ബ്രസീൽ- വിമാനത്താവളത്തിലെത്തിയ ആയുധ ധാരികൾ 40 മില്യൺ ഡോളർ മൂല്യമുള്ള സ്വർണ്ണമുൾപ്പെടെയുള്ള വസ്‌തുക്കൾ കൊള്ളയടിച്ചു. സൗത്ത് അമേരിക്കയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ സാവോപോളോ ഗ്വാർലോസ് വിമാനത്താവള കാർഗോ ടെർമിനലിലാണ് ആയുധ ധാരികൾ കൊള്ളയടിച്ചത്. രണ്ടു പേരെ ബന്ദികളാക്കിയാണ് വസ്‌തുക്കൾ കവർന്നതെന്നു പോലീസ് പറഞ്ഞു. സ്വർണമുൾപ്പെടെയുള്ള വളരെ വിലയേറിയ ലോഹങ്ങളാണ് കവർച്ചക്കാർ കടത്തിയത്. ബ്രസീൽ ഫെഡറൽ പോലീസ് വേഷത്തിൽ കറുത്ത പിക്അപ്പ് വാനിൽ എത്തിയ നാലംഗ സംഘമാണ് സ്വർണ്ണം കടത്തിയത്. സ്ഥലത്തെ സി സി ടി വി ദൃശ്യത്തിൽ സംഭവം പതിഞ്ഞിട്ടുണ്ട്. എന്നാൽ മുഖം മറച്ചതിനാൽ ആളുകളെ തിരിച്ചറിയാനായിട്ടില്ല. നാലംഗ സംഘത്തിലെ ഒരാളുടെ അടുത്ത് മാത്രമാണ് തോക്ക് ഉണ്ടായിരുന്നത്. ഒരാൾ എയർപോർട്ട് ജീവക്കാരുമായി തർക്കത്തിലേർപ്പെടുന്ന സമയത്ത് മറ്റുള്ളവർ സാധനങ്ങൾ പിക്ക്അപ്പ് വാഹനത്തിൽ നിറക്കുന്ന തിരക്കിലായിരുന്നു.
സ്വർണ്ണമുൾപ്പെടയുള്ള 750 കിലോ വിലയേറിയ ലോഹ വസ്തുക്കളാണ് സംഘം വിമാനത്താവളത്തിൽ നിന്നും കടത്തിയതെന്ന് പോലീസ് വെളിപ്പെടുത്തി. ഇതിൽ ബഹുഭൂരിഭാഗവും സ്വർണ്ണമാണെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ രണ്ടു എയർപോർട്ട് ജീവനക്കാരെ ഇവർ ബന്ദികളാക്കുകയും ചെയ്‌തിരുന്നു. ജീവനക്കാരിൽ ആരെയും കൊള്ള സംഘം ഉപദ്രവിച്ചില്ലെന്ന് വ്യക്തമാക്കിയ വിമാനത്താവള വക്താവ് ബന്ദികളാക്കിയതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു പറയാൻ വിസമ്മതിച്ചു.






