ഇക്കഴിഞ്ഞ ശനിയാഴ്ച അന്തരിച്ച പ്രശസ്ത മാധ്യമ പ്രവർത്തകനും എഴുത്തുകാരനും സർവോപരി മലയാളം ന്യൂസിന്റെ സ്ഥാപക പത്രാധിപർ എന്ന നിലയിൽ ഗൾഫ് മലയാളികൾക്ക് പ്രിയങ്കരനുമായ ഫാറൂഖ് ലുഖ്മാനെ അനുസ്മരിച്ച്, മലയാളം ന്യൂസ് പ്രസിദ്ധീകരിച്ച സൺഡേ പ്ലസ് പതിപ്പ് (കണ്ണീർ പ്രണാമം) അതീവ ഹൃദ്യമായി.
മലയാളി സമൂഹത്തിന് ലോകത്തിന്റെ ഏത് കോണിലായാലും വാർത്തകൾ അറിയുക എന്നത് ഒഴിച്ചുകൂടാനാവാത്ത ശീലമാണ്.
ദിവസം രാവിലെ ആവി പറക്കുന്ന ചായക്കൊപ്പം പത്രവും കൂടി നീട്ടിപ്പിടിച്ച് വായിച്ചെങ്കിലേ മലയാളിക്ക് അന്നത്തെ ദിവസം പൂർണമാവൂ. മലയാളിയുടെ പത്രവായനാ ത്വര അവരുടെ ജീവിത ചര്യയുടെ ഭാഗമാണെന്ന് മനസ്സിലാക്കി അവർക്കു വേണ്ടി പ്രവാസ ലോകത്ത് മലയാളം ന്യൂസ് എന്ന പത്രം സമ്മാനിച്ച ഫാറൂഖ് ലുഖ്മാൻ എന്ന മാധ്യമ രംഗത്തെ കുലപതിയെ ഒരിക്കലും മലയാളി സമൂഹത്തിന് മറക്കാനാവില്ല. മലയാളം ന്യൂസ് പിറവിയെടുക്കുന്നത് വരെ മൂന്നും നാലും ദിവസങ്ങൾ കഴിഞ്ഞ് നാട്ടിൽ നിന്നെത്തുന്ന പത്രങ്ങളെയായിരുന്നു പ്രവാസികൾ ആശ്രയിച്ചിരുന്നത്.
വായനക്കാരുടെ മനസ്സറിഞ്ഞ് അഭിപ്രായങ്ങൾക്ക് ഏറെ വില കൽപിച്ചിരുന്ന ഒരു പത്രം എന്നത് മലയാളം ന്യൂസിന്റെ മാത്രം പ്രത്യേകതയായായിരുന്നു. പത്രാധിപർ എഴുതുന്ന മുഖപ്രസംഗ കോളം പോലും വായനാക്കാർക്കെഴുതാൻ അവസരം കൊടുക്കുന്ന മറ്റൊരു പത്രം ലോകത്തു തന്നെ ഉണ്ടെന്ന് തോന്നുന്നില്ല.ഇന്ത്യൻ ചരിത്രത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും രാഷ്ടീയത്തെക്കുറിച്ചും ആഴത്തിൽ പഠിച്ച വിദേശ എഴുത്തുകാരൻ എന്നതിനൊപ്പം രാജ്യ നേതാക്കളുമായും രാഷ്ട്രീയത്തിലെ അതികായരുമായി അഭിമുഖം നടത്തുകയും വ്യക്തി ബന്ധവും സൗഹൃദവും കാത്തു സൂക്ഷിക്കുകയും ചെയ്ത പ്രതിഭയായിരുന്നു ഫാറൂഖ് ലുഖ്മാൻ.
മലയാളികളുടെ മനം കവർന്ന പത്രപ്രവർത്തന രംഗത്തെ അതുല്യ പ്രതിഭക്ക് ആദരാഞ്ജലികൾ.
എൻ.കെ മൊയ്തീൻ ചേറൂർ, ജിദ്ദ
മലയാളിയെ മനസ്സിലാക്കിയ മഹാമനസ്‌കൻ
ഇരുപതാണ്ടുകൾക്ക് മുമ്പ്...
ലാൻഡ് ഫോണുകൾ പോലും നാട്ടിലധികമില്ലാത്ത കാലം.
മാസത്തിലെ ശമ്പളത്തിന് അയൽപക്കത്തെ ഫോണിൽ ഒന്ന് വിളിക്കാൻ പറയലും വന്നവരോട് പറയലും കഴിഞ്ഞാൽ ആ മാസ ഫോൺ ക്വാട്ട കഴിഞ്ഞു.
ആഴ്ചയോ അതിലേറെയോ കാത്ത് കിട്ടുന്ന കത്തുകളും നാട്ടിൽ നിന്നും രണ്ടുമൂന്ന് നാള് കഴിഞ്ഞ് കീറി (സെൻസർ) പറിഞ്ഞെത്തുന്ന പത്രങ്ങളുമാണ് 'ലോക'ബന്ധമുണ്ടാക്കിയിരുന്നത്.
റൂമിലെ സഹരുമൊത്തുള്ള 'കൂട്ടുകച്ചവട'മാണ് പത്രം വാങ്ങൽ. അവസാനം വായിക്കാൻ കിട്ടുന്നവനാണ് പത്രത്തിന്റെ ഉടമാവകാശം. പലപ്പോഴും പല ഷീറ്റുകളുമില്ലാതെയോ ചിലത് കറുപ്പടിച്ചോ ആവും കിട്ടുക. പല വാർത്തകളും വായിക്കാനാവാതെയും ബാക്കി വായിക്കാനാവാതെയും വായനയോട് തന്നെ മടുപ്പും ഈർഷ്യയുമൊക്കെ തോന്നിച്ചിരുന്നു.
പിന്നീട് ദനൂബ് മാർക്കറ്റിൽ ജോലി ആയപ്പോൾ
ഇംഗ്ലീഷ് പിടിയൊന്നുമില്ലെങ്കിലും ആഗോള വാർത്തയെങ്കിലുമറിയുന്നതിന് റാക്കിൽ കാണുന്ന ഇവിടെയടിക്കുന്ന ഇംഗ്ലീഷ് പേപ്പറുകളിൽ കണ്ണോടിക്കും.
ആയിടക്കാണ് നമ്മുടെ മുദീർ അറബ് ന്യൂസിലെ ആ വാർത്ത കാണിച്ചു തന്നത്. ജിദ്ദയിൽ നിന്നും മലയാളം പത്രം (മലയാളം ന്യൂസ്) പ്രസിദ്ധീകരിക്കുന്നു.
അറബ് ന്യൂസിലെ ആ പരസ്യം മലയാളത്തിലായിരുന്നു.
സെൻസറിംഗൊന്നുമില്ലാതെ വിസ്തരിച്ച് വാർത്ത വായിക്കാനുള്ള വെമ്പലോടെ കാത്തിരിക്കവേ പ്രത്യക്ഷമായി. അന്നു തൊട്ട് സൗദി പ്രവാസം അവസാനിക്കും വരെ മലയാളം ന്യൂസ് ജീവിതത്തിന്റെ ഭാഗമായിരുന്നു.
പത്രം ഇറങ്ങിയത് മുതൽ തന്നെ കേട്ട പേരായിരുന്നു കഴിഞ്ഞ ദിവസം വിട പറഞ്ഞ ഫാറൂഖ് ലുഖ്മാന്റേത്. ഒരുവേള മലയാളിയാണെന്ന് പോലും തെറ്റിദ്ധരിച്ചു പോയിട്ടുണ്ട്.
അന്നൊരിക്കൽ ഞാൻ ജോലി ചെയ്യുന്ന ദാനൂബ് ഖാലിദിയ ബ്രാഞ്ചിൽ ഥോബിട്ട ഒരറബി സലാം ചൊല്ലിയതിന് ശേഷം 'എന്തൊക്കെ വിശേഷങ്ങൾ...' എന്ന് മലയാളത്തിൽ ചോദിച്ചപ്പൊ ഖൊയ്‌സ് അൽഹംദുലില്ലാ എന്ന് അറബിയിലാണ് മറുപടി പറഞ്ഞത്.
ഹിന്ദിയിലായിരുന്നു അടുത്ത ചോദ്യം. മലയാളം ന്യൂസ് ചൽത്താ ഹെ? ഐവ എന്ന് ഞാൻ മറുപടി പറഞ്ഞു. പിന്നീട് അദ്ദേഹം സ്വയം പരിചയപ്പെടുത്തി.
'ഞാൻ ഫാറൂഖ് ലുഖ്മാൻ, മലയാളം ന്യൂസ് എഡിറ്റർ.'
പലവട്ടം വായിച്ച പേരുകാരനെ മുന്നിൽ കണ്ടപ്പോൾ അദ്ഭുതമായി. കേരളത്തിലെ ജില്ലയും അറിയുന്ന സ്ഥലവുമൊക്കെ പറഞ്ഞ് പിരിഞ്ഞു. പിന്നെയും പലപ്പോഴും അഭിവാദ്യങ്ങളോടെ പരിചയം പുതുക്കി.
ഒരിക്കൽ ഫാറൂഖ് ലുഖ്മാൻ എഴുതിയത് ഓർക്കുന്നു.
ഒരു പ്രാദേശിക ഭാഷയിൽ പത്രമിറക്കുന്നതിന്റെ വിജയത്തെ പറ്റി മാനേജ്‌മെന്റിന് സംശയമായിരുന്നു. നിരുത്സാഹമാണ് ഏറെയും ഉണ്ടായിരുന്നത്.
പക്ഷേ കേരളത്തിന്റെ ഗ്രാമങ്ങളിൽ പോയപ്പോൾ കണ്ട ഒരു കാഴ്ച. ചായക്കടയിൽ കൂടിയിരുന്ന് ഒരു പത്രം പലരായി വായിക്കുന്നത്. നിറഞ്ഞു കണ്ട വായനശാലകൾ. എല്ലാം, എനിക്ക് പ്രചോദനമായി. തെല്ലും ആശങ്കയില്ലാതെ മുന്നോട്ട് പോയി...
മലയാളത്തെയും മലയാളിയെയും ശരിക്കും മനസ്സിലാക്കിയ മഹാമനസ്‌കനായിരുന്നു ഫാറൂഖ് ലുഖ്മാൻ.
മുസ്തഫ ബത്തയിൽ, എടക്കാട് കണ്ണൂർ