റിയാദ് - സർക്കാർ ഫീസ് ഇനത്തിൽ അടയ്ക്കുന്ന തുക സ്വകാര്യ സ്ഥാപനങ്ങൾക്ക് തിരികെ നൽകുന്ന പദ്ധതിയുടെ ഭാഗമായി കോൺട്രാക്ടിംഗ്, ചില്ലറ വ്യാപാര മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ 20 തൊഴിലാളികളുടെ വിസ ഫീസ് സ്ഥാപനങ്ങൾക്ക് തിരിച്ചുനൽകുമെന്ന് ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റി വ്യക്തമാക്കി. പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് അർഹതയുള്ള ഓരോ വർഷവും ആദ്യമായി റിക്രൂട്ട് ചെയ്യുന്ന 20 തൊഴിലാളികളുടെ വീതം വിസാ ഫീസുകളാണ് സ്ഥാപനങ്ങൾക്ക് തിരികെ നൽകുക.
കോൺട്രാക്ടിംഗ്, ചില്ലറ വ്യാപാര മേഖലകൾ ഒഴികെയുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ മുഴുവൻ തൊഴിലാളികളുടെയും വിസാ ഫീസ് തിരികെ ലഭിക്കും.
സർക്കാർ ഫീസ് ഇനങ്ങളിൽ അടയ്ക്കുന്ന തുകയുടെ 80 ശതമാനമാണ് ഉത്തേജന പദ്ധതിയുടെ ഭാഗമായി ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് തിരിച്ചുനൽകുന്നത്. 2016 ലും അതിനു ശേഷവും സ്ഥാപിച്ച സ്വകാര്യ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും എട്ടു സർക്കാർ ഫീസുകളാണ് തിരികെ നൽകുന്നത്. പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് സ്ഥാപനങ്ങളുടെ പ്രതിവർഷ വരുമാനം 20 കോടി റിയാലിൽ കവിയാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് മറ്റു സ്ഥാപനങ്ങളിൽ നിന്ന് വായ്പകൾ ലഭ്യമാക്കുന്ന പദ്ധതിക്കും ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റി തുടക്കമിട്ടിട്ടുണ്ട്. ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് ഉത്തേജനം നൽകുന്നതിന് ഇരുപതിനായിരം കോടി റിയാൽ കഴിഞ്ഞ വർഷം ഗവൺമെന്റ് നീക്കിവെച്ചിരുന്നു.