കോട്ടയം- കലാലയത്തിന്റെ ഓർമചിറകുകളിലേറി ചെന്നിത്തലക്കാരൻ രമേശ് പറന്നു. അഞ്ചു വർഷത്തെ വിദ്യാർഥി ജീവിത ദിനങ്ങളിലേക്ക്. ചങ്ങനാശേരി എൻ.എസ്.എസ് കോളേജിലെ പൂർവ വിദ്യാർഥി കൂട്ടായ്മയിലാണ് പ്രതിപക്ഷ നേതാവ് ഇന്നലെകളുമായി സംഗമിച്ചത്.
തന്റെ ഭാവി കരുപ്പിടിപ്പിക്കുന്നതിൽ ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളേജ് നിർണായക പങ്കു വഹിച്ചുവെന്ന് അദ്ദേഹം ഓർമിച്ചു. പ്രീഡിഗ്രി മുതൽ ബിരുദം വരെയുള്ള പഠന ജീവിതത്തിലെ സുവർണ കാലഘട്ടം ചങ്ങനാശ്ശേരിയിലാണ് ചെലവഴിച്ചത്. വേലായുധ മന്ദിരം, മാവേലി ഹോസ്റ്റലുകളിലാണ് താമസിച്ചിരുന്നത്. ചങ്ങനാശ്ശേരി തനിക്ക് സെക്കന്റ് ഹോം ആണ്. കോട്ടയത്തുനിന്ന് പാർലമെന്റിലേക്ക് നാലു തവണ മത്സരിച്ചപ്പോഴും ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളേജിൽ പഠിച്ചതാണ് അനുഗ്രഹമായത്. കൂടെ പഠിച്ച വിദ്യാർഥികളും അധ്യാപകരും ഏറെ സഹായിച്ചു. പഠിപ്പിച്ച അധ്യാപകരെയും കൂടെ പഠിച്ചവരും ശേഷം പഠിച്ചവരെയും ഒരുമിച്ചു കാണാൻ കഴിയുന്നത് വലിയ സന്തോഷമാണ്. കോളേജിലെ മുഴുവൻ വിദ്യാർഥികളെയും പങ്കെടുപ്പിക്കാൻ കഴിയുന്ന തരത്തിൽ വലിയ സംഗമമായി ഓർമക്കൂട് വളരണം. ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളേജിന്റെ പ്രൗഢിയും അന്തസും സംരക്ഷിച്ചു തന്നെ നായർ സർവീസ് സൊസൈറ്റി ഇന്നും ഈ വിദ്യാഭ്യാസ സ്ഥാപനം മുന്നോട്ട് കൊണ്ടു പോകുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൂർവ വിദ്യാർഥികളുടെ ചോദ്യത്തിനു മറുപടിയും നൽകിയാണ് അദ്ദേഹം മടങ്ങിയത്.
അപകടത്തിൽ ചലനശേഷി നഷ്ടപ്പെട്ട് 2006-2009 കാലഘട്ടത്തിൽ കോളേജ് ഇക്കണോമിക്‌സ് ഡിപ്പാർട്ട്‌മെന്റിൽ പഠിച്ചിരുന്ന അനൂപിന്റെ ചികിത്സാ നിധിയിലേക്ക് തന്റെ ശമ്പളത്തിൽനിന്ന് 25,000 രൂപയും രമേശ് ചെന്നിത്തല നൽകി. ഓർമക്കൂട് 2019 സംഘാടക സമിതി ജനറൽ കൺവീനർ പി.എസ്.ഷാജഹാൻ അധ്യക്ഷത വഹിച്ചു. ആതുര ശുശ്രൂഷാ രംഗത്തെ വേറിട്ട മുഖമായ ഡോ. സാജൻ എം.ജോർജ്, മഹാപ്രളയ കാലത്തെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് പന്തളം എൻ.എസ്.എസ് കോളേജ് അധ്യാപിക ഹരിത നീലിമ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മഹാപ്രളയത്തിലകപ്പെട്ടവർക്ക് കൈത്താങ്ങായി മാറിയ പൂർവ വിദ്യാർഥികളെ ബി.ജെ.പി സംസ്ഥാന സമിതിയംഗവും പൂർവ വിദ്യാർഥിയുമായ ബി.രാധാകൃഷ്ണമേനോൻ ആദരിച്ചു. പൂർവ അധ്യാപകരെ പൊന്നാടയും മെമന്റോയും നൽകി വിദ്യാർഥി പ്രതിനിധികൾ ആദരിച്ചു. നിറമൺകര എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പൽ ഡോ. പി.ജയശ്രീ ചികിത്സാധന സഹായം കൈമാറി.






