അസർബൈജാൻ- അസർബൈജാൻ തീരത്ത് അപകടത്തിൽ പെട്ട ഇറാൻ കാർഗോ കപ്പലിൽ നിന്നും രണ്ടു ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തി. അസർബൈജാനിലെ ബകുവിലെ ലങ്കരൻ തുറമുഖത്താണ് ഇറാന്റെ ചരക്കു കപ്പൽ ശബഹാങ് അപകടത്തിൽ പെട്ടത്. പൂർണ്ണമായും മുങ്ങിയ കപ്പലിൽ നിന്നും രണ്ടു ഇന്ത്യക്കാരുൾപ്പെടെ ഒമ്പത് പേരെയാണ് രക്ഷപ്പെടുത്തിയത്. ബാക്കിയുള്ളവർ ഇറാൻ പൗരന്മാരാണെന്നു ഇറാൻ തുറമുഖ നാവിക ഓർഗനൈസേഷൻ ഡെപ്യൂട്ടി തലവൻ അറിയിച്ചു. വെള്ളിയാഴ്ച്ചയാണ് അസർബൈജാനിലെ അസരി ജലപാതയിൽ കപ്പൽ അപകടത്തിൽ പെട്ടത്. മുങ്ങിത്തുടങ്ങിയ കപ്പലിൽ നിന്നും കപ്പൽ ഉദ്യോഗസ്ഥരെ അസർബൈജാൻ ദേശീയ നാവിക അക്കാദമി സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്. ഹെലികോപ്റ്ററുകളും പട്രോളിംഗ് കപ്പലുകളും ദൗത്യത്തിൽ പങ്കെടുത്തു. കപ്പൽ പൂർണ്ണമായും മുങ്ങിയെന്നും ഒമ്പത് പേരെയും രക്ഷപ്പെടുത്തിയെന്നും ഇറാൻ ഉദ്യോഗസ്ഥൻ ജലീൽ ഇസ്‌ലാമി അറിയിച്ചു. ചോർച്ചയാണ് കപ്പൽ മുങ്ങാനുള്ള കാരണം. ഇറാനിലെ അൻസലി തുറമുഖത്തു നിന്നും റഷ്യയിലെ മഘചക്കല തുറമുഖത്തേക്ക് ചരക്കുമായി പോകുകയായിരുന്നു കപ്പൽ. അസർബൈജാനിലെ അസ്‌തര തുറമുഖത്ത് നിന്നും 37 കിലോമീറ്റർ അകലെയാണ് കപ്പൽ മുങ്ങിയതെന്നു അസരി ജലപാത അധികൃതർ അറിയിച്ചു.