വയറുവേദനക്ക് കോണ്ടം നിര്‍ദേശിച്ച ഡോക്ടര്‍ക്കെതിരെ അന്വേഷണം

റാഞ്ചി- ജാര്‍ഖണ്ഡില്‍ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിക്ക് ഗര്‍ഭനിരോധന ഉറ നിര്‍ദേശിച്ച ഡോക്ടര്‍ക്കെതിരെ അന്വേഷണം. വെസ്റ്റ് സിങ്ഭൂം ജില്ലയിലെ ഘാട്ട്ശില സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ അഷ്‌റഫ് ബദറിനെതിരെയാണ് അന്വേഷണം. എന്നാല്‍ ആരോപണം ഡോക്ടര്‍ നിഷേധിച്ചു.
ക്ലാസ് ഫോര്‍ ജീവനക്കാരിയായ യുവതിയാണ് ചികിത്സയ്ക്കായി ഡോ. അഷ്‌റഫ് ബദറിനെ സമീപിച്ചത്. പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍ നല്‍കിയ ചീട്ടുമായി മരുന്ന് കടയിലെത്തിയപ്പോഴാണ് ഡോക്ടര്‍ മരുന്നായി കുറിച്ചത് ഗര്‍ഭ നിരോധന ഉറയാണെന്ന് മനസ്സിലാകുന്നത്. ഇതേക്കുറിച്ച് യുവതി  ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്ക് പരാതി നല്‍കിയിരുന്നു.
ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നേതാവ് വിഷയം നിയമസഭയില്‍ ഉന്നയിച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. സര്‍ക്കാര്‍ നിയമിച്ച മെഡിക്കല്‍ സംഘം വിഷയത്തില്‍ അന്വേഷണം ആരംഭിച്ചരിക്കയാണ്. ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തിലാണ് അഷ്‌റഫ് ബദര്‍ ജോലി ചെയ്യുന്നത്.

 

Latest News