മക്ക- ഹജ് അനുമതി പത്രമില്ലാത്തവരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച രണ്ടു സൗദി പൗരന്മാരെ ജവാസാത്ത് ഡയറക്ടറേറ്റിനു കീഴിൽ മക്കക്കു സമീപമുള്ള ചെക്ക് പോസ്റ്റുകളിൽ പ്രവർത്തിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികൾ ശിക്ഷിച്ചു. സൗദി പൗരൻ ജമീൽ ഖിദ്ർ ജമീൽ അൽഹർബിക്ക് പതിനഞ്ചു ദിവസം തടവും 1,50,000 റിയാൽ പിഴയും അബ്ദുൽഅസീസ് മുസല്ലത് അൽദുഫൈരിക്ക് പതിനഞ്ചു ദിവസം തടവും 40,000 റിയാൽ പിഴയുമാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികൾ വിധിച്ചത്.
സൗദി പൗരന്മാരും വിദേശികളും ഹജ് നിയമ, നിർദേശങ്ങൾ പാലിക്കണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ഹജ് നിർവഹിക്കുന്നതിന് ആഗ്രഹിക്കുന്നവർ നിയമാനുസൃത നടപടിക്രമങ്ങൾ പാലിച്ച് ഹജ് അനുമതി പത്രം നേടണം. നിയമലംഘകരെ പിടികൂടി ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ സുരക്ഷാ ഉദ്യോഗസ്ഥർ ശക്തമായ പരിശോധനകൾ നടത്തുന്നുണ്ടെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.
നിയമം ലംഘിച്ച് മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുന്നതിൽനിന്ന് വാഹനങ്ങളെ വിലക്കുന്നതിനും നിയമ ലംഘകരുടെ വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും ട്രാഫിക് പോലീസുകാർ ശക്തമായ പരിശോധനകൾ നടത്തുമെന്ന് പൊതുസുരക്ഷാ വകുപ്പ് വക്താവ് ബ്രിഗേഡിയർ സാമി അൽശുവൈരിഖ് പറഞ്ഞു. ദുൽഹജ് അഞ്ചിന് രാവിലെ മുതൽ ദുൽഹജ് 13 അവസാനിക്കുന്നതു വരെ ഹജ് തീർഥാടകർക്ക് യാത്രാ സൗകര്യം നൽകുന്നതിന് പ്രത്യേകം ലൈസൻസ് നേടിയ വാഹനങ്ങളും, പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് ലൈസൻസ് നേടിയ ഹജ് സർവീസ് സ്ഥാപനങ്ങൾക്കു കീഴിലെ സൂപ്പർവൈസർമാരുടെയും ജീവനക്കാരുടെയും വാഹനങ്ങളും ഒഴികെ ഒരു വാഹനങ്ങളും പുണ്യസ്ഥലങ്ങളിലേക്ക് കടത്തിവിടില്ല.
ഇരുപത്തിയഞ്ചു സീറ്റിൽ കുറവുള്ള, വിദേശ നമ്പർ പ്ലേറ്റുള്ള വാഹനങ്ങളും മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുന്നതിന് അനുവദിക്കില്ല. ഇത്തരം വാഹനങ്ങൾ മക്കയുടെ പ്രവേശന കവാടങ്ങളിലുള്ള പാർക്കിംഗുകളിലേക്ക് നീക്കി യാത്രക്കാരായ തീർഥാടകരെ പൊതുഗതാഗത സംവിധാനങ്ങളിൽ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കും. ഇഹ്‌റാം വേഷത്തിലുള്ളവർ ഓടിക്കുന്ന, ഇരുപത്തിയഞ്ചു സീറ്റിൽ കുറവ് ശേഷിയുള്ള, സൗദി നമ്പർ പ്ലേറ്റുള്ള വാഹനങ്ങളും മക്കയിൽ പ്രവേശിക്കുന്നതിന് അനുവദിക്കില്ല. ഇത്തരം വാഹനങ്ങളും മക്കയുടെ പ്രവേശന കവാടങ്ങളിലുള്ള പാർക്കിംഗുകളിലേക്ക് മാറ്റി യാത്രക്കാരായ തീർഥാടകരെ പൊതുഗതാഗത സംവിധാനങ്ങളിൽ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കും. യാത്രക്കാരെ കൂലിക്ക് നീക്കം ചെയ്യുന്നതിന് ലൈസൻസുള്ള എല്ലാ വാഹനങ്ങളെയും വിലക്കിൽനിന്ന് ഒഴിവാക്കും. നിയമം ലംഘിച്ച് മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുന്ന വാഹനങ്ങൾ തടയുന്നതിനും കസ്റ്റഡിയിലെടുത്ത് ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ ദുൽഹജ് നാലിന് അർധരാത്രിയോടെ ട്രാഫിക് പോലീസുകാർ പരിശോധന ആരംഭിക്കും.
വിദേശങ്ങളിൽനിന്ന് കര മാർഗം എത്തുന്ന തീർഥാടകരുടെ, ഇരുപത്തിയഞ്ചും അതിൽ കൂടുതലും സീറ്റുകളുള്ള ബസുകൾക്ക് ട്രാഫിക് പോലീസിന്റെ മേൽനോട്ടത്തിൽ പ്രത്യേക റോഡുകൾ നിശ്ചയിച്ചു നൽകുകയും നീക്കങ്ങൾ ക്രമീകരിക്കുകയും ചെയ്യും. ബൈക്കുകളും സൈക്കിളുകളും പുണ്യസ്ഥലങ്ങളിൽ വിലക്കും. ഔദ്യോഗിക വകുപ്പുകൾക്കു കീഴിൽ, പൊതുസുരക്ഷാ വകുപ്പിലെ ബന്ധപ്പെട്ട വകുപ്പിൽ നിന്ന് പ്രത്യേകം ലൈസൻസ് ലഭിച്ച ബൈക്കുകളെ ഇതിൽനിന്ന് ഒഴിവാക്കും. ഹജ് തീർഥാടകർക്ക് യാത്രാ സൗകര്യം നൽകുന്നതുമായി ബന്ധപ്പെട്ട നിയമ, നിർദേശങ്ങൾ വാഹന ഉടമകളും ഡ്രൈവർമാരും പാലിക്കണമെന്നും ഹജ് സീസൺ അവസാനിക്കുന്നതു വരെ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും പൊതുസുരക്ഷാ വകുപ്പ് വക്താവ് ബ്രിഗേഡിയർ സാമി അൽശുവൈരിഖ് ആവശ്യപ്പെട്ടു.