Sorry, you need to enable JavaScript to visit this website.

ഹാജിമാർക്ക് സഹായത്തിന് മൂന്നു ലക്ഷം ഉദ്യോഗസ്ഥർ -ഖാലിദ് അൽഫൈസൽ

ഖാലിദ് അൽഫൈസൽ രാജകുമാരൻ

മക്ക - ഹജ് തീർഥാടകരുടെ സേവനത്തിന് ഈ വർഷം സൈനികരും സുരക്ഷാ ഉദ്യോഗസ്ഥരും സിവിൽ ഉദ്യോഗസ്ഥരും അടക്കം മൂന്നു ലക്ഷത്തിലേറെ പേരും ഇവരെ സഹായിക്കുന്നതിന് നാലായിരത്തോളം സ്‌കൗട്ടുകൾ അടക്കമുള്ള വളണ്ടിയർമാരും സേവനമനുഷ്ഠിക്കുമെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി ചെയർമാനുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ വെളിപ്പെടുത്തി. മലയാളം ന്യൂസിന്റെ സഹോദര പ്രസിദ്ധീകരണമായ അശ്ശർഖുൽഔസത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഖാലിദ് അൽഫൈസൽ രാജകുമാരൻ. ഹജ് സേവന മേഖലയിൽ 41 വകുപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 
ഈ വർഷം ഇരുപതു ലക്ഷത്തിലേറെ പേർ ഹജ് നിർവഹിക്കും. ഇക്കൂട്ടത്തിൽ പതിനെട്ടു ലക്ഷത്തിലേറെ പേർ വിദേശ തീർഥാടകരും 2,30,000 പേർ സൗദി അറേബ്യക്കകത്തു നിന്നുള്ളവരുമാണ്. 
അനധികൃത തീർഥാടകരുടെ എണ്ണം കുറക്കുന്നതിൽ മക്ക ഗവർണറേറ്റ് പതിനൊന്നു വർഷം മുമ്പ് ആരംഭിച്ച ബോധവൽക്കരണ കാമ്പയിൻ വലിയ ഫലം നൽകിയിട്ടുണ്ട്. പത്തു വർഷം മുമ്പ് പതിനഞ്ചു ലക്ഷം പേർ അനധികൃതമായി ഹജ് നിർവഹിച്ചിരുന്നു. എന്നാൽ കഴിഞ്ഞ കൊല്ലം ഒന്നര ലക്ഷം പേർ മാത്രമാണ് നിയമം ലംഘിച്ച് ഹജ് കർമം നിർവഹിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ അടക്കം എല്ലാ കാര്യങ്ങളും സൗദി അറേബ്യ കണക്കിലെടുക്കുന്നു. 
ഹജിനെ രാഷ്ട്രീയവൽക്കരിക്കുന്നതും ഹജ് സംഘാടന ചുമതല അന്താരാഷ്ട്രവൽക്കരിക്കുന്നതും സൗദി അറേബ്യ അംഗീകരിക്കില്ല. തീർഥാടന യാത്ര ദുരുപയോഗിക്കുന്നതിൽ ആശങ്കയുണ്ട്. ഇരു ഹറമുകളുടെയും പരിചാരകരെന്നോണം ഹജ് തീർഥാടകർക്ക് ആവശ്യമായ എല്ലാവിധ സേവനങ്ങളും സൗദി അറേബ്യ നൽകുന്നു. ഹജ് കർമം നിർവഹിക്കുന്നതിന് എത്തുന്ന എല്ലാ രാജ്യക്കാരെയും സൗദി അറേബ്യ സ്വാഗതം ചെയ്യുന്നു. ഹജിന്റെ പവിത്രതക്ക് കളങ്കംവരുത്തുന്ന ഒരുവിധ പ്രവർത്തനങ്ങളും അനുവദിക്കില്ല. 
ആത്മീയ യാത്രയായി തീർഥാടന യാത്ര മാറ്റുന്നതിന് ആവശ്യമായ എല്ലാ സേവനങ്ങളും തീർഥാടകർക്ക് നൽകുകയും അവരുടെ സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്യും. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും മുദ്രാവാക്യങ്ങൾക്കും ഹജിനെ ദുരുപയോഗിക്കുന്നതിന് അനുവദിക്കില്ല. മറ്റൊരു പരിഗണനകളും കണക്കിലെടുക്കാതെ, ലോക മുസ്‌ലിംകളോടുള്ള ബാധ്യത ഏറ്റവും ഭംഗിയായ നിലക്ക് നിർവഹിക്കുന്നതിനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്. 
ഖത്തർ അടക്കം മുഴുവൻ ലോക രാജ്യങ്ങളിൽ നിന്നുമുള്ള തീർഥാടകരെ സ്വീകരിക്കുന്നതിന് എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ഒന്നിലധികം തവണ സൗദി അറേബ്യ അറിയിച്ചിട്ടുണ്ട്. ഹജ് നിർവഹിക്കുന്നതിന് ആഗ്രഹിക്കുന്ന ഖത്തരികൾക്കു മുന്നിൽ പ്രതിബന്ധങ്ങൾ സൃഷ്ടിക്കരുതെന്ന് ഖത്തർ ഗവൺമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഖത്തരി തീർഥാടകരുടെ നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കുന്നതിന് സൗദി അറേബ്യ ഇ-ലിങ്കുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഖത്തരികളെ ഹജ് നിർവഹിക്കുന്നതിന് അനുവദിക്കേണ്ട ചുമതല ഇനി ഖത്തർ ഗവൺമെന്റിനാണ്. ഹജ് നിർവഹിക്കുന്നതിന് ആഗ്രഹിക്കുന്ന ഖത്തരികളുടെ നടപടിക്രമങ്ങൾ ഖത്തർ ഗവൺമെന്റ് എളുപ്പമാക്കണം. തീർഥാടന യാത്രയെ റിലീജ്യസ് ടൂറിസം (മതപരമായ വിനോദ സഞ്ചാരം) എന്ന് വിശേഷിപ്പിക്കുന്നതിന് താൻ എതിരാണ്. 
ഹജ് തീർഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിനാണ് സൗദി ഭരണാധികാരികൾ ആഗ്രഹിക്കുന്നത്. ഇതിനനുസൃതമായി അല്ലാഹുവിന്റെ അതിഥികൾക്ക് നൽകുന്ന സേവനങ്ങൾ നവീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും സെൻട്രൽ ഹജ് കമ്മിറ്റി തുടർച്ചയായി ശ്രമിച്ചുവരികയാണ്. ഓരോ വർഷത്തെയും ഹജ് കഴിഞ്ഞാലുടൻ മുഹറം മാസത്തിലെ ആദ്യ വാരത്തിൽ തന്നെ സെൻട്രൽ ഹജ് കമ്മിറ്റി യോഗം ചേർന്ന് ആ വർഷത്തെ ഹജിനിടെ ശ്രദ്ധയിൽ പെട്ട ഗുണവശങ്ങളും വീഴ്ചകളും വിശദമായി വിശകലനം ചെയ്ത് തൊട്ടടുത്ത ഹജിന് ക്രിയാത്മക വശങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനും പോരായ്മകളും വീഴ്ചകളും പരിഹരിക്കുന്നതിനും പദ്ധതികൾ തയാറാക്കുന്നു. 
ഇറാൻ അടക്കം ഒരു രാജ്യത്തിന്റെയും ഹജ് ക്വാട്ട സൗദി അറേബ്യ ഒറ്റക്കല്ല നിശ്ചയിക്കുന്നത്. മുഴുവൻ മുസ്‌ലിം രാജ്യങ്ങളുടെയും പങ്കാളിത്തത്തോടെ ഒ.ഐ.സി സമ്മേളനത്തിൽ പരസ്പര ധാരണയിലെത്തിയ നിശ്ചിത മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് ഓരോ രാജ്യത്തിന്റെയും ഹജ് ക്വാട്ട നിശ്ചയിക്കുന്നത്. ഇറാൻ അടക്കം എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള തീർഥാടകർക്കും ഒരേ രീതിയിലുള്ള സ്വീകരണമാണ് സൗദിയിൽ ലഭിക്കുന്നത്. ബന്ധപ്പെട്ട വകുപ്പുകൾ തീർഥാടകരെ ഊഷ്മളമായി സ്വീകരിക്കുകയും ആതിഥ്യ മര്യാദകൾ കാണിക്കുകയും നന്നായി പെരുമാറുകയും ചെയ്യുന്നു. ഇസ്‌ലാം അനുശാസിക്കുന്ന ധാർമിക, സ്വഭാവ ഗുണങ്ങളാണിത്. പുണ്യസ്ഥലങ്ങളിൽ ഈ വർഷം പുതിയ റോഡുകളും നടപ്പാതകളും നിർമിക്കുകയും നേരത്തെയുള്ള ചില റോഡുകളും നടപ്പാതകളും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പുതുതായി 2500 ടോയ്‌ലറ്റുകളും നിർമിച്ചിട്ടുണ്ട്. മിനായിൽ 40,000 ഹാജിമാരെ ഉൾക്കൊള്ളുന്നതിന് വിശാലമായ തമ്പുകളും പുതുതായി നിർമിച്ചിട്ടുണ്ട്. മറ്റേതാനും പുതിയ പദ്ധതികളും പുണ്യസ്ഥലങ്ങളിൽ ഈ വർഷം നടപ്പാക്കിയിട്ടുണ്ട്. സൗദിയിലേക്ക് പ്രവേശനം നൽകുന്നതിനുള്ള തീർഥാടകരുടെ മുഴുവൻ നടപടിക്രമങ്ങളും സ്വദേശങ്ങളിൽ വെച്ചു തന്നെ പൂർത്തിയാക്കുന്ന മക്ക റൂട്ട് പദ്ധതി വലിയ വിജയമാണെന്നാണ്, പദ്ധതി പ്രയോജനപ്പെടുത്തുന്ന രാജ്യങ്ങളുടെ എണ്ണം ഈ കൊല്ലം അഞ്ചായി ഉയർന്നതും തീർഥാടകരുടെ എണ്ണം രണ്ടേകാൽ ലക്ഷമായി വർധിച്ചതും വ്യക്തമാക്കുന്നത്. 
ചേരിവികസന പദ്ധതിയുടെ ഭാഗമായി മക്കയിൽ പതിനായിരം കെട്ടിടങ്ങൾ പൊളിച്ചുനീക്കിയിട്ടുണ്ട്. ചേരിവികസന പദ്ധതിയുടെ ഭാഗമായി ആദ്യമായി നടപ്പാക്കിയ ജബൽ ഉമർ പദ്ധതിക്കു വേണ്ടി ആയിരം കെട്ടിടങ്ങൾ പൊളിച്ചു. കിംഗ് അബ്ദുൽ അസീസ് റോഡ് നടപ്പാക്കുന്നതിനു വേണ്ടി നാലായിരം കെട്ടിടങ്ങൾ പൊളിച്ചു. അൽറസീഫ റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് ആയിരത്തോളം വീടുകൾ പൊളിച്ചുനീക്കി. കിദ്‌വ, അൽനികാസ ഡിസ്ട്രിക്ടുകളിലെ ചേരിവികസന പദ്ധതിക്കു വേണ്ടി ഇതിനകം നാലായിരം കെട്ടിടങ്ങൾ പൊളിച്ചുനീക്കിയിട്ടുണ്ട്. മക്ക നഗരത്തിന്റെ തുടർച്ചയെന്നോണമാണ് അൽഫൈസലിയ പദ്ധതി നടപ്പാക്കുന്നത്. വിശുദ്ധ മക്കയുടെ ശരീഅത്ത് പ്രകാരമുള്ള അതിർത്തിയിൽ നിന്ന് പടിഞ്ഞാറൻ തീരം വരെയുള്ള പ്രദേശത്താണ് ഹജ്, ഉംറ സർവീസുകൾക്കുള്ള എയർപോർട്ട് ഉൾപ്പെട്ട അൽഫൈസലിയ പദ്ധതി നടപ്പാക്കുകയെന്നും ഖാലിദ് അൽഫൈസൽ രാജകുമാരൻ പറഞ്ഞു. 

Latest News