ചീറിപ്പാഞ്ഞ കാര്‍ വരുത്തിയ അപകടം; ഡൈവര്‍മാരുടെ കണ്ണു തുറപ്പിക്കുന്ന വിഡിയോ

ജിസാന്‍ - ശരവേഗത്തിലുള്ള കാറിടിച്ച് നിയന്ത്രണം വിട്ട പിക്കപ്പ് വൈദ്യുതി പോസ്റ്റിലും എതിര്‍ദിശയിലെ റോഡിലൂടെ സഞ്ചരിച്ച മറ്റൊരു കാറിലും ഇടിച്ച് നാലു പേര്‍ക്ക് പരിക്കേറ്റതായി ജിസാന്‍ റെഡ് ക്രസന്റ് അറിയിച്ചു. പിക്കപ്പ് ഇടിച്ച് വൈദ്യുതി പോസ്റ്റ് നിലംപതിക്കുകയും ചെയ്തു. പുലര്‍ച്ചെ സൗദി അറേബ്യയിലെ ജിസാന്‍-സ്വബ്‌യ റോഡിലാണ് അപകടം. മറ്റൊരു കാര്‍ ഡ്രൈവര്‍ അപകട ദൃശ്യങ്ങള്‍ സ്‌നാപ്ചാറ്റ് വഴി പുറത്തുവിട്ടു.

മിന്നല്‍ വേഗത്തിലെത്തിയ കാപ്രിസ് കാര്‍ മറ്റു വാഹനങ്ങളെ മറികടന്ന് വലതു വശത്തു നിന്ന് ഇടതുവശത്തെ ട്രാക്കിലേക്ക് മാറുന്നതിനിടെയാണ് പിക്കപ്പില്‍ കൂട്ടിയിടിച്ചത്. അപ്രതീക്ഷിതമായുള്ള ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട പിക്കപ്പ് ഡിവൈഡറിലേക്ക് പാഞ്ഞുകയറി വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. എതിര്‍ദിശയിലെ റോഡില്‍ സഞ്ചരിച്ച മറ്റൊരു കാറുമായും പിക്കപ്പ് കൂട്ടിയിടിച്ചു.

പരിക്കേറ്റവരില്‍ ഒരാളെ റെഡ് ക്രസന്റ് ആംബുലന്‍സില്‍ സ്വബ്‌യ ജനറല്‍ ആശുപത്രിയിലേക്ക് നീക്കി. മറ്റു മൂന്നു പേരെ റെഡ് ക്രസന്റ് ആംബുലന്‍സുകള്‍ സ്ഥലത്തെത്തുന്നതിനു മുമ്പായി നാട്ടുകാര്‍ ആശുപത്രിയിലേക്ക് നീക്കിയതായും റെഡ്ക്രസന്റ് വക്താവ്  ബൈശി അല്‍സ്വര്‍ഖി പറഞ്ഞു. അപകട സ്ഥലത്തുനിന്ന് രക്ഷപ്പെട്ട കാര്‍ ഡ്രൈവര്‍ക്കു വേണ്ടി ട്രാഫിക് പോലീസ് അന്വേഷണം തുടരുകയാണ്.

 

Latest News