Sorry, you need to enable JavaScript to visit this website.

പാറയിടിച്ചിൽ; ദേശീയ പാതയിലെ നിർമാണ ജോലി പുരോഗമിക്കുന്നു; ഒരുമാസത്തിലേറെ സമയം വേണ്ടിവരും

ദേശീയ പാത 85ൽ ഇടിഞ്ഞ പാറകൾ നീക്കം ചെയ്യുന്നത് പുരോഗമിക്കുന്നു.

ഇടുക്കി - മലയിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ട ദേശിയപാത 85 ലെ ലോക്കാട് ഗ്യാപ്പിൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായുള്ള നിർമാണ ജോലികൾ പുരോഗമിക്കുന്നു. മുകളിൽനിന്നും ഇടിഞ്ഞുവീണ കൂറ്റൻ പാറകൾ 100 മീറ്ററോളം ദേശിയപാത ഇല്ലാതാക്കി. നിലവിലെ സാഹചര്യത്തിൽ പാത പഴയ പടിയാക്കണമെങ്കിൽ ഒരു മാസത്തിലധികം വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ഇടിഞ്ഞെത്തിയ പാറക്കല്ലുകൾ ഒന്നിന് മുകളിൽ ഒന്നായി അടുങ്ങിയ നിലയിലാണ്. ഇവ പൊട്ടിച്ച് നീക്കാൻ ഏറെ ദിവസങ്ങളിലെ പരിശ്രമം വേണ്ടിവരും.
ഇരുഭാഗത്തുനിന്നും കല്ലുകൾ പൊട്ടിച്ച് നീക്കുന്ന ജോലികളാണിപ്പോൾ നടന്നു വരുന്നത്. ഇടക്കിടെയുണ്ടാകുന്ന മൂടൽ മഞ്ഞ് നിർമാണ ജോലികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇടിഞ്ഞെത്തിയ പാറകൾ നീക്കിയ ശേഷം പാത സംരക്ഷണ ഭിത്തി നിർമിച്ച് ബലപ്പെടുത്തേണ്ടി വരും. ഇടിഞ്ഞതിനോട് ചേർന്നുള്ള മലയുടെ ഭാഗവും അപകടാവസ്ഥയിലാണ്. പാറകൾ നീക്കം ചെയ്യുന്നതോടൊപ്പം അപകടാവസ്ഥയിൽ തുടരുന്ന ഭാഗം പൊട്ടിച്ച് നീക്കി സുരക്ഷ ഉറപ്പു വരുത്തേണ്ടതുണ്ട്. മറ്റനിഷ്ടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്ന് അനുമാനിക്കുമ്പോഴും എന്തെങ്കിലും പാറകൾക്കിടയിൽ കുരുങ്ങികിടപ്പുണ്ടാകുമോയെന്ന ആകാംക്ഷക്ക് ഇനിയും അറുതി വന്നിട്ടില്ല.
ദേവികുളം സബ് കലക്ടർ രേണുരാജ് കഴിഞ്ഞ ദിവസം സംഭവ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഗതാഗതം തടസ്സപ്പെട്ടതോടെ ചിന്നക്കനാൽ മേഖലയിൽ പഠനം നടത്തിയിരുന്ന കുട്ടികളും പ്രതിസന്ധിയിലാണ്. നിലവിൽ ലോക്കാട് ഗ്യാപ്പിൽ നിന്നും മുട്ടുകാട് വഴി വേണം വിദ്യാർഥികൾ സ്‌കൂളുകളിൽ എത്തിച്ചേരാൻ. 
അതേസമയം നിർമാണം നടക്കുന്ന ദേശിയപാതയുടെ ഇരു ഭാഗങ്ങളിലായി സി.സി.ടി.വി നിരീക്ഷണം ഏർപ്പെടുത്തണമെന്ന ആവശ്യം പ്രദേശവാസികൾ മുമ്പോട്ട് വെക്കുന്നുണ്ട്. അപ്രതീക്ഷിതമായി അത്യാഹിതം സംഭവിച്ചാൽ ആളുകളോ വാഹനങ്ങളോ അപകടത്തിൽ പെട്ടിട്ടുണ്ടോയെന്ന് ഉറപ്പു വരുത്താൻ അത് സഹായകരമാകുമെന്ന് നാട്ടുകാർ പറയുന്നു.
 

Latest News