എഴുത്തുകാരനും മുസ്‌ലിം ലീഗ് നേതാവുമായ എം ഐ തങ്ങൾ അന്തരിച്ചു

കോഴിക്കോട്- മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന എം.ഐ തങ്ങള്‍ അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ പത്രാധിപരായിരുന്നു. പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, വിവര്‍ത്തകന്‍ എന്നീനിലകളില്‍ പ്രശസ്തനായിരുന്നു. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവിൽ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റാണ്. ചന്ദ്രിക ദിനപത്രത്തില്‍ സബ് എഡിറ്ററായി തുടങ്ങിയ അദ്ദേഹം പിന്നീട് ചന്ദ്രിക ദിനപത്രത്തിന്റെ എഡിറ്ററായി. വര്‍ത്തമാനം ദിനപത്രത്തിന്റെ എക്സിക്യുട്ടീവ് എഡിറ്ററും മാപ്പിളനാട് പത്രത്തിന്റെ പത്രാധിപരുമായും പ്രവര്‍ത്തിച്ചു. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
           ആത്മീയതയുടെ അഗ്നിനാളങ്ങള്‍, മുസ്‌ലിം രാഷ്ട്രീയം ഇന്ത്യയില്‍, ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റ കഥ, ആഗോള വല്‍ക്കരണത്തിന്റെ അനന്തരഫലങ്ങള്‍, സര്‍ സയ്യിദ് ജീവചരിത്രം എന്നിവയാണ് പ്രധാന കൃതികള്‍. ഫിഖ്ഹിന്റ പരിണാമം (അബുആമിന ബിലാല്‍ ഫിലിപ്സ്), നമ്മുടെ നമ്മുടെ സമ്പദ്ശാസ്‌ത്രം (മുഹമ്മദ് ബാഖിര്‍ സദര്‍), ഖുര്‍ആനിലെ പ്രകൃതി രഹസ്യങ്ങള്‍ (ഐ.എ. ഇബ്രാഹിം) എന്നീ കൃതികള്‍ ഇംഗ്ലീഷിലേക്കും വിപ്ലവത്തിന്റ പ്രവാചകന്‍ (മൗലാന വഹീദുദ്ദീന്‍ ഖാന്‍) എന്ന കൃതി ഉറുദുവിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. എ.വി. അബ്ദുറഹിമാന്‍ ഹാജി ഫൗണ്ടേഷന്‍ അവാര്‍ഡ്(2008), ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ മാധ്യമ പുരസ്‌കാരം, അല്‍കോബാര്‍ കെ.എം.സി.സി രജതജൂബിലി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
          മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് കാരക്കുന്നില്‍ എം. കുഞ്ഞക്കോയ തങ്ങളുടെയും ഷരീഫാ ബീവിയുടെയും മകനായാണ് ജനിച്ചത്. ശരീഫാ ശറഫുന്നിസയാണ് ഭാര്യ. ശരീഫാ നജ്മുന്നിസ, ശരീഫാ സബാഹത്തുന്നിസ,സയ്യിദ് ഇന്‍തിഖാബ് ആലം, സയ്യിദ് അമീനുല്‍ അഹ്സന്‍, സയ്യിദ് മുഹമ്മദ് അല്‍താഫ്, സയ്യിദ് മുജ്തബാ വസിം എന്നിവർ മക്കളാണ്. 

Latest News