ദമാം- ബിനാമി ബിസിനസ് പ്രവണത ഇല്ലാതാക്കാൻ ശക്തമായ നിയമ നിർമാണം നടത്തും. ഇതിനായി നിലവിലെ നിയമം പരിഷ്‌കരിക്കുന്നത് അന്തിമ ഘട്ടത്തിലാണ്. ബിനാമി ബിസിനസ് കുറ്റക്കാർക്കുള്ള പിഴ 50 ലക്ഷം റിയാൽ ആയി ഉയർത്തും. അഞ്ചു വർഷം വരെ തടവും പരിഷ്‌കരിക്കുന്ന നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.
ബിനാമി ബിസിനസ് രാജ്യത്തെയും പൗരന്മാരെയും തകർക്കുന്നതായി ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം സെക്രട്ടറി ജനറലും വാണിജ്യ, നിക്ഷേപ മന്ത്രിയുടെ ഉപദേഷ്ടാവുമായ സൽമാൻ അൽഹജാർ പറഞ്ഞു. ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാമിനെക്കുറിച്ച് പരിചയപ്പെടുത്തുന്നതിന് അശ്ശർഖിയ ചേംബർ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു സൽമാൻ അൽഹജാർ. ബിനാമി ബിസിനസ് രാജ്യത്തിനും പൗരന്മാർക്കും ഒരു ഗുണവും ചെയ്യുന്നില്ല.
ചില്ലറ വ്യാപാര മേഖലയിലാണ് ബിനാമി പ്രവണത ഏറ്റവും കൂടുതൽ. തൊട്ടുപിന്നിൽ നിർമാണ മേഖലയാണ്. ചില്ലറ വ്യാപാര മേഖലയിൽ ബിനാമി പ്രവണത അവസാനിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഏതാനും പദ്ധതികൾ മന്ത്രാലയം വൈകാതെ പ്രഖ്യാപിക്കും. മറ്റു മേഖലകളിലും സമാന പദ്ധതികൾ പ്രഖ്യാപിക്കും. നിക്ഷേപ നിയമം അനുസരിച്ച് രാജ്യത്ത് ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിന് വിദേശ നിക്ഷേപകരെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നു.
ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം ആദ്യ ഘട്ടത്തിൽ 16 പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. വൈകാതെ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ കൂടുതൽ പദ്ധതികൾ പ്രഖ്യാപിക്കും. ആഭ്യന്തര, വാണിജ്യ-നിക്ഷേപ, മുനിസിപ്പൽ, തൊഴിൽ മന്ത്രാലയങ്ങളും സാങ്കേതിക, തൊഴിൽ പരിശീലന കോർപറേഷനും സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റിയും സക്കാത്ത്, നികുതി അതോറിറ്റിയും സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയും സാമൂഹിക വികസന ബാങ്കും മാനവശേഷി വികസന നിധിയും ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം നടപ്പാക്കുന്നതിൽ പങ്കാളിത്തം വഹിക്കുന്നു.
ചെറുകിട പദ്ധതികൾ ആരംഭിക്കുന്നതിന് ആഗ്രഹിക്കുന്ന സൗദി സംരംഭകർക്ക് എളുപ്പത്തിൽ വായ്പകൾ ലഭ്യമാക്കുന്ന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന് പ്രോഗ്രാം ശ്രമിച്ചുവരികയാണ്. ബിനാമി പ്രവണത കൂടിയ പ്രവർത്തന മേഖലയിൽ സ്വന്തം നിലക്ക് വ്യാപാര സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് സർക്കാർ, സ്വകാര്യ ധനകാര്യ ഏജൻസികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സൗദികൾക്ക് വായ്പകൾ ലഭ്യമാക്കുകയാണ് ചെയ്യുക. ബിനാമി പ്രവണത ഇല്ലാതാക്കുന്നതിന് ഇലക്‌ട്രോണിക് ഇൻവോയ്‌സ് നടപ്പാക്കുന്നതിനും ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതിനും വ്യാപാര സ്ഥാപനങ്ങളെ നിർബന്ധിക്കും. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും ഇ-പെയ്‌മെന്റ് നിർബന്ധമാക്കുമെന്നും സൽമാൻ അൽഹജാർ പറഞ്ഞു.