പലിശപ്പണം ചോദിച്ച് ഭീഷണിപ്പെടുത്തി; ബ്ലേഡ് സ്ത്രീകളെ കര്‍ഷകന്‍ കൊലപ്പെടുത്തി

അഹമ്മദാബാദ്- പലിശക്കു നല്‍കിയ വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ഭീഷണിപ്പെടുത്തിയ യുവതിയെയും യുവതിയുടെ അമ്മയെയും കൊലപ്പെടുത്തിയ കര്‍ഷകനെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ സുരേന്ദ്ര നഗര്‍ ജില്ലയിലാണ് സംഭവം. പുരുഷോത്തം ദോദിയ  എന്ന 50 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.  
ഇരുവരുടെയും പക്കല്‍നിന്ന് ഇദ്ദേഹമെടുത്ത വായ്പയുടെ തിരിച്ചടവിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലക്ക് കാരണമായത്. ഭാവിക ഭട്ട് (45),  അമ്മ സൂര്യ ഭട്ട് (70) എന്നിവരെയാണ് പുരുഷോത്തം ദോദിയ വെട്ടി കൊലപ്പെടുത്തിയത്. യുവതിയും അമ്മയും പ്രദേശത്തെ കുപ്രസിദ്ധ ബ്ലേഡുകാരാണെന്ന്  പോലീസ് പറഞ്ഞു. പണം ചോദിക്കാനെത്തിയ ഭാവിക ഭട്ടിനെ വാള് കൊണ്ട് വെട്ടിക്കൊന്ന ശേഷം അഞ്ചു കിലോമീറ്റര്‍ അകലെയെത്തി യുവതിയുടെ അമ്മയായ സൂര്യ ഭട്ടിനെയും കൊലപ്പെടുത്തുകയായിരുന്നു.
കൃഷിഭൂമിയും വീടും പണയം നല്‍കിയാണ് ഇവരില്‍നിന്ന്  പുരുഷോത്തം ദോദിയ ഉയര്‍ന്ന പലിശക്ക് പണം വാങ്ങിയിരുന്നത്. പണം തിരിച്ചടക്കാനായി ഇരുവരും ഇയാളെ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
പണം ചോദിക്കാനായി ഇയാളുടെ വീട്ടിലെത്തിയ യുവതി തിരിച്ചടവിനെ പറ്റി തര്‍ക്കത്തിലേര്‍പ്പെടുകയും പ്രതിയെ അധിക്ഷേപിക്കുകയും ചെയ്തതോടെ ഇയാള്‍ വാളെടുത്തു വീശുകയായിരുന്നു. വെട്ടേറ്റ യുവതി വീട്ടില്‍ നിന്നിറങ്ങിയോടിയെങ്കിലും പിറകെയെത്തിയ ദോദിയ മരണം ഉറപ്പിക്കാനായി നിരവധി തവണവെട്ടി. യുവതിയെ കൊലപ്പെടുത്തിയ ശേഷം സ്വന്തം കാറില്‍ അഞ്ച് കിലോമീറ്റര്‍ അകലെയെത്തിയാണ് യുവതിയുടെ അമ്മയെ കൊലപ്പെടുത്തിയത്.

 

Latest News