റിയാദ് - ഹജ് തത്സമയം റിപ്പോർട്ട് ചെയ്യുന്നതിന് ആഗ്രഹിക്കുന്ന ചാനലുകളും മാധ്യമ സ്ഥാപനങ്ങളും ലൈവ് സംപ്രേഷണങ്ങൾക്കുള്ള ഉപകരണങ്ങൾക്ക് പ്രത്യേകം ലൈസൻസ് നേടണമെന്ന് ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ ആവശ്യപ്പെട്ടു. ലൈസൻസ് നേടുന്നതിന് ഇ-മെയിൽ വഴി പ്രത്യേക ഫോറം പൂരിപ്പിച്ച് നൽകുകയും കമ്മീഷനുമായി ആശയവിനിമയം നടത്തുകയും വേണം. ദുൽഹജ് ആറു വരെ ലൈസൻസിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഹജ് റിപ്പോർട്ടിംഗിൽ പങ്കെടുക്കുന്ന മുഴുവൻ മാധ്യമങ്ങളും തങ്ങൾ നൽകുന്ന മുഴുവൻ മാധ്യമ സേവനങ്ങൾക്കും ആവശ്യമായ ലൈസൻസുകൾ നേടൽ നിർബന്ധമാണ്. നിയമ, നിർദേശങ്ങൾ പാലിക്കാത്ത മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്ന് ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ മുന്നറിയിപ്പ് നൽകി.