തീരുമാനം ഇംറാന്‍ ഖാന്റെ സന്ദര്‍ശനത്തിനു പിന്നാലെ
സുരക്ഷാ സഹായം മരവിപ്പിച്ച നടപടിയില്‍ മാറ്റമില്ലെന്നും അമേരിക്ക
വാഷിംഗ്ടണ്‍- പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനു പിന്നാലെ പാക്കിസ്ഥാന് 125 മില്യണ്‍ ഡോളറിന്റെ ആയുധ വില്‍പനക്ക് യു.എസ് സര്‍ക്കാര്‍ അംഗീകാരം നല്‍കി. പാക്കിസ്ഥാന്റെ എഫ് 16 വിമാനങ്ങള്‍ക്ക് മുഴുവന്‍ സമയവും സാങ്കേതിക സുരക്ഷയും മേല്‍നോട്ടവും ഒരുക്കുന്നതിന് അനുമതി നല്‍കുന്നതായി പെന്റഗണ്‍ യു.എസ് കോണ്‍ഗ്രസില്‍ അറിയിച്ചു. ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ ഏറ്റവും ഒടുവില്‍ ബാലാകോട്ട് ആക്രമണത്തിനു പിന്നാലെ എഫ്16 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചിരുന്നു.
പാക്കിസ്ഥാനു യു.എസ് നല്‍കിയിരുന്ന സുരക്ഷാസഹായങ്ങള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരം 2018 മുതല്‍ മരവിപ്പിച്ചിരുന്നു. പുതിയ കരാറോടെ എഫ് 16 വിമാനങ്ങള്‍ക്ക് 24 മണിക്കൂറും ഉപയോഗത്തിനും നിരീക്ഷണത്തിനുമുള്ള സഹായം ലഭ്യമാകും. കരാറുകാരുടെ അറുപതോളം പ്രതിനിധികളെ ഇതിനായി നിയോഗിക്കുമെന്നാണ് സൂചന.
സുരക്ഷാ സഹായം മരവിപ്പിച്ച നടപടിയില്‍ മാറ്റം വരുത്തുകയല്ലെന്നും പാക്കിസ്ഥാനുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിന് ചില സുരക്ഷാ സഹായങ്ങള്‍ പുനഃസ്ഥാപിക്കുകയാണെന്നും യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് അറിയിച്ചു. യു.എസ് വിദേശ നയവും ദേശീയ സുരക്ഷയും സംരക്ഷിച്ചുകൊണ്ട് തന്നെ യുഎസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പാക്കിസ്ഥാന് സാങ്കേതിക സഹായം ലഭ്യമാക്കാനാണ് തീരുമാനം.
പാക്കിസ്ഥാനിലെ ബാലാകോട്ട് ഇന്ത്യ നടത്തിയ സൈനിക നടപടിക്കു പിന്നാലെ പാക്കിസ്ഥാന്‍ എഫ്-16 പോര്‍വിമാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ശ്രമിച്ചിരുന്നു. സാങ്കേതിക വിദ്യയുടെ വില്‍പന മേഖലയിലെ അടിസ്ഥാന സൈനിക ബലാബലത്തില്‍ മാറ്റം വരുത്തില്ലെന്ന് പെന്റഗണ്‍ പ്രസ്താവനയില്‍ പറയുന്നു. പീസ് ഡ്രൈവ് എഫ്-16 പരിപാടിയുടെ ഭാഗമായി 60 കരാറുകാരുടെ പ്രതിനിധികളുടെ മേല്‍നോട്ടത്തിലായിരിക്കും പാക്കിസ്ഥാന് സാങ്കേതിക സഹായം ലഭ്യമാക്കുക. സമാധാനം എന്ന വാക്ക്് കൂടി ചേര്‍ത്താണ് അമേരിക്ക എഫ്-16 യുദ്ധ വിമാനങ്ങള്‍ വില്‍പന നടത്താറുള്ളത്. 54 എഫ് 16 കള്‍ക്കാണ് പാക്കിസ്ഥാന്‍ ഓര്‍ഡര്‍ നല്‍കിയിരുന്നത്. ആദ്യബാച്ച് 1982 ലാണ് ലഭിച്ചത്. 1963 മുതല്‍ പാക്കിസ്ഥാന്‍ ഉപയോഗിച്ചിരുന്നത് ലോക്കീഡ് മാര്‍ടിന്‍ വിമാനങ്ങളായിരുന്നു.






