Sorry, you need to enable JavaScript to visit this website.

വിട പറഞ്ഞത് സൗദി-ഇംഗ്ലീഷ് മാധ്യമ രംഗത്തെ അതികായൻ

ഫാറൂഖ് ലുഖ്മാനും എഡിറ്റർ ഇൻ ചീഫ് താരിഖ് മിഷ്‌കസും

സൗദി അറേബ്യയുടെ ഇംഗ്ലീഷ് പത്രപ്രവർത്തന രംഗത്തെ അതികായനായിരുന്നു ഇന്നലെ ജിദ്ദയിൽ അന്തരിച്ച ഫാറൂഖ് ലുഖ്മാൻ. ഏറെക്കാലമായി രോഗബാധിതനായിരുന്ന അദ്ദേഹം കിടപ്പിലാവുന്നതു വരെ വാർത്തകളുടെ ലോകത്ത് സജീവമായിരുന്നു. പത്രപ്രവർത്തന മേഖലയിൽ അദ്ദേഹത്തിന്റെ അനർഘ സംഭാവനകൾ സ്മരിക്കുമ്പോൾ ഏറെ പ്രതിബന്ധങ്ങളിലൂടെയും പ്രയാസങ്ങളിലൂടെയുമാണ് അദ്ദേഹം കടന്നുപോയത് എന്നു കാണാം. ജിദ്ദയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന അറബ് ന്യൂസ് മധ്യപൗരസ്ത്യ ദേശത്തെ പ്രമുഖ പത്രമാക്കി മാറ്റിയതിന് പിന്നിൽ അദ്ദേഹത്തിന്റെ നിതാന്ത ജാഗ്രതയുണ്ടായിരുന്നു. വിരമിക്കുന്നതുവരെ ഈ പത്രത്തിന്റെ എഡിറ്റോറിയൽ വിഭാഗത്തിന്റെ കടിഞ്ഞാൺ ഇദ്ദേഹത്തിന്റെ കൈകളിൽ നിക്ഷിപ്തമായിരുന്നു. തുടർന്ന് ഉർദു ന്യൂസ്, പിറകെ മലയാളം ന്യൂസ് എന്നീ പത്രങ്ങളെ പ്രവാസികളുടെ മിടിപ്പറിയുന്ന പ്രമുഖ ജിഹ്വകളാക്കി മാറ്റിയതിന്റെ ക്രെഡിറ്റും തീർച്ചയായും ഫാറൂഖ് ലുഖ്മാന് തന്നെ. പ്രിൻസ് അഹമ്മദ് ബിൻ സൽമാൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ജേണലിസത്തിലെ അധ്യാപകനായും സേവനമനുഷ്ഠിച്ചു. സൗദി ജേണലിസത്തിന്റെ കാലോചിത മാറ്റത്തിൽ ലുഖ്മാന്റെ വിരൽപാടുകൾ പതിഞ്ഞു കിടക്കുന്നു. 
തന്റെ വർഷങ്ങൾ നീണ്ട പത്രപ്രവർത്തന രംഗത്തുനിന്ന് 2012 ൽ മലയാളം ന്യൂസ് ചീഫ് എഡിറ്റർ സ്ഥാനത്ത് നിന്ന് വിരമിക്കുമ്പോൾ മാധുര്യമൂറുന്ന അനുഭവങ്ങൾ ഓർക്കാനുണ്ടായിരുന്നു അദ്ദേഹത്തിന്. ഇന്ദിരാഗാന്ധി, ഫെർഡിനന്റ് മാർക്കോസ്, ഫിലിപ്പൈൻസിലെ മുസ്‌ലിം നേതാവ് നൂർ മസൂരി, ബേനസീർ ഭുട്ടോ അടക്കം നിരവധി രാഷ്ട്ര നേതാക്കളുമായി ഫാറൂഖ് ലുഖ്മാൻ അഭിമുഖം നടത്തിയിട്ടുണ്ട്. അശ്ശർഖുൽ ഔസത്ത്, അൽഇഖ്തിസാദിയ, അൽസബാഹിയ ഇന്റർനാഷണൽ, അൽഇത്തിഹാദ്, യെമൻ പത്രങ്ങളായ ഒക്ടോബർ, അൽഅയ്യാം തുടങ്ങി നിരവധി ആനുകാലികങ്ങളിൽ അദ്ദേഹം എഴുതിയ ആയിരക്കണക്കിന് ലേഖനങ്ങൾ വായനക്കാർ നെഞ്ചോട് ചേർത്തു. അതിരുകളില്ലാത്ത ലോകം, ഇന്ത്യയിലെ സുഗന്ധദ്രവ്യങ്ങൾ എന്നീ പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
സൃഷ്ടികൾ രചിക്കുന്നതിലും വാർത്തകൾ എഴുതുന്നതിലും തന്റേതായ ശൈലി അദ്ദേഹം വികസിപ്പിച്ചിരുന്നു.
'എന്റെ മുന്നിൽ 24 മണിക്കൂറും തുറന്നുവെച്ച സ്‌ക്രീനിൽ അറബിയിലും ഇംഗ്ലീഷിലുമായി വാർത്തകൾ തെളിഞ്ഞുകൊണ്ടിരിക്കുമ്പോൾ മറ്റുള്ളവർ എഴുതുന്നത് അതേപടി ഞാൻ എഴുതുകയില്ല. എന്റെ സമയത്തിന്റെ മുക്കാൽ ഭാഗവും ആ സ്‌ക്രീനിനു മുന്നിലാണ് ചെലവഴിക്കാറുള്ളത്. അതോടൊപ്പം വീട്ടിലിരുന്നും വിമാന യാത്രയിലും ട്രെയിൻ യാത്രയിലും ഹോട്ടലുകളിലെ നീന്തൽ കുളത്തിനരികിലും ഞാൻ വായനയിൽ മുഴുകും. വിവര ശേഖരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വിചക്ഷണരെയും രാഷ്ട്രീയക്കാരെയും ബന്ധപ്പെടാനും മറ്റും ടെലിഫോണും കംപ്യൂട്ടറും ആശ്രയിക്കും. ഏതെങ്കിലും ഒരു വിവരം എന്നെ അത്ഭുതപ്പെടുത്തിയാൽ അതിന്റെ അന്തഃസത്ത ചോരാതെ ജനങ്ങളിലേക്കെത്തിക്കുന്നത് വരെ വിശ്രമമുണ്ടാവില്ല. ജനങ്ങൾ അറിയേണ്ട പ്രധാനപ്പെട്ട കാര്യം അത് എത്ര ചെറിയതാണെങ്കിലും ഒന്നാം പേജിൽ പ്രസിദ്ധീകരിക്കുന്ന പാശ്ചാത്യ പത്രപ്രവർത്തന രീതി എന്നെ ഏറെ ആകർഷിച്ചിട്ടുണ്ട്' -പത്ര പ്രവർത്തന മേഖലയിൽ ഏദൻ കുടുംബ പാരമ്പര്യമുള്ള, അറേബ്യൻ ഉപദ്വീപിൽ ആദ്യമായി ഒരു പത്രത്തിന്റെ ഉടമയായ മുഹമ്മദ് അലി ലുഖ്മാന്റെ മകനായ ഈ പത്രപ്രവർത്തകന്റെ വീക്ഷണമായിരുന്നു ഇത്. 
എൺപതുകളുടെ അവസാനത്തിൽ അശ്ശർഖുൽ ഔസത്തിൽ അദ്ദേഹത്തിന്റെ അതിരുകളില്ലാത്ത ലോകമെന്ന കോളം വായനക്കാരുടെ ഇഷ്ട കോളമായിരുന്നു. അധികം നീട്ടിവലിക്കാതെ വിഷയത്തിന്റെ ഉൾക്കാമ്പ് മാത്രം 400 വാക്യത്തിൽ കവിയാത്ത രീതിയിൽ വശ്യമനോഹര ശൈലിയിലായിരുന്നു അദ്ദേഹം ആ കോളം കൈകാര്യം ചെയ്തിരുന്നത്. ജപ്പാന്റെ വ്യാവസായിക വളർച്ച മുതൽ യൂറോപ്പിന്റെ ജനസംഖ്യാ നിരക്കിലെ താഴ്ച വരെയുള്ള ചെറുതും വലുതുമായ വിഷയങ്ങൾ സ്വതഃസിദ്ധമായ ശൈലിയിൽ എല്ലാ വായനക്കാർക്കും മനസ്സിലാകുന്ന വിധത്തിൽ അദ്ദേഹം അവതരിപ്പിക്കുമായിരുന്നു.
തൊണ്ണൂറുകളുടെ തുടക്കത്തിൽ എസ്.ആർ.പി.സി പത്രപ്രവർത്തന പരിശീലന കോഴ്‌സ് ആരംഭിച്ചപ്പോൾ അതിലെ ഇംഗ്ലീഷ് പത്രപ്രവർത്തക പരിശീലകനായിരുന്നു ഫാറൂഖ് ലുഖ്മാൻ. അദ്ദേഹത്തിന്റെ ശിഷ്യൻമാരിൽ ഭൂരിഭാഗവും പിൽക്കാലത്ത് അറിയപ്പെടുന്ന പത്രപ്രവർത്തകരായി മാറി. അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചതിന്റെ സുവർണ സ്മരണകൾ മറക്കാനാവില്ല. ഉസ്താദ് ഫാറൂഖ് ലുഖ്മാന്റെ പരലോക ശാന്തിക്കായി പ്രാർഥിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
 

Latest News