കോയമ്പത്തൂർ- പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ തമിഴ്‌നാട്ടിലെ പ്രമുഖ ചലച്ചിത്ര പിന്നണി ഗായക ദമ്പതികള്‍ക്ക് ഭീഷണി. വിജയ് ടി.വി സ്റ്റാര്‍ സിംഗര്‍ ജേതാവും പിന്നണിഗായകനും നാടന്‍പാട്ട് കലാകാരനുമായ ശെന്തിൽ ഗണേഷ്, ഗായികയും ഭാര്യയുമായ രാജലക്ഷ്മിക്കുമെതിരെയാണ് ഹിന്ദു മുന്നണി ഭീഷണിയുമായി രംഗത്തെത്തിയത്. ഇവരുടെ പരിപാടി നടത്തരുതെന്നും ഇവിടെ കാലു കുത്താൻ അനുവദിക്കില്ലെന്നുമുള്ള ഭീഷണിയുമായി സംഘടന രംഗത്തെത്തിയത്. ഇതോടെ പോലീസ് പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി മേട്ടുപ്പാളയം വനഭദ്രകാളിയമ്മന്‍ ക്ഷേത്രത്തില്‍ നടക്കേണ്ടിയിരുന്ന ലക്ഷ്മണ്‍ ശ്രുതി ഓര്‍ക്കസ്ട്രയുടെ ഗാനമേളയില്‍ പങ്കെടുത്താല്‍ ഗുരുതരമായ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്നാണ് ക്ഷേത്രത്തിലെത്തി ഹിന്ദു മുന്നണിക്കാര്‍ ക്ഷേത്ര ഭാരവാഹികളെ ഭീഷണി മുഴക്കിയത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് ഇവർ മോഡി വിരുദ്ധ പരാമർശം ഫേസ്ബുക്കില്‍ പങ്കുവച്ചതാണ് ദമ്പതികളോടുള്ള ഹിന്ദുമുന്നണിയുടെ അരിശത്തിന് കാരണമെന്നു പോലീസ് അധികൃതർ വ്യക്തമാക്കി. ഇതേ തുടർന്ന് മേട്ടുപ്പാളയത്ത് പരിപാടി അവതരിപ്പിക്കാനെത്തിയപ്പോഴാണ് ഹിന്ദുമുന്നണി നേതാക്കള്‍ ക്ഷേത്രത്തിലെത്തി ഭീഷണിപ്പെടുത്തിയത്. ഇവരെ ഉൾപ്പെടുത്തി പരിപാടി നടത്തരുതെന്നു സംഘാടകരോട് തീവ്ര ഹിന്ദുത്വ ശക്തികൾ മുന്നറിയിപ്പ് നൽകുകയും ചെയ്‌തിരുന്നു. ഇതേ തുടർന്ന് ക്ഷേത്ര അധികൃതരുടെ അഭ്യർത്ഥന മാനിച്ച് ദമ്പതികൾ പരിപാടിയിൽ നിന്നും പിൻവാങ്ങിയിരുന്നു. എന്നാൽ, പരിപാടി തടഞ്ഞവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും അറസ്‌റ്റു ചെയ്യുമെന്നും പോലീസ് ഉറപ്പ്നൽകി. സുരക്ഷ ഒരുക്കാമെന്നും സംഘര്‍ഷത്തിന് ശ്രമിച്ചവരെ അറസ്‌റ്റു ചെയ്യുമെന്നും അറിയിച്ച പോലീസ് ഇവിടെ വെച്ച് നടത്തുന്ന പരിപാടിയിൽ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട് .






