കൊച്ചി- കേരളത്തിൽ നിന്നും മറ്റൊരു ഭൂഗർഭ മത്സ്യം കൂടി കണ്ടെത്തി. വരാൽ വിഭാഗത്തിൽപെട്ട ഈ മത്സ്യം നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്സ് റിസോഴസസ് (എൻ.ബി.എഫ്.ജി.ആർ.) കൊച്ചി കേന്ദ്രത്തിലെ ഗവേഷകരാണ് കണ്ടെത്തിയത്. ചുവന്ന നിറത്തിൽ നീളമുള്ള ശരീരത്തോട് കൂടിയ ഈ ചെറിയ മത്സ്യം തിരുവല്ല സ്വദേശി അരുൺ വിശ്വനാഥിന്റെ വീട്ടിലെ കിണറ്റിൽ നിന്നാണ് ലഭിച്ചത്. ഗവേഷകർ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഭുഗർഭ വരാൽ ഇനത്തിലെ ലോകത്ത് തന്നെ രണ്ടാമത്തെ മത്സ്യമാണിതെന്ന് തിരിച്ചറിഞ്ഞത്. എൻ.ബി.എഫ്.ജി.ആറിലെ ഗവേഷകനായ രാഹുൽ ജി. കുമാറിന്റെ നേതൃത്വത്തിലെ ഗവേഷക സംഘം മഹാബലി എന്നാണ് ഇതിന് ശാസത്രീയ നാമം നൽകിയിരിക്കുന്നത്.
നേരത്തെ, മലപ്പുറം ജില്ലയിൽ നിന്നും ഇതിന് സമാനമായ ഒരു മത്സ്യത്തെ കണ്ടെത്തിയിരുന്നു. ലോകത്താകമാനം ഭൂഗർഭ ജലാശയങ്ങളിൽ നിന്ന് 250 ഇനം മത്സ്യങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഏഴ് മത്സ്യങ്ങൾ കേരളത്തിലാണുള്ളത്. ഇന്ത്യയിൽ, ഭൂഗർഭ ജലാശയ മത്സ്യ വൈവിധ്യങ്ങളുടെ പ്രഭവ കേന്ദ്രമായി കേരളം മാറിയിരിക്കുകയാണെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. ഇത്തരം മത്സ്യയിനങ്ങൾ കണ്ടെത്താൻ ഇനിയും സാധ്യതയുള്ളതിനാൽ ഈ മേഖലയിൽ കൂടുതൽ പഠനം നടത്തേണ്ടത് അനിവാര്യമാണെന്നും അവർ പറഞ്ഞു.
ഭൂഗർഭ മത്സ്യങ്ങളുടെ സാന്നിധ്യം, അതാത് ജലാശയങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരമാണ് വെളിപ്പെടുത്തുന്നത്.
ഈ കാരണത്താൽ, ഇത്തരം മത്സ്യങ്ങളെ സംരക്ഷിക്കേണ്ടത് ശുദ്ധജല ലഭ്യത നിലനിർത്തുന്നതിന് അനിവാര്യമാണെന്ന്ാണ് ഗവേഷകരുടെ അഭിപ്രായം.
കേരളത്തിൽ 300 ലധികം ശുദ്ധജല മത്സ്യങ്ങളുണ്ട്. ഇതിൽ മൂന്നിലൊരു ഭാഗം തദ്ദേശീയ മത്സ്യങ്ങളാണ്. എന്നാൽ, ഭൂഗർഭ ജലാശലയങ്ങളിൽ കണ്ടെത്തപ്പെടാതെ ഇനിയും മത്സ്്യങ്ങളുണ്ടാകാമെന്നാണ് ഗവേഷകരുടെ നിഗമനം. കിണറുകളിലോ മറ്റ് ഭൂഗർഭ ജലാശയങ്ങളിലോ ഇത്തരം മീനുകളെ കണ്ടെത്തുന്നവർ കൊച്ചിയിലെ എൻ.ബി.എഫ്.ജി.ആർ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും അവർ അറിയിച്ചു -
ഫോൺ- 0484 239570