കൊച്ചി - നടൻ മോഹൻലാലിന് ആനക്കൊമ്പ് കൈവശം വെക്കാൻ അനുമതി നൽകിയതിൽ ഹൈക്കോടതിക്ക് അതൃപ്തി. സർക്കാരിന് നിയമാനുസൃതം പ്രവർത്തിക്കാൻ ബാധ്യതയുണ്ടന്ന് കോടതി ഓർമിപ്പിച്ചു. വനം വകുപ്പ് 2012 ൽ എടുത്ത കേസിൽ ഒരു തുടർ നടപടിയുമില്ലന്ന് കോടതി വിമർശിച്ചു.
തുടർ നടപടികൾ ഇനിയും പൂർത്തിയായിട്ടില്ല. അകാരണമായ കാലതാമസം കാണുന്നതായും കോടതി ചൂണ്ടിക്കാട്ടി മോഹൻലാൽ നിയമ വിരുദ്ധമായി ആനക്കൊമ്പ് കൈവശം വെച്ചന്നാണ് മജിസ്‌ട്രേറ്റ് കോടതിയുടെ മുന്നിലുള്ള കേസെന്നും ഇതിൽ തീർപ്പാവും മുമ്പാണ് ഉടമസ്ഥാവകാശം ക്രമപ്പെടുത്തിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. അനുമതിയില്ലാതെ ആനക്കൊമ്പ് സൂക്ഷിച്ചെന്നാണ് വനം വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ആനക്കൊമ്പ് കൈവശം വെക്കാൻ മുൻകാല പ്രാബല്യത്തോടെ അനുമതി നൽകിയതായി മജിസ്‌ട്രേറ്റ് കോടതിയെ അറിയിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിർദേശിച്ചു. കേസ് ഒരു മാസത്തിനു ശേഷം പരിഗണിക്കും. മോഹൻലാലിന് ആനക്കൊമ്പ് കൈവശം വെക്കാൻ അനുമതി നൽകിയ സർക്കാർ നടപടി ചോദ്യം ചെയ്ത് ഏലൂർ സ്വദേശി എ.എ.പൗലോസ് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിന്റെ പരിഗണനയിലുള്ളത്.