നിഫ്റ്റി ഓഗസ്റ്റ് സീരീസ് ഇന്ത്യൻ വിപണിയെ കരടിവലയത്തിൽ നിന്ന് മോചിപ്പിക്കുമോ, നിക്ഷേപകർ ഉറ്റുനോക്കുന്നു. തുടർച്ചയായി മൂന്നാം വാരത്തിലും വിൽപന സമ്മർദത്തിൽ അകപ്പെട്ട ഇന്ത്യൻ മാർക്കറ്റ് ഈ വാരം തിരിച്ചു വരവിന് ശ്രമം നടത്താമെങ്കിലും വിപണിക്ക് മുന്നിൽ കടമ്പകൾ ഏറെയുണ്ട്. യു എസ് ഫെഡ് വാരമധ്യം യോഗം ചേരും. പലിശ നിരക്കിൽ സ്വീകരിക്കുന്ന നിലപാട് ഏഷ്യൻ കറൻസികളിലും യൂറോയിലും ശ്രദ്ധേയമായ ചലനമുളവാക്കാം.
വിദേശ ഫണ്ടുകൾ ഈ അവസരത്തിൽ ഇന്ത്യൻ ഓഹരി വിപണിയിൽ കൈക്കൊളളുന്ന നിലപാട് നിർണായകമാവും. പിന്നിട്ടവാരം യൂറോപ്യൻ കേന്ദ്ര ബാങ്ക് പലിശ നിരക്ക് സ്‌റ്റെഡിയായി നിലനിർത്തി. ഈ വാരം ബാങ്ക് ഓഫ് ജപ്പാനും വായ്പാ അവലോകനം നടത്തും.
ഇന്ത്യൻ കോർപറേറ്റ് ഭീമൻമാർ പുറത്തുവിട്ട ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകൾക്ക് തിളക്കം മങ്ങിയത് ഇടപാടുകാരെ നിരാശപ്പെടുത്തി. ഇതിനിടയിൽ ബാധ്യതകൾ പണമാക്കാൻ വിദേശ ഫണ്ടുകൾ ഉത്സാഹിച്ചത് ഇന്ത്യൻ ഇൻഡക്‌സുകളിൽ വിള്ളലുളവാക്കി. സെൻസെക്‌സ് 454 പോയന്റും നിഫ്റ്റി 135 പോയന്റും പ്രതിവാര നഷ്ടത്തിലാണ്.
മുൻ നിരയിലെ പത്ത് കമ്പനികളിൽ നാല് എണ്ണത്തിന്റെ വിപണി മൂല്യത്തിൽ 84,433 കോടി രൂപയുടെ ഇടിവ്. എച്ച്ഡിഎഫ്‌സി ബാങ്കും എച്ച്ഡിഎഫ്‌സിക്കും കനത്ത തിരിച്ചടി നേരിട്ടു. ആർ ഐ എൽ, എസ് ബി ഐ എന്നിവയുടെ വിപണി മൂല്യവും കുറഞ്ഞു. അതേ സമയം റ്റി സി എസ്, എച്ച് യു എൽ, ഇൻഫോസീസ്, ഐ റ്റി സി, ഐ സി ഐ സി ഐ ബാങ്ക്, ക്വാട്ടേക്ക് മഹീന്ദ്ര എന്നിവ കരുത്ത് നിലനിർത്തി.
ഫോറെക്‌സ് മാർക്കറ്റിൽ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 68.85 ൽ നിന്ന് 69.15 ലേയ്ക്ക് ദുർബലമായെങ്കിലും വാരാന്ത്യം 68.87 ലാണ്. ഈവാരം വിദേശ നിക്ഷേപം ഉയർന്നാൽ രൂപ 68.56 വരെ കരുത്ത് നേടാമെങ്കിലും തിരിച്ചടി നേരിട്ടാൽ 69.1469.42 ലേക്ക് നീങ്ങാം. ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡക്‌സ് മൂന്ന് ശതമാനം താഴ്ന്ന് 12.13 എത്തിയത് നിക്ഷേപകരെ ആകർഷിക്കാം. വോളാറ്റിലിറ്റി ഇൻഡക്‌സ് നിക്ഷേപകർക്കായി പച്ചക്കൊടി ഉയർത്തുന്നുണ്ട്.
ബോംബെ സൂചിക 38,037 ൽ നിന്ന് 38,185 പോയന്റായി തുടക്കത്തിൽ കയറിയെങ്കിലും പിന്നീട് അനുഭവപ്പെട്ട വിൽപന സമ്മർദത്തിൽ സെൻസെക്‌സ് 37,690 ലേക്ക് ഇടിഞ്ഞു. എന്നാൽ വെളളിയാഴ്ച ക്ലോസിങിൽ അൽപം മെച്ചപ്പെട്ട് 37,883 പോയന്റിലാണ്. ഈവാരം ആദ്യ തടസ്സം 38,148 ലാണ്. ആ റേഞ്ചിലേക്ക് ഉയരും മുമ്പേ 37,653 ലെ താങ്ങ് നഷ്ടപ്പെട്ടാൽ സൂചിക 37,424 ലേക്ക് സഞ്ചരിക്കാം. എന്നാൽ ആദ്യ തടസ്സം ഭേദിക്കാനായാൽ വാരമധ്യത്തിന് ശേഷം 38,41438,909 പോയന്റിലേക്ക് മുന്നേറാം.
നിഫ്റ്റി മൂന്നാഴ്ച മുൻപ് 11,908 പോയന്റിൽ തുടങ്ങിയ തളർച്ചയിൽ ഇതിനകം 698 പോയന്റ് ഇടിഞ്ഞു. പിന്നിട്ടവാരം 11,390 ൽ തുടങ്ങിയ ഇടിവ് 11,210 വരെ തുടർന്നങ്കിലും മുൻവാരം ഇതേ കോളത്തിൽ വ്യക്തമാക്കിയ സാങ്കേതിക താങ്ങായ 11,201 നിലനിർത്താൻ വിപണിക്കായി. വാരാന്ത്യം സൂചിക 11,284 പോയന്റിലാണ്. 20 ഡി എം എ വിപണിയുടെ രക്ഷക്ക് എത്തുമോ, നിക്ഷേപകരുടെ എല്ലാ പ്രതീക്ഷകളും 11,135 പോയന്റിലാണ്. ഈ താങ്ങ് നിലനിർത്താൻ നിഫ്റ്റിക്കായാൽ പുൾ ബാക്ക് റാലിയിൽ 50 ഡി എം എ ആയ 11,726 പോയന്റ് ലക്ഷ്യമാക്കി തിരിച്ചു വരവിന് ശ്രമിക്കാം. ഈവാരം ആദ്യ സപ്പോർട്ട് 11,199 ലാണ്. മുന്നേറിയാൽ 11,379-11.474 പോയന്റിൽ തടസ്സം നേരിടാം. ക്രൂഡ് ഓയിൽ വില ബാരലിന് 62.27 ഡോളറിൽ നിന്ന് 64.21 വരെ ഉയർന്ന ശേഷം ക്ലോസിങിൽ 63.29 ലാണ്. സ്വർണ വില ട്രോയ് ഔൺസിന് 1424 ഡോളറിൽ നിന്ന് കൂടുതൽ മികവിന് അവസരം ലഭിക്കാതെ 1411 ഡോളറിലേക്ക് താഴ്ന്ന ശേഷം 1414 ഡോളറിലാണ്.