Sorry, you need to enable JavaScript to visit this website.

കശ്മീരികള്‍ മികച്ച ഭരണം കൊതിക്കുന്നു- പ്രധാനമന്ത്രി

ന്യൂദല്‍ഹി- വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വെടിയുണ്ടകളെക്കാളും ബോംബിനെക്കാളും ശക്തിയുണ്ടെന്നും വിദ്വേഷം പ്രചരിപ്പിച്ച് കശ്മീരിലെ വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ഒരിക്കലും വിജയിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു കശ്മീരില്‍ ജൂണില്‍ നടത്തിയ ബാക്ക് ടു വില്ലേജ് പരിപാടിയില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. വിദൂര ഗ്രാമവാസികള്‍ പോലും ആവേശത്തോടെ പരിപാടിയില്‍ പങ്കെടുക്കാനെത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഗ്രാമവാസികളുമായി വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉത്സാഹംകാട്ടി. കശ്മീരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ജനങ്ങള്‍ക്കുള്ള താത്പര്യം വ്യക്തമാക്കുന്നതായിരുന്നു ഇതെല്ലാം. കശ്മീരിലെ ജനങ്ങള്‍ മികച്ച ഭരണം ആഗ്രഹിക്കുന്നുവെന്നാണ് അവര്‍ വ്യക്തമാക്കിയത്.
വികസന പ്രവര്‍ത്തനത്തിന് വെടിയുണ്ടകളെക്കാളും ബോംബിനെക്കാളും ശക്തിയുണ്ടെന്നാണ് ഇതിലൂടെ വ്യക്തമായത്. ഗ്രാമീണരുടെ വീട്ടുപടിക്കല്‍ ആദ്യമായി ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി.  4,500 പഞ്ചായത്തുകളിലെ ഗ്രാമവാസികളുടെ വീട്ടുപടിക്കല്‍ ആദ്യമായാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എത്തിയത്. പാക് സൈന്യത്തിന്റെ വെടിവെപ്പ് ഭയന്നു കഴിയുന്ന അതിര്‍ത്തി ഗ്രാമങ്ങള്‍ അടക്കമുള്ളവയാണ് ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചത്. ഭീകരവാദികളുടെ സാന്നിധ്യമുള്ള ഷോപിയാന്‍, പുല്‍വാമ, കുല്‍ഗാം, അനന്തനാഗ് ജില്ലകളിലെ വീടുകളും സന്ദര്‍ശിച്ചു.
കശ്മീരിലെ ജനങ്ങളുടെ ആതിഥ്യമര്യാദ ടൂറിസം വികസനത്തിന് അനുകൂല ഘടകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.  25 മിനിറ്റ് നീണ്ടു നിന്ന പ്രസംഗത്തില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം വന്‍ ജനപങ്കാളിത്തത്തോടെ ആഘോഷമാക്കണമെന്നു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അമര്‍നാഥ് തീര്‍ഥാടനത്തെ കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി ജൂലൈ ഒന്നു വരെ മൂന്ന് ലക്ഷത്തോളം തീര്‍ഥാടകരാണ് അമര്‍നാഥ് യാത്ര പൂര്‍ത്തായാക്കിയതെന്നും ഇത് 2015 ലെ 60 ദിവസത്തെ കണക്കുകളെ ബഹുദൂരം പിന്നിലാക്കുന്നതാണെന്നും  പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി  പറഞ്ഞു.

 

Latest News