പുരാതന ആചാരം നിഷ്‌കാസനം ചെയ്തു; ഇന്ത്യ ആഹ്ലാദിക്കന്നുവെന്ന് മോഡി

ന്യൂദല്‍ഹി- മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ രാജ്യസഭ പാസ്സാക്കിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ട്വീറ്റ്. രാജ്യത്തെ മുസ്ലിം സമൂഹത്തെ ബാധിച്ചിരുന്ന മുത്തലാഖ് എന്ന പുരാതനമായ ആചാരത്തെ നിഷ്‌കാസനം ചെയ്യാന്‍ സാധിച്ചുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ഒരു പുരാതന ആചാരത്തെ ഒടുവില്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ എറിയാന്‍ സാധിച്ചു. മുത്തലാഖ് നിയമവിരുദ്ധമാക്കുകയും മുസ്ലിം സ്ത്രീകളോട് കാട്ടിയിരുന്ന ചരിത്രപരമായ  തെറ്റിനെ തിരുത്തുകയും ചെയ്തിരിക്കുന്നു. ലിംഗനീതിയുടെ ഈ വിജയം സമൂഹത്തില്‍ കൂടുതല്‍ തുല്യത കൊണ്ടുവരും. ഇന്ത്യ ഇന്ന് ആഹ്ലാദിക്കുകയാണ്- മോഡി പറഞ്ഞു.
പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബില്ലിനെ പിന്തുണച്ച എല്ലാ പാര്‍ട്ടികള്‍ക്കും എംപിമാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. അവര്‍ സ്വീകരിച്ച നിലപാട് ഇന്ത്യയുടെ ചരിത്രത്തില്‍ എക്കാലവും സ്മരിക്കപ്പെടുമെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

 

Latest News