതിയത്. ജയ് ശ്രീറാം വിളി ഇപ്പോൾ കൊലവിളിയായി മാറിയിരിക്കുകയാണെന്നും അടൂർ ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. 
സാമുദായിക കലാപങ്ങളിൽനിന്ന് ആൾക്കൂട്ട കൊലകളിലേക്ക് പ്രവർത്തന ശൈലി കേന്ദ്രീകരിച്ചിരിക്കുന്നു ഇന്ന് ഇന്ത്യയിൽ ഫാസിസ്റ്റുകൾ എന്നാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളിൽനിന്ന് വ്യക്തമാവുന്നത്. ആളെ മണിക്കൂറുകളോളം കെട്ടിയിട്ട് ഇഞ്ചിഞ്ചായി ചതച്ചു കൊല്ലുന്നു അവർ. ഈ സമയമത്രയും ജയ് ശ്രീറാം വിളിക്കുന്ന അക്രമികൾ, ഇരകളോട് അങ്ങനെ വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. സംഘർഷമാകുമ്പോൾ രണ്ടു ഭാഗത്തും ആൾനാശം ഉണ്ടാകും, ഇതാകുമ്പോൾ ഏകപക്ഷീയവും. കൂടാതെ ജനങ്ങളെ ഭീതിപ്പെടുത്തുക എന്ന ലക്ഷ്യം ഫലപ്രദമായി സാധിച്ചെടുക്കുകയും ചെയ്യുന്നു. 
മുഹമ്മദ് അഖ്‌ലാഖിന്റെ കൊലക്കു ശേഷം അവരുടെ കുടുംബം ഒന്നടങ്കം സംസ്ഥാനം തന്നെ മാറി താമസിച്ചു.
 അഖ്‌ലാഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രവീൺ സിസോദിയ ജയിലിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചപ്പോൾ ദേശീയ പതാക പുതപ്പിക്കുകയാണ് സംഘപരിവാർ ചെയ്തത്. സ്വന്തം മകനെ ഇന്ത്യൻ വ്യോമസേനയിലേക്ക് പറഞ്ഞയച്ച അഖ്‌ലാഖിനാകട്ടെ തകർന്ന തലയോട്ടിയുമായി ഈ ലോകം വിടാനായിരുന്നു വിധി.
രാജ്യത്തിനു തന്നെ നാണക്കേടായ ഇത്തരം സംഭവങ്ങൾ അനുദിനം ആവർത്തിക്കുമ്പോഴും, ഭരണകൂടം പുലർത്തുന്ന ഉദാസീനത അക്രമികൾക്ക് വളമാവുകയാണ്. അവർ കൂടുതൽ കടുത്ത അക്രമങ്ങളിലേക്ക് തിരിയുന്നു. അതിന്റെ ഭാഗമാണ് അടൂർ ഗോപാലകൃഷ്ണനെതിരായ ആക്രോശവും. അടൂർ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിൽ പ്രതിഷേധിച്ച് രംഗത്തെത്തിയ ബി.ജെ.പി നേതാവ് ഗോപാലകൃഷ്ണന്റെ വെല്ലുവിളി കേരളത്തിലും അത്തരക്കാരുടെ എണ്ണം കൂടുന്നു എന്നതിന് തെളിവാണ്. ജയ് ശ്രീറാം വിളി സഹിക്കാനാവാത്തവർ ചന്ദ്രനിലേക്ക് പോകണമെന്നാണ് ബി.ജെ.പി നേതാവ് ആവിശ്യപ്പെടുന്നത്. ജയ് ശ്രീറാം വിളി സഹിക്കാൻ കഴിയാത്തവർ ഇന്ത്യയിൽ ആരുമില്ല. പക്ഷേ ശ്രീരാമനെയും ഹനുമാനെയും കൊലവിളിക്കു വേണ്ടിയുള്ള ചിഹ്നങ്ങളാക്കാൻ ഇവർക്ക് ആരാണ് അധികാരം കൊടുത്തത്? പശുവിനെ ആരാധിക്കുന്നവർക്കു ആരാധിക്കാം. അല്ലാത്തവർക്ക് വേണ്ടെന്നു വെക്കാം. വാസ്തവത്തിൽ ഇത്തരം അതിക്രമങ്ങളിലൂടെ ഇക്കൂട്ടർ നിന്ദിക്കുന്നത് ഹൈന്ദവ പ്രതീകങ്ങളെ തന്നെയാണ്. 
ശത്രുവിന്റെ മിത്രത്തോടു പോലും ദയ കാണിച്ച മഹാ മനസ്‌കതയുടെ പേരാണ് ശ്രീരാമൻ. കോടിക്കണക്കിനു ഹൈന്ദവ മതവിശ്വാസികൾ അവരുടെ പുണ്യ അവതാരമായി കാണുന്ന ശ്രീരാമനെയാണ് ഇവർ ആളുകളെ കൊല്ലുമ്പോൾ അവരെക്കൊണ്ട് വിളിപ്പിക്കുന്നത്. ഇതു തന്നെയാണ് അടൂർ ചൂണ്ടിക്കാട്ടിയതും. 
ഗോഡ്‌സേയുടെ വെടിയേറ്റ് പിടഞ്ഞു വീണു മരിക്കുമ്പോൾ ഗാന്ധിജിയുടെ നാവിൽ തുമ്പിൽ നിന്നും അടർന്നു വീണത് ഹരേ റാം, ഹരേ റാം' എന്നായിരുന്നു. ഗാന്ധിജി തന്നെയാണ് ഇന്ത്യയിൽ ഹിന്ദുക്കളുടെ പ്രതീകവും അടയാളവും. മത സൗഹാർദത്തിന്റെ, സ്‌നേഹത്തിന്റെ, സഹിഷ്ണുതയുടെ പാരമ്പര്യമാണ് മഹത്തായ ഭാരതത്തിനുള്ളത്. അല്ലാതെ വിദ്വേഷത്തിന്റെയും അസഹിഷ്ണതയുടെയും അല്ല. വർഗീയ ശക്തികളെ തുറന്നു കാട്ടിയും നെഗറ്റീവായ കാര്യങ്ങൾ തിരസ്‌കരിച്ചും, പോസിറ്റീവായ കാര്യങ്ങൾ ഉയർത്തിപ്പിടിച്ചും നമുക്ക് മുന്നേറേണ്ടതുണ്ട്. ഇന്ത്യൻ സാഹചര്യത്തിൽ യഥാർത്ഥ ഇങ്ങനെയുള്ള പ്രവർത്തനം സാധ്യമാകാനെങ്കിൽ യഥാർത്ഥ പാരമ്പര്യത്തെ തിരിച്ചു പിടിക്കേണ്ടിവരും. 
മതത്തിന്റെ ശരിയായ വഴികൾ വരച്ചു കാണിക്കേണ്ടി വരും. അല്ലാത്ത പക്ഷം ജയ് ശ്രീറാം വിളികൾ ഒരു കൂട്ടർ ആൾക്കൂട്ട കൊലപാതങ്ങൾക്കും എല്ലാ അധർമത്തിനും വേണ്ടി ദുരുപയോഗം ചെയ്യും.  

Latest News