Sorry, you need to enable JavaScript to visit this website.

അനിവാര്യ കാരണങ്ങളാല്‍ നോട്ട് മാറാന്‍ കഴിയാത്തവര്‍ക്ക് അവസരം നല്‍കണം-സുപ്രീം കോടതി

ന്യൂദല്‍ഹി- അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകള്‍ യഥാര്‍ഥ കാരണങ്ങളാല്‍ മാറാന്‍ സാധിക്കാത്തവര്‍ക്ക് ഇനിയും അവസരം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും റിസര്‍വ് ബാങ്കിനോടും സുപ്രീം കോടതി നിര്‍ദേശിച്ചു. സന്ധ്യസന്ധരായ ആളുകള്‍ക്ക് നഷ്ടം സംഭവിക്കാന്‍ പാടില്ലെന്നാണ് ഉത്തരവ്.

യഥാര്‍ഥ കാരണങ്ങളാല്‍ നോട്ടുകള്‍ നിക്ഷേപിക്കാന്‍ കഴിയാത്തവര്‍ക്ക് അതിനു വീണ്ടും വഴി തുറക്കാന്‍ പരമോന്നത നീതിപിഠം കേന്ദ്ര സര്‍ക്കാരിന് രണ്ടാഴ്ചത്തെ  സമയം അനുവദിച്ചു.

തന്റേതല്ലാത്ത കാരണത്താല്‍ ഒരാള്‍ക്ക് പണം നഷ്ടമാകുന്ന സാഹചര്യമുണ്ടാകാം. ഉദാഹരണത്തിന് നോട്ട് മാറാന്‍ നിശ്ചയിക്കപ്പെട്ട സമയത്ത് ജയിലിലുള്ള ഒരാള്‍ക്ക് അതിനു സാധ്യമാകാതെ വന്നിരിക്കാം. അത്തരക്കാര്‍ക്ക് എന്തു പരിഹാരമാണുള്ളതെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

ഇക്കാര്യത്തില്‍ ഓരോ കേസും പരിശോധിച്ച് അവസരം നല്‍കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സമയം ആവശ്യമാണെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞതിനുശേഷമാണ് സുപ്രീം കോടതി രണ്ടാഴ്ച സമയം അനുവദിച്ചത്.

500,1000 നോട്ടുകള്‍ 2016 നവംബര്‍ എട്ടിനാണ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്. ഈ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് ഡിസംബര്‍ 30 വരെ സാധാരണക്കാര്‍ക്ക് സമയം അനുവദിച്ചു. നിശ്ചിത സമയത്ത് നോട്ടുകാള്‍ മാറാന്‍ സാധിക്കാത്തവര്‍ക്ക് 2017 മാര്‍ച്ച് 31 വരെ ആര്‍.ബി.ഐ ബ്രാഞ്ചുകളില്‍നിന്ന് മാറ്റിയെടുക്കാന്‍ ഉപാധികളോടെ അവസരം നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇത് വിദേശത്തുള്ളവര്‍ക്കും വിദൂരപ്രദേശങ്ങളില്‍ സൈനിക സേവനം അനുഷ്ടിക്കുന്നവര്‍ക്കും മാത്രമായിരിക്കുമെന്ന് പിന്നീട് തിരുത്തി.
പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപന പ്രകാരം മാര്‍ച്ച് 31 വരെ സമയം നല്‍കാത്തതിനെ ചോദ്യം ചെയ്ത് സുധാ മിശ്ര അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിച്ച ശേഷമാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍, ജസ്റ്റിസ് ഡി.വൈ ചന്ദചൂഡ്, എസ്.കെ. കൗള്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹരജികളില്‍ വാദം കേട്ടത്.

വീണ്ടും അവസരം നല്‍കി ആശ്വാസ നടപടി സ്വീകരിക്കുകയാണെങ്കില്‍ തന്നെ അത് ഓരോ കേസിലുമായിരിക്കില്ലെന്നും പൊതുജനങ്ങള്‍ക്കായിരിക്കുമെന്നും ഏപ്രിലില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

പലകാരണങ്ങളാല്‍ നോട്ട് മാറ്റാന്‍ കഴിയാതെ കുടുങ്ങിയവര്‍ക്ക് ഇത് വലിയ ആശ്വാസമാണ് നല്‍കിയത്. ഡിസംബര്‍ 30 നകം പൊതുവായി സമയം നല്‍കേണ്ടതില്ലെന്ന് ബോധപൂര്‍വം തീരുമാനിച്ചതാണെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

Latest News