Sorry, you need to enable JavaScript to visit this website.

വർഗീയ കോമരങ്ങളെ  ചങ്ങലക്കിടുക 

പശു ഭീകരതയുടെയും ജയ് ശ്രീറാം, ഭാരത് മാതാ വിളികളുടെയും മറവിൽ ഉത്തരേന്ത്യയാകെ കലാപ കലുഷിതമാക്കുന്ന കാവിപ്പട അതിന്റെ ആയുധങ്ങൾ കേരളത്തിലും മൂർച്ച കൂട്ടാൻ തുടങ്ങിയിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് അടൂരിനെതിരെയുള്ള ഈ നീക്കം. 

ലോകപ്രശസ്ത ചലച്ചിത്രകാരനും കലാ സാംസ്‌കാരിക മലയാളത്തിന്റെ അഭിമാനവുമായ അടൂർ ഗോപാലകൃഷ്ണനെ അന്യഗ്രഹത്തിലേക്ക നാടുകടത്താനുള്ള സംഘപരിവാർ പ്രഖ്യാപനം ഇന്ത്യ മഹാരാജ്യത്തെ സമാധാനകാംക്ഷികളായ ബഹുഭൂരിപക്ഷം ജനങ്ങളും ഞെട്ടലോടെയാണ് ശ്രവിച്ചത്. വധാഹ്വാനം മുഴക്കിയും മർദിച്ചും ആളുകളെ നിശ്ശബ്ദരാക്കുക സംഘപരിവാറും അവർക്ക് നേതൃത്വം നൽകുന്ന ആർ.എസ്.എസും  എക്കാലവും പയറ്റുന്ന തന്ത്രമാണ്. ബുദ്ധിജീവികളെയും എഴുത്തുകാരെയും കലാ സാംസ്‌കാരിക പ്രവർത്തകരെയും ഇക്കാലമത്രയും പാക്കിസ്ഥാനിലേക്ക് നാടുകടത്തുമെന്നായിരുന്നു ഭീഷണിയെങ്കിൽ ചന്ദ്രനിലേക്ക് അയക്കുമെന്ന് ഇപ്പോൾ പറയുന്നത് അവരുടെ മനസ്സിൽ അടിഞ്ഞുകൂടിയ കൊടിയ വർഗീയതയുടെയും ധാർഷ്ട്യത്തിന്റെയും ബഹിർസ്ഫുരണമാണ്. 
പശു ഭീകരതയുടെയും ജയ് ശ്രീറാം, ഭാരത് മാതാ വിളികളുടെയും മറവിൽ ഉത്തരേന്ത്യയാകെ കലാപ കലുഷിതമാക്കുന്ന കാവിപ്പട അതിന്റെ ആയുധങ്ങൾ കേരളത്തിലും മൂർച്ച കൂട്ടാൻ തുടങ്ങിയിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് അടൂരിനെതിരെയുള്ള ഈ നീക്കം. രാജ്യത്ത് ഏറിവരുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ,  മതവിദ്വേഷത്തിന്റെ പേരിലുള്ള ആക്രമണങ്ങൾ എന്നിവയിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് 49 സാംസ്‌കാരിക പ്രവർത്തകർ അയച്ച കത്തിൽ അടൂർ ഒപ്പിട്ടതാണ് ഇവർക്ക് പ്രകോപനമായത്.
ജയ് ശ്രീറാം യുദ്ധത്തിനുള്ള മുറവിളിയായി മാറുന്നതിൽ ദുഃഖമുണ്ടെന്ന് സൂചിപ്പിച്ച സാംസ്‌കാരിക നായകർ, ഭൂരിപക്ഷ സമുദായം പാവനമായി കാണുന്ന പേരാണ് രാം എന്നും രാമന്റെ പേര് കളങ്കപ്പെടുത്തുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെടുകയുണ്ടായി. മുസ്‌ലിംകൾ, ദളിതർ തുടങ്ങിയവർക്കെതിരായ ആൾക്കൂട്ട കൊലപാതകങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ദളിതർക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് 2016 ൽ 840 ലേറെ കേസുകൾ രജിസ്റ്റർ ചെയ്‌തെങ്കിൽ അതിൽ ശിക്ഷിക്കപ്പെട്ടവർ വളരെ കുറവാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി. 2009 ജനുവരി ഒന്നിനും 2018 ഒക്ടോബർ 29 നുമിടയിൽ രാജ്യത്ത് മതവുമായി ബന്ധപ്പെട്ട 254 വിദ്വേഷ കുറ്റകൃത്യങ്ങളാണ് നടന്നതെന്നും അതിൽ 91 പേർ കൊല്ലപ്പെട്ടതായും 579 പേർക്ക് പരിക്കേറ്റതായും 63 ശതമാനം  കേസുകളിലും മുസ്‌ലിംകളാണ് പ്രധാന ഇരകളെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു. ആൾക്കൂട്ട ആക്രമണങ്ങളെ പാർലമെന്റിൽ വിമർശിച്ചിട്ടുണ്ടെങ്കിലും കുറ്റവാളികൾക്കെതിരെ എന്ത് നടപടിയാണ് കൈക്കൊണ്ടതെന്നും കത്തിൽ ചോദിച്ചു. അഭിപ്രായ ഭിന്നതയില്ലാതെ ജനാധിപത്യമില്ലന്നും സർക്കാരിനെതിരെ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയെന്നതിനാൽ  ആളുകളെ ദേശവിരുദ്ധരോ അർബൻ നക്‌സലുകളോ ആയി മുദ്രകുത്തരുതെന്നും മണി രത്‌നം, കൗശിക് സെൻ, അപർണ സെൻ, കൊങ്കണ സെൻ ശർമ, സൗമിത്ര ചാറ്റർജി, രേവതി, ശ്യാം ബെനഗൽ, റിദ്ധി സെൻ, ബിനായക് സെൻ തുടങ്ങിയവർ കത്തിൽ ആവശ്യപ്പെട്ടു. കത്തിൽ ഒപ്പിട്ട പ്രമുഖ ബംഗാളി നടൻ കൗശിക് സെന്നിനെതിരെ കാവിപ്പട ഇതിനകം വധഭീഷണി ഉയർത്തിക്കഴിഞ്ഞു. 
മലയാള സിനിമയുടെ യശസ്സ് ലോകത്തിന്റെ നെറുകയിലെത്തിച്ച വിഖ്യാത ചലച്ചിത്ര പ്രതിഭ എന്ന പരിഗണന പോലും നൽകാതെയാണ് അടൂർ ഗോപാലകൃഷ്ണനെതിരെ ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണൻ വെല്ലുവിളിയും ഭീഷണിയും നടത്തിയത്. ജയ് ശ്രീറാം വിളി സഹിക്കുന്നില്ലെങ്കിൽ അടൂർ പേര് മാറ്റി അന്യഗ്രഹങ്ങളിൽ പോകുന്നതാണ് നല്ലതെന്നായിരുന്നു ബി. ഗോപാലകൃഷ്ണന്റെ ഭീഷണി. കൃഷ്ണനും രാമനും ഒന്നാണെന്നും ഇവ പര്യായ പദങ്ങളാണെന്നും ഇത് രാമായണ മാസമാണെന്നും ഇന്ത്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീറാം വിളി എന്നും ഉയരുമെന്നും കേൾക്കാൻ പറ്റില്ലെങ്കിൽ ശ്രീഹരിക്കോട്ടയിൽ പേര് രജിസ്റ്റർ ചെയ്ത് ചന്ദ്രനിലേക്ക് പോകാമെന്നുമാണ് ഭീഷണി. ഇന്ത്യയിൽ ജയ് ശ്രീറാം മുഴക്കാൻ തന്നെയാണ് ജനങ്ങൾ വോട്ട് ചെയ്തതെന്നും ഇനിയും മുഴക്കുമെന്നും വേണ്ടിവന്നാൽ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കുമെന്നും ഗോപാലകൃഷ്ണൻ ഭീഷണി മുഴക്കുന്നു. ഇന്ത്യയിൽ വിളിച്ചില്ലെങ്കിൽ പിന്നെയെവിടെ വിളിക്കുമെന്നും ഇപ്പോൾ ജയ് ശ്രീറാം വിളിക്കെതിരെ പ്രതികരിക്കുന്നത് കിട്ടാത്ത മുന്തിരിയുടെ കയ്പ് കൊണ്ടാണെന്ന് അറിയാമെന്നും കേന്ദ്ര സർക്കാരിൽനിന്ന് ഒന്നും കിട്ടാത്തതിനോ അതോ കിട്ടാനോ ആണെന്നും സാമൂഹ്യ നിരക്ഷരതക്കും രാഷ്ട്രീയ നിരുത്തരവാദത്തിനും കുപ്രസിദ്ധനായ ബി. ഗോപാലകൃഷ്ണൻ ഭീഷണിപ്പെടുത്തുമ്പോൾ അടൂരിനെ തേടിയെത്താത്ത സാർവദേശീയ ദേശീയ അംഗീകാരങ്ങളില്ലെന്നത് വിസ്മരിക്കുകയാണ്.
പുരസ്‌കാരങ്ങൾക്കും കസേരകൾക്കും പിന്നാലെ പോകുന്ന ആളല്ല അടൂർ എന്നിരിക്കേ കേന്ദ്രസർക്കാരിന്റെ പരിഗണന കിട്ടാത്തതിനാലാണ് പ്രതിഷേധമെന്ന ആർ.എസ്.എസ് നേതാവിന്റെ വ്യാഖ്യാനം ഉന്നത കലാകാരനെ അവഹേളിക്കലാണ്. വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും അത് ചർച്ച ചെയ്യാനുമുള്ള അവകാശം ജനാധിപത്യം തരുന്നുണ്ട്. എന്നാൽ എതിരഭിപ്രായം പാടില്ലെന്ന സംഘപരിവാറിന്റെ ശാഠ്യം അംഗീകരിക്കാനാകില്ല. അതംഗീകരിച്ചാൽ ജനാധിപത്യത്തിന്റെ അന്ത്യവും ഫാസിസത്തിന്റെ വിളയാട്ടവുമായിരിക്കും ഫലം. വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിന്റെ അഹങ്കാരമാണ് പാവപ്പെട്ട ദളിത് പിന്നോക്ക ജനങ്ങളെയും ന്യൂനപക്ഷ മതവിഭാഗങ്ങളെയും ചവിട്ടിയരക്കാനുള്ള സംഘപരിവാർ നീക്കത്തിലുള്ളത്. ചാതുർവർണ്യം എന്ന ജാതി മേധാവിത്വം രാജ്യത്തിന്റെ ഭരണ വ്യവസ്ഥയാക്കുക എന്നത് മനുവാദികളായ സംഘപരിവാറിന്റെ ലക്ഷ്യമാണ്. അതിന്റെ തുടക്കമെന്ന നിലയിലാണ് ഇന്ന് രാജ്യത്ത് നടക്കുന്ന ദളിത് വേട്ട. ന്യൂനപക്ഷ മതവിഭാഗങ്ങളെ മറ്റൊരു അടിമ ജാതിയാക്കി മാറ്റി വർണ വ്യവസ്ഥയിൽ ഉൾപ്പെടുത്താനും ശ്രമമാരംഭിച്ചിരിക്കുന്നു.
മഹാരാഷ്ട്രയിലെ കൊറഗോവിൽ ദളിത് ജനത്ക്കൊപ്പം നിന്നതിന്റെ പേരിൽ രാജ്യവ്യാപകമായി റെയ്ഡും അറസ്റ്റും നടത്തി എഴുത്തുകാരെയും മറ്റു പ്രതിഭകളെയും സംഘപരിവാർ സർക്കാർ വേട്ടയാടിയത് നാം കണ്ടതാണ്. നവോത്ഥാനത്തിന്റെ ഭാഗമായി നിൽക്കുന്ന കലാകാരന്മാർ ദളിത് ജനതക്ക് പ്രതിരോധം തീർക്കുമെന്ന് മനസ്സിലാക്കിയ സംഘപരിവാർ ആദ്യം സാംസ്‌കാരിക പ്രതിഭകളെ കൊലവിളിച്ചും ഭീഷണിപ്പെടുത്തിയും നിർവീര്യമാക്കേണ്ടതുണ്ടെന്ന് കരുതുന്നു. ഗോവിന്ദ് പൻസാരെ, ഗൗരി ലങ്കേഷ്, എം.എം. കൽബുർഗി തുടങ്ങിയവർക്കുനേരെ ചൂണ്ടിയ വിരലാണ് ഇപ്പോൾ അടൂരിനെതിരെയും നീണ്ടത്.
ജയ് ശ്രീറാം വിളി ആളെക്കൊല്ലാനും മതം മാറ്റാനുമുള്ളതാകരുതെന്ന അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെ രാജ്യത്തെ പ്രമുഖരുടെ അഭിപ്രായം പ്രധാനമന്ത്രിക്കു മുന്നിലാണ് കത്ത് മുഖാന്തരം അവതരിപ്പിച്ചത്. പ്രധാനമന്ത്രിക്ക് കത്തയച്ചതിന് ആർ.എസ്.എസ് കൊലവിളി നടത്തിയതിൽ പ്രതികരിക്കാനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രിക്കുണ്ട്. അടൂരിനെതിരായ നാടുകടത്തൽ കൽപനയെ തള്ളിപ്പറയാൻ ബി.ജെ.പിയുടെയോ ആർ.എസ്.എസിന്റെയോ ഉത്തരവാദപ്പെട്ട നേതാക്കളാരും തയാറായിട്ടില്ലെന്നത്, സംഘപരിവാറിന്റെ ആക്രമണോത്സുക രാഷ്ട്രീയത്തെ എതിർത്താൽ ഗൗരി ലങ്കേഷിന്റെ അനുഭവമുണ്ടാകുമെന്ന മുന്നറിയിപ്പാകാം. എന്നാൽ കേരളത്തിന്റെ യശസ്സ് ലോകമാകെ എത്തിച്ച കലാകാരനായ അടൂർ ഗോപാലകൃഷ്ണന്റെ പിന്നിൽ സാംസ്‌കാരിക കേരളവും ജനാധിപത്യ മനസ്സുള്ള കേരളീയരും ഒറ്റക്കെട്ടായി നിലയുറപ്പിക്കും. സംഘപരിവാരത്തിന്റെ സ്വകാര്യസ്വത്തല്ല ശ്രീരാമൻ, നമ്മുടെ  പുരാണങ്ങളുടെയും ഇതിഹാസങ്ങളുടെയും അന്തഃസത്ത തിരിച്ചറിയാനാകാത്തവരാണ് കാവിപ്പട. എപ്പോഴും രാമനാമം ജപിച്ചിരുന്ന ഗാന്ധിജിയുടെ ജീവൻ തട്ടിയെടുത്ത ഹിന്ദുത്വ ഭീകരരെ രാജ്യസ്‌നേഹികളും ഇതിഹാസ പുരുഷൻമാരുമായി പൂജിക്കുന്ന ഇവരുടെ രാമഭക്തിക്കു പിന്നിലെ  നിഗൂഢതയും ആക്രമണോത്സുകതയും തുറന്നുകാട്ടേണ്ടതുണ്ട്. കേരളത്തിൽ ഇപ്പോൾ പരീക്ഷിക്കാൻ ശ്രമിക്കുന്ന അസഹിഷ്ണുതയെയും വർഗീയ കോമരങ്ങളെയും അടിയന്തരമായി ചങ്ങലക്കിടേണ്ടതുമുണ്ട്.


 

Latest News