റിയാദ് - ഇന്ത്യക്കാരൻ ഉൾപ്പെട്ട മൂന്നംഗ പിടിച്ചുപറി സംഘത്തെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു. സൗദി പൗരനും പാക്കിസ്ഥാനിയുമാണ് സംഘത്തിലെ മറ്റു അംഗങ്ങൾ. നഗരമധ്യത്തിലെ മൻഫൂഹ ഡിസ്ട്രിക്ടിൽ രണ്ടു വിദേശികളെ തടഞ്ഞുനിർത്തി 1,90,000 റിയാൽ പിടിച്ചുപറിച്ച സംഘമാണ് അറസ്റ്റിലായത്. സംഘത്തിൽ പെട്ട സൗദി പൗരൻ സുരക്ഷാ ഉദ്യോഗസ്ഥൻ ചമഞ്ഞ് വിദേശികളെ തടഞ്ഞുനിർത്തുകയും ഇവരുടെ പക്കലുണ്ടായിരുന്ന 1,90,000 റിയാൽ കൂട്ടാളികൾ ചേർന്ന് പിടിച്ചുപറിക്കുകയുമായിരുന്നു.
വിദേശികൾ ജോലി ചെയ്യുന്ന മിനിമാർക്കറ്റിന്റെ വിറ്റുവരവ് ഇനത്തിൽ സ്വരുക്കൂട്ടിയ തുകയാണ് സംഘം പിടിച്ചുപറിച്ചത്. അറസ്റ്റിലായ പ്രതികളുടെ പക്കൽ 68,000 ലേറെ റിയാലും സ്വർണ ബിസ്‌കറ്റും കണ്ടെത്തി. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും ഇവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണെന്നും റിയാദ് പോലീസ് അറിയിച്ചു.