സിൽകോണിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് പി.സി. ജോർജ് എംഎൽഎക്ക് ക്ഷണമില്ല, നാട്ടുകാരുടെ അഭിനന്ദന പ്രവാഹം

ഈരാറ്റുപേട്ട - ഈരാറ്റുപേട്ടയിൽ ഇന്ന് പ്രവർത്തനമാരംഭിച്ച പ്രമുഖ ചെരുപ്പ് കമ്പനിയായ സിൽകോണിന്റെ ഷോറൂം ഉദ്ഘാടന ചടങ്ങിൽനിന്ന് സ്ഥലം എം.എൽ.എ പി.സി. ജോർജിനെ ഒഴിവാക്കിയ ഉടമകൾക്ക് അഭിനന്ദനവുമായി നാട്ടുകാർ. ഉദ്ഘാടന ചടങ്ങിന്റെ ഫോട്ടോകൾക്ക് താഴെ നിരവധി നാട്ടുകാരാണ് അഭിനന്ദന കമന്റുകൾ ഇടുന്നത്. ഈരാറ്റുപേട്ടയിൽ നടക്കുന്ന ചടങ്ങുകളിൽനിന്നെല്ലാം പി.സി. ജോർജ് എം.എൽ.എക്ക് അപ്രഖ്യാപിത വിലക്കാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. 
ഷോറൂം ഉദ്ഘാടനത്തിന് സജ്ജമാകുമ്പോൾ തന്നെ എം.എൽ.എയെ പങ്കെടുപ്പിക്കരുതെന്ന് ജനങ്ങൾ സോഷ്യൽ മീഡിയയിൽ അഭിപ്രായം പങ്കുവെച്ചിരുന്നു. ഈ അഭിപ്രായ പ്രകടനങ്ങൾ ഉടമകളെ സ്വാധീനിച്ചു എന്ന് വേണം കരുതാൻ. 
ഈരാറ്റുപേട്ടക്കും മുസ്‌ലിങ്ങൾക്കുമെതിരെ എം.എൽ.എ പല സമയങ്ങളിലായി നടത്തിയ വിദ്വേഷ പരാമർശത്തെ തുടർന്നുള്ള പ്രതിഷേധം നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഉടമകളുടെ തീരുമാനമെന്ന് കരുതുന്നു. 
ഇന്നു രാവിലെ ചലച്ചിത്ര നടൻ സിജോയ് വർഗീസാണ് ഷോ റൂമിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ആന്റോ ആന്റണി എംപി, നഗരസഭാ ചെയർമാൻ വി.കെ. കബീർ, വൈസ് ചെയർപേഴ്‌സൺ ബൽക്കീസ് നവാസ്, പള്ളി ഇമാമുമാർ, അരുവിത്തുറ പള്ളി വികാരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 
 

Latest News